വിളവെടുപ്പ് തുടങ്ങി; മന്ത്രി മന്ദിരങ്ങളില്‍ നിന്നുള്ള പച്ചക്കറികള്‍ക്ക് വന്‍ ഡിമാന്റ്
പേരൂര്‍ക്കട: മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലെ കൃഷി വിളവെടുപ്പ് തുടങ്ങി. ചിങ്ങം തുടങ്ങിയപ്പോള്‍ ആദ്യം കൃഷി തുടങ്ങിയ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസില്‍ നിന്നാണ് വിളവെടുപ്പിന് തുടക്കമിട്ടത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമൊപ്പം കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാറും ഇവിടെ വിളവെടുപ്പിനെത്തിയിരുന്നു. തൊട്ടു പിന്നാലെ തന്നെ കൃഷിമന്ത്രിയുടേയും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെയും വസതികളിലും വിളവെടുപ്പു തുടങ്ങി.
കൃഷി വകുപ്പിന്റെ പച്ചക്കറികൃഷി വികസന പദ്ധതിയുടെ ഭാഗമായാണ് മന്ത്രി മന്ദിരങ്ങളിലും പച്ചക്കറി കൃഷി നടത്തിയത്. പദ്ധതി പ്രകാരം അതാതു വീടുകളിലെ ആവശ്യം കഴിഞ്ഞ് അധികമുള്ളത് കുടപ്പനക്കുന്ന് കൃഷിഭവനിലെ ഇക്കോഷോപ്പു വഴി ന്യായമായ വിലയ്ക്ക് വിറ്റഴിയ്ക്കുകയും അതിലൂടെ വരുന്ന പണം തുടര്‍കൃഷി ചെലവിന് ഉപയോഗിക്കുകയും ചെയ്യും.
ആദ്യം കൃഷി മന്ത്രിയുടെ ഭവനമായ ഗ്രേസിലെ ചീരയും പിന്നീട് ക്ലിഫ് ഹൗസിലെ ചീരയും വെണ്ടയും പയറും ഇക്കോഷോപ്പിലെത്തി. അതാതു മന്ത്രിമാരുടെ പേരില്‍ ലേബല്‍ ചെയ്തു വില്പനയ്ക്കു വച്ച ഉല്പന്നങ്ങള് നിമിഷങ്ങള്‍ക്കുളളില്‍ വിറ്റു തീര്‍ന്നു.വരും ദിവസങ്ങളില്‍ ചീര, വെണ്ട, പയര്‍, കത്തിരി, വഴുതന, തക്കാളി, മുളക് തുടങ്ങിയവ ഇക്കോഷോപ്പു വഴി ലഭ്യമാകുമെന്നാണ് കരുതുന്നത്.
ഓരോ കുടുംബവും തങ്ങളാലാവുന്നത് ഉല്പാദിപ്പിക്കുകയും അവ വിപണിയിലേക്ക് നല്‍കുകയും ചെയ്താല്‍ ഇന്ന് ഈ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരമാകുമെന്ന് മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."