ക്രിക്കറ്റ് മത്സരത്തിനിടെ ബൗൾ ചെയ്യുമ്പോൾ അസ്വസ്ഥത; വെള്ളം കുടിച്ചതിന് പുറകെ ഛർദ്ദി, എൽഐസി ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു
ഡൽഹി: സൗഹൃദ ക്രിക്കറ്റ് മത്സരത്തിനിടെ ബൗൾ ചെയ്യുന്നതിനിടയിൽ അസ്വസ്ഥത അനുഭവപ്പെട്ട എൽഐസി ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. നൽഗഞ്ച് നിവാസിയായ രവീന്ദ്ര അഹിർവാർ (30) ആണ് മരണപ്പെട്ടത്. ഉത്തർപ്രദേശിലെ ഝാൻസിയിലെ ഒരു ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ബുധനാഴ്ച രാവിലെ ഈ ദാരുണ സംഭവം ഉണ്ടായത്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിലെ (എൽഐസി) ഡെവലപ്മെന്റ് ഓഫീസറായിരുന്ന രവീന്ദ്രൻ ആഴ്ചകളോളം കളിക്കാൻ വന്നിരുന്നില്ല. സഹകളിക്കാരുടെ നിർബന്ധത്തെ തുടർന്ന് കളിക്കാനായി എത്തിയ യുവാവിൻ്റെ അപ്രതീക്ഷിത മരണം സുഹൃത്തുക്കളെ ഞെട്ടിച്ചു.
മത്സരം തുടങ്ങിയ ശേഷം രവീന്ദ്രൻ കുറച്ച് ഓവറുകൾ പന്തെറിഞ്ഞു. പെട്ടെന്ന് അസ്വസ്ഥത തോന്നിയതോടെ അദ്ദേഹം ബൗളിംഗ് നിർത്തി വെള്ളം കുടിക്കാൻ നിന്നു. വെള്ളം കുടിച്ച് അധികം നിമിഷം കഴിയും മുമ്പ്, ഛർദ്ദി അനുഭവപ്പെടുകയും ഗ്രൗണ്ടിൽ തന്നെ കുഴഞ്ഞുവീഴുകയും ചെയ്തു. തുടക്കത്തിൽ സഹകളിക്കാർ ഇത് നിർജ്ജലീകരണമോ ക്ഷീണമോ ആണെന്ന് കരുതി സഹായിക്കാൻ ശ്രമിച്ചു. എന്നാൽ, രവീന്ദ്രൻ പ്രതികരിക്കാതിരുന്നതോടെ അവർ സംഭവത്തിൻ്റെ ഗൗരവം മനസ്സിലാക്കി. ഉടൻ തന്നെ സഹകളിക്കാർ അദ്ദേഹത്തെ ഝാൻസി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും, ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
സാക്ഷികളായ സഹകളിക്കാർ പറയുന്നത്, രവീന്ദ്രൻ മത്സരത്തിന് മുൻപ് സാധാരണ ആരോഗ്യവാനായിരുന്നുവെന്നാണ്. ക്രിക്കറ്റ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കളിയായിരുന്നെങ്കിലും, തൊഴിൽഭാരം കാരണം ഏറെ നാളുകളായി കളിക്കാൻ എത്താറില്ലായിരുന്നു. ഈ മത്സരം അദ്ദേഹത്തിന്റെ "കംബാക്ക്" ആയിരുന്നു എന്ന് സുഹൃത്തുക്കൾ ഓർത്തെടുക്കുന്നു. മരണകാരണം സംബന്ധിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരാനുള്ള കാത്തിരിപ്പിലാണ് കുടുംബവും പൊലിസും. പ്രാഥമികമായി ഹൃദയസംബന്ധമായ പ്രശ്നമോ അല്ലെങ്കിൽ ഹീറ്റ് സ്ട്രോക്കോ ആകാമെന്നാണ് സൂചന.
ഝാൻസിയിലെ ഈ സംഭവം ക്രിക്കറ്റ് പോലുള്ള സ്പോർട്സ് പ്രവർത്തനങ്ങളിലെ ആരോഗ്യം സൂക്ഷിക്കുന്നതിന്റെ പ്രാധാന്യം വീണ്ടും ഓർമപ്പെടുത്തുന്നു. പ്രത്യേകിച്ച്, ദീർഘകാലം കളിക്കാത്തവർക്ക് മുൻകൂട്ടി മെഡിക്കൽ ചെക്കപ്പ് നിർബന്ധമാക്കണമെന്ന് വിദഗ്ധർ പറയുന്നു. രവീന്ദ്രന്റെ മരണം സുഹൃത്തുക്കളെയും കുടുംബത്തെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."