വേദനയുടെ കൂടാരത്തില്‍ പ്രതീക്ഷയുടെ കിരണവുമായി മഞ്ജു വാര്യര്‍
തിരുവനന്തപുരം: എന്നെ അറിയാമോ? മഹാരോഗത്തിന്റെ ക്ഷീണമൊക്കെ മറന്ന് ആ കുഞ്ഞുങ്ങള്‍ പറഞ്ഞു ''അറിയാം..''. എവിടെ കണ്ടിട്ടുണ്ട്. മഞ്ജുവാര്യര്‍ വീണ്ടും ചോദിച്ചു. '' സിനിമേല്..'' കുട്ടികള്‍ പറഞ്ഞു ചിരിച്ചു.ആര്‍.സി.സിയിലെ കുട്ടികളുടെ വാര്‍ഡില്‍ ഓണാഘോഷം കൂടാനെത്തിയതായിരുന്നു താരം.
''എനിക്ക് ആരാ ഒരു പാട്ടു പാടി തരിക?'' ആ ശ്രുതി നന്നായിട്ട് പാടും ഒരു നഴ്‌സ് പറഞ്ഞു. ശ്രുതി വരൂ... ചികിത്സയെ തുടര്‍ന്ന് തലയിലെ മുടി ഏതാണ്ടു പൂര്‍ണമായും നഷ്ടപ്പെട്ട എട്ടു വയസുകാരി മഞ്ജു വാര്യരുടെ സമീപത്തെത്തി. മുഖത്തെ മാസ്‌ക് നീക്കി മൈക്ക് വാങ്ങി അവള്‍ പാടി.
''എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്
പുന്നാരിച്ചൊരു മുല്ല നട്ടു
കണ്ണീര്‍ തേവി ന നച്ചു കിനാവിന്റെ
പൊന്‍തൂവല്‍ കൊണ്ട് പന്തലിട്ടു
മിണ്ടാതെത്തിയ കാറ്റൊരു കൗതുകം
കൊണ്ടാ വള്ളിയിലൊന്നു തൊട്ടു
രണ്ടാം നാളെന്റെ ജീവനാം മൊട്ടവന്‍
എന്തേ വന്നു കട്ടു.. ഇരുട്ടിന്റെ കൂട്ടില്‍ കൊണ്ടിട്ടു...''
അല്‍പനേരം സദസ് നിശബ്ദമായി. കുരുന്നുകളുടെ മുഖത്ത് വിഷാദം നിറഞ്ഞിരിക്കുന്നത കണ്ട് മഞ്ജു വാര്യര്‍ മൈക്ക് കൈയ്യിലെടുത്തു. '' നിങ്ങളൊക്കെ ഇവിടെ എന്തിനാ വന്നിരിക്കുന്നേ? അസുഖമായതുകൊണ്ട് അല്ലേ. നമ്മള്‍ പനിയും ചുമയുമൊക്കെ വരുമ്പോള്‍ ആശുപത്രിയില്‍ കിടക്കാറില്ലേ അതുപോലെ തന്നെയാണ് ഈ അസുഖം വരുമ്പോഴും.അസുഖമൊക്കെ കഴിഞ്ഞ് ആരോഗ്യത്തോടെ വീട്ടിലേക്കു പോകുമ്പോള്‍ നിങ്ങളൊക്കെ ചാംപ്യന്മാരാകും. എന്റെ അമ്മയ്ക്കും അച്ഛനും ഈ രോഗം വന്നതാണ്. രണ്ടു പേരും അസുഖം മാറി ചാംപ്യന്മാരായി...'' താരത്തിന്റെ വാക്കുകള്‍ കുരുന്നുകളില്‍ പ്രതീക്ഷയേറ്റുന്നതായിരുന്നു.
റോട്ടറി ക്‌ളബാണ് ആര്‍.സി.സിയില്‍ ഓണാഘോഷം ഒരുക്കിയത്. കുട്ടികളെ സന്തോഷിപ്പിക്കാനായി മഹാബലിയുടെ വാമനന്റേയും വേഷങ്ങള്‍ എത്തി. വനിതാ ജീവനക്കാരുടെ തിരുവാതിരക്കളിയില്‍ മഞ്ജുവും കൂടി. ആര്‍പ്പുവിളികളുമായിട്ടായിരുന്നു ആഘോഷം അവസാനിച്ചത്. റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോണ്‍ ഡാനിയല്‍, പ്രസിഡന്റ് ജയകുമാര്‍, ആര്‍.സി.സി സൂപ്രണ്ട് ഡോ. രാംദാസ്, ശിശുരോഗ വിഭാഗം മേധാവി ഡോ. കുസുമം, മോഹന്‍കുമാര്‍, വിജയകുമാര്‍, അച്യുതന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."