തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണം; ഇത്തവണ എ.ഐയും പ്രധാന പങ്കു വഹിക്കും
ആലപ്പുഴ: ഇത്തവണത്തെ തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാന പങ്കു വഹിക്കുക 'എ.ഐ'യാകും.
നിർമിതബുദ്ധിയുടെ സഹായത്തോടെയുള്ള വിഡിയോകളും പോസ്റ്ററുകളുമാകും കളംനിറയുക. വളരെ ചെലവുകുറഞ്ഞ രീതിയിൽ എളുപ്പത്തിൽ തയാറാക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. സ്ഥാനാർഥിയുടെ പടം കൊടുത്ത് പ്രോംപ്റ്റ് നൽകിയാൽ വ്യത്യസ്ത വിഡിയോകൾ ലഭിക്കും.
ജെമിനിയും ചാറ്റ്ജിപിറ്റിയും ഉപയോഗിച്ച് പലതും സ്ഥാനാർഥിക്ക് തന്നെ തയാറാക്കാം. ജനങ്ങളോട് പറയാനുള്ളതെല്ലാം റീൽസുകളാക്കാമെന്നതും സൗകര്യമാണ്. എൽ.ഇ.ഡി വാഹന ഡിസ്‌പ്ലേയിലും അനൗസ്മെന്റിലും പോസ്റ്ററിലും ചുവരെഴുത്തിൽ വരെ ഇത്തവണ എ.ഐയുടെ സഹായമുണ്ടാകും.
അതേസമയം, എ.ഐ വച്ചുള്ള പാക്കേജുകളുമായി തെരഞ്ഞെടുപ്പ് ഏജൻസികളും രംഗത്തുണ്ട്. ഇവർ സ്ഥാനാർഥിമോഹികളെ വിവിധ പാക്കേജുകളുമായി സമീപിക്കുകയാണ്. പാരഡിഗാനം, പ്രസംഗം, എതിർപാർട്ടികളുടെ ന്യൂനതകൾ എന്നിവ ഉൾപ്പെടുത്തിയുള്ള ചെറിയ വീഡിയോകൾ എല്ലാം തയാറാക്കി നൽകും. കൂടാതെ തെരഞ്ഞെടുപ്പ് ആപ്പുകളുമുണ്ട് ഏജൻസികളുടെ കൈയിൽ. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ പഠിച്ചാണ് ഇവ തയാറാക്കുന്നത്. വാർഡ്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നീ തലത്തിലാണ് ആപ്പ് ഒരുക്കുന്നത്.
സ്ഥാനാർഥികൾക്ക് അവർ മത്സരിക്കുന്ന സ്ഥലങ്ങളിലെ വോട്ടർമാരുടെ വിവരം ആപ്പിൽ ലഭിക്കും. ആപ്പിന് 10,000 രൂപ മുതലാണ് ഈടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."