പൂണെ ഭൂമി ഇടപാട്: അജിത് പവാറിന്റെ മകനുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മകൻ പാർത്ഥ് പവാറുമായി ബന്ധപ്പെട്ട പൂണെ ഭൂമി ഇടപാടിലെ അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ അന്വേഷണ സമിതി രൂപീകരിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. റവന്യൂ വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി വികാസ് ഖാർഗെയാണ് അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്.
"പ്രശ്നവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞാൻ അന്വേഷിച്ചിട്ടുണ്ട്. റവന്യൂ വകുപ്പിനോട് ഭൂമിയുടെ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉചിതമായ അന്വേഷണം നടത്താനും ഞാൻ നിർദ്ദേശിച്ചിട്ടുണ്ട്. പ്രാഥമിക തലത്തിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉയർന്നുവരുന്നു. അതിനാൽ, ആവശ്യമായ വിവരങ്ങൾ ശേഖരിച്ചതിനുശേഷം മാത്രമേ ഞാൻ സംസാരിക്കൂ," പൂണെ ഭൂമി അഴിമതിയെക്കുറിച്ച് നാഗ്പൂരിൽ മാധ്യമപ്രവർത്തകരോട് ഫഡ്‌നാവിസ് വ്യക്തമാക്കി.
കൊറേഗാവ് പാർക്കിലെ 40 ഏക്കർ ഭൂമി വാങ്ങിയ പാർത്ഥ് പവാറിന്റെയും ദിഗ്‌വിജയ് പാട്ടീലിന്റെയും അമാഡിയ എന്റർപ്രൈസസ് എൽഎൽപി കമ്പനിയുമായി ബന്ധപ്പെട്ടതാണ് വിവാദം. 1,800 കോടി രൂപയുടെ ഭൂമി വെറും 300 കോടി രൂപയ്ക്ക് വിറ്റുവെന്നും 21 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കിയെന്നും പ്രതിപക്ഷം ആരോപിക്കുന്നു. മഹർ (പട്ടികജാതി) വതൻ ഭൂമിയായി തരംതിരിച്ച ഭൂമി സർക്കാർ അനുമതിയില്ലാതെ വിറ്റത് നിയമവിരുദ്ധമാണെന്നാണ് പ്രധാന ആരോപണം.
തഹസിൽദാർ സൂര്യകാന്ത് യെവാലെയെ സസ്‌പെൻഡ് ചെയ്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. "സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് നിയമപ്രകാരമാണോ നൽകിയത് എന്ന് പരിശോധിക്കും. മഹർ വതൻ ഭൂമിയുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്." അന്വേഷണത്തിന്റെ ഭാഗമായി റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു. അതേസമയം താൻ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി പാർത്ഥ് പവാർ രംഗത്തെത്തി.
"കരാർ നടന്നോ ഇല്ലയോ എന്ന് സർക്കാർ വ്യക്തമാക്കണം. സ്റ്റാമ്പ് ഡ്യൂട്ടി 21 കോടിയാണെന്ന് പറഞ്ഞിരുന്നു, ഇപ്പോൾ 6 കോടിയായി. ഇത് ആശയക്കുഴപ്പം സൃഷ്ടിക്കാനേ ഉതകൂ." ബാരാമതി എംപി സുപ്രിയ സുലെ പറഞ്ഞു.
ശിവസേന (യുബിടി) നേതാവ് അംബാദാസ് ദാൻവെയാണ് പാർത്ഥിനെതിരെ ആരോപണങ്ങൾ ഉയർത്തിയത്. "കമ്പനിയുടെ ഓഹരി മൂലധനം വെറും ഒരു ലക്ഷം രൂപ. 1,800 കോടി ഭൂമി 300 കോടിയ്ക്ക് വാങ്ങി. 48 മണിക്കൂറിനുള്ളിൽ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കി. 40 ഏക്കറിന് 500 രൂപ മാത്രം ഡ്യൂട്ടി." അജിത് പവാറിന്റെ രാജി ആവശ്യപ്പെട്ട് മഹാരാഷ്ട്ര കോൺഗ്രസ് മേധാവി ഹർഷവർധൻ സപ്കൽ രംഗത്തെത്തി.
അതേസമയം വാർത്തയോട് അജിത് പവാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് ഫഡ്നാവിസ് ഉറപ്പ് നൽകി.
maharashtra deputy chief minister devendra fadnavis has ordered an inquiry into corruption allegations related to a pune land deal involving ajit pawar’s son. the move comes amid growing political tension in the state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."