ഹരിയാന: എക്‌സിറ്റ് ഫലങ്ങളെല്ലാം അനുകൂലം, നാടകീയത നിറഞ്ഞ ഫലപ്രഖ്യാപനത്തിനൊടുവില്‍ കോണ്‍ഗ്രസിന് തോല്‍വി; അന്ന് തന്നെ സംശയം
ന്യൂഡല്‍ഹി: 2024 ഒക്ടോബറില്‍ നടന്ന നാടകീയത നിറഞ്ഞ ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന അന്ന് തന്നെ ചോദ്യങ്ങളുയര്‍ത്തി കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. ഫലം അംഗീകരിക്കില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസ്, ജനഹിതം അട്ടിമറിക്കുന്നതിന്റെയും കൃത്രിമത്വത്തിന്റെയും വിജയമാണ് ഹരിയാനയിലേതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഫലം പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി ജയ്‌റാം രമേശും പാര്‍ട്ടി വക്താവ് പവന്‍ ഖേരയും വാര്‍ത്താസമ്മേളനം നടത്തിയാണ് ഫലപ്രഖ്യാപനത്തില്‍ സംശയം പ്രകടിപ്പിച്ചത്. അന്ന് കോണ്‍ഗ്രസ് ഉയര്‍ത്തിയ സംശയങ്ങള്‍ഒരുവര്‍ഷത്തിന് ശേഷം ഇന്നലെ പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെ രാഹുല്‍ ഗാന്ധി വിശദീകരിക്കുകയും ചെയ്തു.
വോട്ടെണ്ണല്‍ നടന്ന ദിവസം തന്നെ അട്ടിമറി നടന്നതായി വിവിധ ഇടങ്ങളില്‍ നിന്ന് പാര്‍ട്ടിക്ക് ഗൗരവമുള്ള പരാതികള്‍ ലഭിച്ചിരുന്നു. ഹിസാര്‍, മഹേന്ദ്രഗഡ്, പാനിപ്പത്ത് ജില്ലകളില്‍ ഇ.വി.എമ്മിനെതിരെ തുടരെ പരാതികള്‍ ലഭിച്ചു. ഇവിടത്തെ ഇ.വി.എമ്മുകളില്‍ ബാറ്ററി നില 99 ശതമാനമുണ്ടായിരുന്ന സ്ഥലങ്ങളില്‍ ഫലം കോണ്‍ഗ്രസിന് എതിരായി. എന്നാല്‍, 60 ഉം 70 ഉം ശതമാനം ബാറ്ററി ഉണ്ടായിരുന്ന വോട്ടിങ് യന്ത്രങ്ങള്‍ ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചു. ചുരുങ്ങിയത് 14 മണ്ഡലങ്ങളിലെങ്കിലും കൃത്രിമത്വം നടന്ന വ്യക്തമായ സൂചനയാണ് അന്ന് കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നത്. ഒമ്പതിനും 11 മണിക്കും ഇടയിലുള്ള രണ്ടുമണിക്കൂര്‍ നേരം തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ ഫലം അപ്ലോഡ് ചെയ്യുന്നതില്‍ അസാധാരമായ സാവകാശവും ഉണ്ടായിരുന്നു. ഇതിന് പുറമെയാണ് ഇപ്പോള്‍ വോട്ടര്‍പട്ടികയിലും ക്രമക്കേട് ഉയര്‍ന്നതായ ആരോപണം രാഹുല്‍ ഉയര്‍ത്തിയത്.
90 അംഗ ഹരിയാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പില്‍ 48 സീറ്റുകളോടെയാണ് ബി.ജെ.പി തുടര്‍ച്ചയായ മൂന്നാംതവണയും ഭരണത്തിലേറിയത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ മൂന്നില്‍ രണ്ട് സീറ്റുകളില്‍ വരെ ലീഡ് നിലനിര്‍ത്തിയ കോണ്‍ഗ്രസ് അന്തിമഫലം പുറത്തുവന്നതോടെ 37 സീറ്റുകളിലൊതുങ്ങുകയായിരുന്നു.
എല്ലാ എക്‌സിറ്റ് ഫലങ്ങളും കോണ്‍ഗ്രസ്സിനൊപ്പം
ന്യൂഡല്‍ഹി: ഹരിയാനയില്‍ വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന എല്ലാ എക്‌സിറ്റ് ഫലങ്ങളും കോണ്‍ഗ്രസ്സിന് അനുകൂലമായിരുന്നു. പൊതുവേ ബി.ജെ.പിക്ക് അനുകൂലമായി പ്രവചനം നടത്താറുള്ള മാധ്യമങ്ങള്‍ പോലും മികച്ച ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്നാണ് പ്രവചിച്ചത്. ഇതിന് പുറമെ പോസ്റ്റല്‍ ബാലറ്റിലും ഏറെ മുന്നില്‍ ആയിരുന്നു കോണ്‍ഗ്രസ്. എന്നിട്ടും അന്തിമഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതോടെയാണ്, കര്‍ണാടക മാതൃകയില്‍ ഹരിയാനയിലെ തെരഞ്ഞെടുപ്പ് ക്രമങ്ങള്‍ പാര്‍ട്ടി പഠിച്ചത്. ഇതിനായി മാസങ്ങള്‍ എടുത്ത് കോണ്‍ഗ്രസ് വളന്റിയര്‍മാര്‍ വോട്ടര്‍പട്ടിക പരിശോധിക്കുകയും വ്യാജ വോട്ടര്‍മാരെ തിരിച്ചറിയുകയും നീക്കം ചെയ്യപ്പെട്ടവരെ നേരില്‍ കാണുകയും ചെയ്തു. പരമാവധി വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് അത് പവര്‍പോയിന്റ് (പി,പി.പി.) രൂപത്തില്‍ രാഹുല്‍ ഗാന്ധി ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
ഇന്ത്യാടുഡേ-സി വോട്ടര്‍
കോണ്‍ഗ്രസ്: 50- 58
ബി.ജെ.പി: 20- 28
ടൈംസ് നൗ
കോണ്‍ഗ്രസ്: 50- 64
ബി.ജെ.പി: 22- 32
റിപബ്ലിക്
കോണ്‍ഗ്രസ്: 55- 62
ബി.ജെ.പി: 20- 28
മറ്റു: 2-5
ധ്രുവ് റിസര്‍ച്ച്
കോണ്‍ഗ്രസ്: 50- 64
ബി.ജെ.പി: 22- 32
മറ്റു: 2-8
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."