തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: നഗരത്തിന്റെ ഗതാഗത സ്വപ്നമായ തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകാരം നൽകി. ടെക്‌നോപാർക്കിന്റെ മൂന്ന് ഫേസുകളും വിമാനത്താവളവും തമ്പാനൂർ ബസ് സ്റ്റാൻഡും റെയിൽവേ സ്റ്റേഷനും സെക്രട്ടേറിയറ്റും മെഡിക്കൽ കോളേജും ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളെയെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള 31 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലാണ് 27 സ്റ്റേഷനുകൾ സജ്ജമാക്കുക.
പാപ്പനംകോട് മുതൽ കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്‌നോപാർക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കൽ വരെ നീളുന്നതാണ് ഈ മെട്രോ പാതയുടെ നിർമാണം. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ആണ് നിർമ്മാണം ഏറ്റെടുക്കുന്നത്. കഴക്കൂട്ടം, ടെക്‌നോപാർക്ക്, കാര്യവട്ടം എന്നിവ ഇന്റർചേഞ്ച് സ്റ്റേഷനുകളായും പ്രവർത്തിക്കും.
പദ്ധതിയുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾക്കായി ശ്രീകാര്യം, ഉള്ളൂർ, പട്ടം മേൽപ്പാലങ്ങളുടെ നിർമാണ ചുമതലയും കെഎംആർഎല്ലിന് കൈമാറിയിട്ടുണ്ട്. തിരുവനന്തപുരത്തിന്റെ ഗതാഗത മുരടിപ്പ് പരിഹരിക്കാനും സുസ്ഥിര വികസനം ഉറപ്പാക്കാനും ഈ മെട്രോ പദ്ധതി നിർണായകമാകുമെന്ന് അധികൃതർ വിലയിരുത്തുന്നു.
അതേസമയം ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയ മെട്രോ സംവിധാനമാണ് കൊച്ചി മെട്രോ റെയിൽ പദ്ധതി. 2017 ജൂൺ 19ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) നടപ്പാക്കുന്ന ഈ പദ്ധതി ആദ്യഘട്ടത്തിൽ ആലുവ മുതൽ പേട്ട വരെ 28.3 കിലോമീറ്റർ ദൂരത്തിൽ 25 സ്റ്റേഷനുകളോടെയാണ് പ്രവർത്തനമാരംഭിച്ചത്. 2024 മാർച്ചോടെ തൃപ്പൂണിത്തുറ വരെ മെട്രോ റെയിൽ വിപുലീകരിക്കുകയും ചെയ്തു. 80,000-ൽ അധികം ആളുകളാണ് നിലവിൽ ദൈനംദിന യാത്രക്കായി കൊച്ചി മെട്രോയെ ആശ്രയിക്കുന്നത്. 2025 അവസാനത്തോടെ 3.65 കോടി യാത്രക്കാരെയാണ് കൊച്ചി മെട്രോ പ്രതീക്ഷിക്കുന്നത്.
കൊച്ചി മെട്രോയുടെ ഫേസ് 2 പിങ്ക് ലൈൻ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് 2 വരെ 11.2 കിലോമീറ്ററിൽ 11 സ്റ്റേഷനുകളോടെ നിർമാണത്തിലാണ്. 2025 ഒക്ടോബർ വരെ 1,135 പൈലുകളും 65 പില്ലറുകളുടെയും നിർമ്മാണം പൂർത്തിയായി. ആദ്യ പിയർ ക്യാപും യു-ഗർഡറും സ്ഥാപിച്ചു കഴിഞ്ഞു. പാലാരിവട്ടം, ചെമ്പുമുക്ക്, കാക്കനാട്, ഇൻഫോപാർക്ക് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതോടെ ഈ വിപുലീകരണം കൊച്ചിയുടെ ഗതാഗത സൗകര്യം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
The Thiruvananthapuram Metro project took a significant step forward as the Chief Minister officially approved the alignment for its first phase. This approval moves the metro closer to becoming a reality in the capital city.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."