തെരഞ്ഞെടുപ്പ് സെൽ രൂപീകരിക്കാൻ ആഭ്യന്തര വകുപ്പ്; ജില്ലകളിൽ അഡിഷണൽ എസ്.പിമാർക്ക് ചുമതല
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊലിസ് ആസ്ഥാനത്തും എല്ലാ പൊലിസ് ജില്ലകളിലും തെരഞ്ഞെടുപ്പ് സെൽ രൂപീകരിക്കാൻ ആഭ്യന്തരവകുപ്പ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ക്രോഡീകരിക്കുന്നതിനും സുഗമമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനുമാണ് സെൽ രൂപീകരിക്കുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് പിന്നാലെ സെല്ലിന്റെ പ്രവർത്തനവും ആരംഭിക്കാനാണ് തീരുമാനം. എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് ചുമതല നൽകിയാണ് പൊലിസ് ആസ്ഥാനത്ത് സെൽ രൂപീകരിക്കുന്നത്. അഡിഷണൽ എസ്.പിമാർക്കാണ് പൊലിസ് ജില്ലകളുടെ ചുമതല. 20 പൊലിസ് ജില്ലകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുകയും തെരഞ്ഞെടുപ്പ് കമ്മിഷനുമായി ചേർന്ന് തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുകയെന്നതാണ് പൊലിസ് ആസ്ഥാനത്തെ തെരഞ്ഞെടുപ്പ് സെല്ലിന്റെ ലക്ഷ്യം.
സ്‌പെഷൽ ബ്രാഞ്ച്, ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും മിനിസ്റ്റീരിയൽ സ്റ്റാഫുകളുമാണ് ജില്ലകളിലെ സെല്ലുകളിൽ ഉൾപ്പെടുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്രമസമാധാന വിഷയങ്ങളുൾപ്പെടെ ഓരോ പൊലിസ് ജില്ലകളിലും നടക്കുന്ന വിവരങ്ങൾ അതത് ദിവസം തന്നെ റിപ്പോർട്ടായി ക്രോഡീകരിക്കും. ഇത്തരം വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസേനാംഗങ്ങളെ വിന്യസിക്കുന്നത്. പ്രശ്‌നബാധിത ബുത്തുകളും അതീവ സുരക്ഷ വേണ്ട ബൂത്തുകളും പൊലിസ് സെൽ നൽകുന്ന വിവരങ്ങൾ കൂടി അടിസ്ഥാനമാക്കിയാണ് കലക്ടർ പ്രഖ്യാപിക്കുക.
രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങളെ പ്രത്യേകം കണക്കിലെടുത്ത് അവിടെയുള്ള പൊലിസ് സ്റ്റേഷനുകളിൽ നിന്നും രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. നേരത്തെ തെരഞ്ഞെടുപ്പുകൾക്കിടയിലുണ്ടായ സംഘർഷങ്ങൾ, ക്രിമിനൽ കേസുകളിലുൾപ്പെട്ടവർ എന്നിവരുടെ വിവരങ്ങൾ ശേഖരിക്കും. ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോയുടെ സഹായത്തോടെയാണ് മുൻവർഷങ്ങളിലെ വിവരങ്ങൾ ശേഖരിക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോർട്ട് പൊലിസ് ആസ്ഥാനത്തുള്ള സെല്ലിന് കൈമാറുകയും തുടർന്ന് ആവശ്യമെങ്കിൽ ഇവരെ കരുതൽ തടങ്കലിൽ വയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. കൂടാതെ തെരഞ്ഞെടുപ്പ് സമയത്ത് ജയിലിൽ നിന്ന് ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങുന്നവരുടെയും ജാമ്യം ലഭിച്ചും പരോളിലൂടെയും പുറത്തിറങ്ങുന്നവരുടെയും വിവരങ്ങളും രേഖപ്പെടുത്തും. തോക്കുൾപ്പെടെയുള്ള ആയുധങ്ങളുടെ ലൈസൻസുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയും ലൈസൻസിന്റെ കാലാവധി പരിശോധിക്കുകയും ചെയ്യേണ്ടത് ജില്ലാതലത്തിലുള്ള സെല്ലുകളുടെ ചുമതലയാണ്. കൂടാതെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആയുധം പൊലിസിൽ ഏൽപ്പിക്കാത്തവരുണ്ടെങ്കിൽ അക്കാര്യവും സെൽ പരിശോധിക്കും. സ്‌ഫോടകവസ്തുക്കൾ സൂക്ഷിക്കുന്നതിനുള്ള ലൈസൻസും അളവിൽ കൂടുതൽ സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടോയന്നതും പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."