പുസ്തക പരിചയം: മൂന്ന് നൂറ്റാണ്ടിലേറെ ഇന്ത്യ ഭരിച്ച മുഗള്‍ സാമ്രാജ്യത്തിന്റെ ഉള്ളിലൂടെയുള്ള ചരിത്രയാത്ര
1526 മുതല്‍ 1857 വരെയുള്ള 330 വര്‍ഷത്തിലധികം കാലം ഇന്ത്യ ഭരിച്ച മുഗള്‍ സാമ്രാജ്യത്തിന്റെ ചരിത്രയാത്രക്ക് മനോഹരമായ റൂട്ട് മാപ്പാണ് മുഹമ്മദ് ഷമീര്‍ കൈപങ്ങര എഴുതിയ 'മുഗളന്‍മാരും സൂഫികളും' എന്നപുസ്തകം. അടുത്ത കാലത്തായി ആര്‍ത്തിയോടെ വായിച്ചു തീര്‍ത്ത മറ്റൊരു പുസ്തകം ഇതുപോലെ ഉണ്ടായിട്ടില്ല.
ആഗ്ര, ഡല്‍ഹി, ഔറംഗാബാദ് തുടങ്ങിയ ചരിത്ര നഗരങ്ങളിലൂടെയുളള പുസ്തക യാത്ര ഏറെ ആനന്ദകരമാണ്. കഴിഞ്ഞ ജനുവരിയില്‍ ഔറംഗബാദും ദൗലബാദും പോയിരുന്നു. പക്ഷേ, അത് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞാണ് ഷമീര്‍ കൈപങ്ങരയുടെ പുസ്തകത്തെക്കുറിച്ച് അറിയുന്നതും വായിക്കുന്നതും. മുഗള്‍ ചരിത്ര അന്വേഷകര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.
നഖ്ശബന്ദി സൂഫിമാരുടെ സാന്നിധ്യം മുഗള്‍ കാലഘട്ടങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. രാഷ്ട്രീയത്തിന്റെ അധികാര ഇടനാഴികകളില്‍ പോലും ആധ്യാത്മികതയില്‍ തപസ്സിരുന്ന ദര്‍വേശകള്‍ക്ക് വലിയ ആദരവും ബഹുമാനവും നല്‍കപ്പെട്ടിരുന്നു. രാഷ്ട്രീയക്കാര്‍ ആത്മീയ ഗുരുക്കന്മാരോട് സ്വീകരിച്ചിരുന്ന സമീപനം എങ്ങനെയാവണമെന്ന് മുഗള്‍ കാലത്ത് നിന്ന് പഠിക്കേണ്ട വലിയ പാഠമാണ്.
ഈ ആത്മീയ ബന്ധമാവാം രാജകുടുംബത്തിലെ അരമനകളില്‍ അധികാരത്തിനായുള്ള പോരാട്ടങ്ങള്‍ സജീവമായിട്ടും നീണ്ട 330 വര്‍ഷം പിടിച്ചുനില്‍ക്കാന്‍ മുഗള്‍ സാമ്രാജ്യത്തിന് തണല്‍ നല്‍കിയത്. അവസാന അന്ത്യവിശ്രമത്തിനായി മുഗള്‍ രാജാക്കന്മാര്‍ തെരഞ്ഞെടുത്തിരുന്നത് പോലും സൂഫി ദര്‍ഗ്ഗാ ഓരങ്ങളായിരുന്നു. ഡല്‍ഹിയില്‍ ശൈഖ് നിസാമുദ്ദീന്‍ ഔലിയുടെയും ഖ്വാജ ഖുതുബുദ്ധീന്‍ ബക്തിയാര്‍ കഅക്കിയുടെയും ദര്‍ഗ്ഗകളുടെ പരിസരത്തായി പന്ത്രണ്ട് മുഗള്‍ ചക്രവര്‍ത്തിമാരുടെ കബറുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്.
ബാബര്‍ മുതല്‍ ബഹദൂര്‍ഷാ വരെയുള്ള ഒട്ടുമിക്ക രാജാക്കന്മാരിലുമുളള സൂഫിസത്തിന്റെ കരളലസ്പര്‍ശങ്ങള്‍ മനോഹരമായി പെറുക്കി വെച്ചിട്ടുണ്ട്. ഒന്നാമത്തെ മുഗള്‍ ചക്രവര്‍ത്തിയായ ബാബറിനെ പേരുവിളിച്ചത് സൂഫിയായിരുന്ന ഉമ്മര്‍ ശൈഖ് മിര്‍സ നഖ്ശബന്ദി ശൈഖായിരുന്ന ഖ്വാജ ഉബൈദുല്ലാഹ് അഹ്റാരിയുടെ മകന്‍) ആയിരുന്നു. അവസാന മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബഹദൂര്‍ ഷാ സഫര്‍ തനിക്കായി ഡല്‍ഹിയിലെ മെഹ്റോളിയില്‍ ഖ്വാജ ഖുതുബുദ്ദീന്‍ ഭക്തിയാര്‍ കാക്കിയുടെ ദര്‍ഗ്ഗക്കരികില്‍ തനിക്കായി ഖബര്‍ കുഴിച്ചുവച്ചിരിക്കുന്നു. പക്ഷേ, ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ റങ്കൂണിലേക്ക് നാടുകടത്തി. ' ആ കബര്‍ ഇന്നും അവശേഷിക്കുന്നു, മൂടപ്പെടാത്ത നിലയില്‍!' എന്ന വരികളോടെയാണ് പുസ്തകം അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."