കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു
തിരുവനന്തപുരം: കേരള സർവകലാശാലയിൽ പിഎച്ച്.ഡി വിദ്യാർഥിക്ക് നേരെയുണ്ടായ ജാതി അധിക്ഷേപ പരാതിയിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി. വിഷയത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് കാട്ടി മന്ത്രി സർവകലാശാല വൈസ് ചാൻസലർക്കും (വി.സി) രജിസ്ട്രാർക്കും ആണ് നിർദേശം നൽകിയത്. ആരോപണ വിധേയയായ ഫാക്കൽറ്റി മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ച അഭിപ്രായങ്ങളുടെ അനൗചിത്യം പരിശോധിക്കണമെന്നും മന്ത്രി വി.സിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.
സർവകലാശാലയ്ക്കും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും സംഭവം അവമതിപ്പുണ്ടാക്കി എന്നും മന്ത്രി വ്യക്തമാക്കി. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കേരള സർവകലാശാലയിലെ സംസ്‌കൃതം വകുപ്പ് മേധാവി സി.എൻ. വിജയകുമാരിക്കെതിരെയാണ് പിഎച്ച്.ഡി വിദ്യാർഥിയായ വിപിൻ വിജയൻ ജാതി അധിക്ഷേപ പരാതി നൽകിയത്.
"പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം" എന്ന് വിജയകുമാരി പറഞ്ഞതായി വിപിൻ ആരോപിക്കുന്നു. തനിക്ക് പിഎച്ച്.ഡി ലഭിക്കുന്നത് കാണാമെന്ന് പറഞ്ഞ് അധ്യാപിക ഭീഷണിപ്പെടുത്തിയതായും വിദ്യാർഥി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, എംഫിൽ ഗൈഡായിരുന്ന അധ്യാപിക തനിക്ക് സംസ്‌കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന റിപ്പോർട്ട് സർവകലാശാലയ്ക്ക് നൽകിയെന്നും വിപിൻ ആരോപിച്ചിരുന്നു. സംഭവത്തിൽ വൈസ് ചാൻസലർക്കും കഴക്കൂട്ടം എസ്.പിക്കും വിദ്യാർഥി പരാതി നൽകിയിട്ടുണ്ട്.
Higher Education Minister R. Bindu has ordered an urgent investigation into the caste abuse complaint filed by a Ph.D. student at Kerala University against the Head of the Sanskrit Department. The Minister instructed the Vice-Chancellor and Registrar to take necessary legal action, stating that the incident has brought disrepute to the university and the higher education sector.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."