'വന്ദേ ഭാരത് നിർമ്മിച്ചത് ജനങ്ങളുടെ നികുതിപ്പണം കൊണ്ട്, നാഗ്പൂരിലെ അപ്പൂപ്പന്മാർ കൊടുത്തുവിട്ട പണം കൊണ്ടല്ല': വി.കെ സനോജ്
തിരുവനന്തപുരം: പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്ത എറണാംകുളം-ബെംഗലുരു വന്ദേ ഭാരത് ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങിൽ സ്‌കൂൾ വിദ്യാർഥികൾ ആർഎസ്എസ് ഗീതം ആലപിച്ചതിനെ ശക്തമായി വിമർശിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ജനങ്ങൾ നൽകിയ നികുതി പണം കൊണ്ടാണ് വന്ദേ ഭാരത് നിർമ്മിച്ചതെന്നും അല്ലാതെ നാഗ്പൂരിലെ ആർഎസ്എ അപ്പൂപ്പന്മാർ കൊടുത്തുവിട്ട പണം കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി.കെ സനോജിന്റെ വിമർശനം.
നാട്ടുകാരുടെ ചെലവിൽ ആർഎസ്എസ് ഗണഗീതം പാടേണ്ടെന്നും ഗണഗീതം ചൊല്ലുന്നത് ആർഎസ്എസ് ശാഖയിൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യയാത്രയിൽ പങ്കെടുത്ത വിദ്യാർഥികളാണ് ഗണഗീതം പാടിയത്. 'എറണാകുളം-കെ.എസ്.ആർ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനത്തിൽ സന്തോഷത്തിന്റെ ഈണം. ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്‌കൂൾ വിദ്യാർത്ഥികൾ ദേശഭക്തി ഗാനം പാടി'- എന്ന ക്യാപ്ഷനോടെയാണ് റെയിൽവേ ഈ വീഡിയോ പങ്കുവെച്ചത്.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് എറണാകുളം -ബെംഗളൂരു വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫഌഗ് ഓഫ് ചെയ്തത്. ഓൺലൈനായാണ് ഫ്ലാഗ് ഓഫ് നിർവഹിച്ചത്. ചടങ്ങിനായി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രത്യേക വേദി സജ്ജമാക്കിയിരുന്നു. എറണാകുളം ബെംഗളൂരു കൂടാതെ, ബനാറസ് ഖജുരാഹൊ, ലക്‌നൌ, ഫിറോസ്പൂർ ദില്ലി ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് കർമ്മവും മോദി നിർവഹിച്ചു.
എറണാകുളം-ബെംഗളൂരു റൂട്ടിലോടുന്ന വന്ദേഭാരതിന്റെ ട്രയൽ റൺ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് ബെംഗളൂരുവിൽ എത്തിച്ചേരും. എറണാകുളം, തൃശൂർ, ഷൊർണൂർ, പാലക്കാട്, പൊദന്നൂർ, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആർ ബെംഗളൂരു എന്നിങ്ങനെ ആകെ 11 സ്റ്റേഷനുകളാണ് നിശ്ചയിച്ചിട്ടുള്ളത്. 9 മണിക്കൂർ കൊണ്ട് 608 കിലോമീറ്റർ പിന്നിടും. കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരു സിറ്റിയിലെത്തുമെന്നാണ് അറിയിപ്പ്. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തുമെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."