പൊലിസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളി ബാലമുരുകൻ തമിഴ്നാട്ടിൽ; ഭാര്യയെ ഫോണിൽ വിളിച്ചു
തിരുവനന്തപുരം: തമിഴ്നാട് പൊലിസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളി ബാലമുരുകൻ തമിഴ്നാട്ടിലാണ് ഒളിവിൽ കഴിയുന്നതെന്ന് സ്ഥിരീകരണം. കോയമ്പത്തൂരിൽ നിന്ന് ഭാര്യയെ ഫോണിൽ വിളിച്ചത് പൊലിസിന് നിർണായക തെളിവായി. തിങ്കളാഴ്ച രാത്രി 9.45-ന് തമിഴ്നാട് പൊലിസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകൻ ചൊവ്വാഴ്ച പുലർച്ചെ കോയമ്പത്തൂരിലെത്തിയിരുന്നു. വഴിയാത്രക്കാരന്റെ മൊബൈൽ ഫോൺ വാങ്ങി തെങ്കാശിയിലെ ഭാര്യയെ വിളിച്ചത് പൊലിസിന്റെ ശ്രദ്ധയിൽപ്പെട്ടു. തീർത്ഥാടനകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചുള്ള തെരച്ചിൽ ശക്തമാക്കിയ പൊലിസ്, തമിഴ്നാടിന്റെ ക്യൂബ്രാഞ്ചുമായി സഹകരിച്ച് അന്വേഷണം തുടരുകയാണ്.
ഫോൺ നൽകിയ വഴിയാത്രക്കാരനെ ക്യൂബ്രാഞ്ച് ചോദ്യം ചെയ്തു. "അത്യാവശ്യകാര്യം" എന്ന് പറഞ്ഞാണ് ബാലമുരുകൻ ഫോൺ വാങ്ങിയതെന്നാണ് അയാളുടെ മൊഴി. ഭാര്യയെ വിളിക്കാനുള്ള ഈ ശ്രമം ബാലമുരുകന്റെ സ്ഥാനം കൂടുതൽ വ്യക്തമാക്കിയത്. തമിഴ്നാട് തെങ്കാശി ജില്ലയിലെ കിളിയാനി ഗ്രാമത്തിലെ അമ്മൻകോവിൽ സ്ട്രീറ്റിലാണ് ഭാര്യ താമസിക്കുന്നത്. വീട്ടിലേക്ക് തിരികെ എത്താനുള്ള സാധ്യത പരിഗണിച്ച് അവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വിയ്യൂരിലേക്കുള്ള യാത്രയ്ക്കിടെ രക്ഷപ്പെടൽ
തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്ത കേസിൽ വിരുദുനാഗറിലെ കോടതിയിൽ ഹാജരാക്കി വിയ്യൂർ ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. ജയിലിന്റെ മുൻപിൽ വെള്ളം വാങ്ങാൻ വാഹനം നിർത്തിയപ്പോൾ കാറിൽ നിന്ന് ഇറങ്ങി ഓടിമറഞ്ഞു. കഴിഞ്ഞ മേയിലും സമാനമായ രീതിയിൽ തമിഴ്നാട് പൊലിസ് വാഹനത്തിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകൻ മോഷ്ടിച്ച ബൈക്ക് ഉപയോഗിച്ചാണ് അന്ന് രക്ഷപ്പെട്ടത്.
44 വയസ്സുള്ള ബാലമുരുകൻ രക്ഷപ്പെടുമ്പോൾ കറുത്ത ഷർട്ടും വെള്ള മുണ്ടും ധരിച്ചിരുന്നു. തൃശൂരിലും തമിഴ്നാട്ടിലും വ്യാപകമായ തെരച്ചിൽ തുടരുകയാണ്. ബാലമുരുകനെ കണ്ടെത്താൻ പൊതുജനസഹായം ആവശ്യപ്പെട്ട് വിയ്യൂർ എസ്എച്ച്ഒ പ്രത്യേക അറിയിപ്പ് പുറപ്പെടുവിച്ചു. അയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9497947202 എന്ന നമ്പറിലേക്ക് ഉടൻ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. കൊടുംകുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ബാലമുരുകനെ വേഗത്തിൽ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയ പൊലിസ്, അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."