കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ
അഹമ്മദാബാദ്: ഗുജറാത്തിൽ മഴക്കെടുതിയിൽ വിളനാശം സംഭവിച്ച കർഷകർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായ പാക്കേജിനെതിരെ ശക്തമായ പ്രതിഷേധം. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രഖ്യാപിച്ച പതിനായിരം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് അപര്യാപ്തവും അടിസ്ഥാന യാഥാർഥ്യങ്ങളുമായി ബന്ധമില്ലാത്തതുമാണെന്ന് ആരോപിച്ച് കർഷകരും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി.
ആർഎസ്എസിൻ്റെ കർഷക സംഘടനയായ ഭാരതീയ കിസാൻ സംഘും (ബിഎൻഎസ്) സർക്കാരിൻ്റെ പ്രഖ്യാപനത്തെ പരസ്യമായി ചോദ്യംചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. നഷ്ടപരിഹാര മാതൃകയുടെ വിശ്വാസ്യതയും മാനദണ്ഡങ്ങളും തള്ളിപ്പറഞ്ഞാണ് ബിഎൻഎസ് രംഗത്ത് വന്നിരിക്കുന്നത്. "എന്ത് അടിസ്ഥാനത്തിലാണ് പതിനായിരം കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്? ദുരിതാശ്വാസ തുക പ്രഖ്യാപിച്ചതിൻ്റെ മാനദണ്ഡം വ്യക്തമല്ല. കർഷകർക്കുണ്ടായ യഥാർത്ഥ നഷ്ടവുമായി താരതമ്യം ചെയ്യുമ്പോൾ ഈ തുകകൊണ്ട് ഒന്നുമാകില്ല." എന്നും ബിഎൻഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.കെ. പട്ടേൽ ഗുജറാത്ത് സർക്കാരിനോട് ചോദിച്ചു
"25 ശതമാനം വിളനാശമുണ്ടായവർക്കും 100 ശതമാനം വിളനാശമുണ്ടായവർക്കും എങ്ങനെയാണ് തുല്യമായി നഷ്ടപരിഹാരം നൽകുക? വലിയ തുക പ്രഖ്യാപിക്കുന്നത് നല്ലതാണ്. പക്ഷെ അതിൻ്റെ ഘടനയും നീതിയും യുക്തിയും പുനഃപരിശോധിക്കേണ്ടതുണ്ടെന്നും. പട്ടേൽ പറഞ്ഞു. കർഷകരുടെ രോഷം ശക്തമാവുകയാണെങ്കിൽ ഭാരതീയ കിസാൻ സംഘ് അവരുടെ പോരാട്ടത്തിനൊപ്പം അണിചേരുമെന്നും ബിഎൻഎസ് മുന്നറിയിപ്പ് നൽകി.
കർഷകർക്കു നേരെയുള്ള ക്രൂരമായ തമാശയാണ് പാക്കേജെന്ന് ആരോപിച്ച് ബിജെപി നേതാവ് ചേതൻ മലാനി പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും രാജിവെച്ചു. "കാലവർഷക്കെടുതിയിൽ തകർന്ന കർഷകരോട് സർക്കാർ അതിശക്തമായ നിസ്സംഗത കാണിക്കുകയാണ്. ഒരു കർഷകൻ്റെ മകൻ എന്ന നിലയിൽ ധാർമികതയുടെ അടിസ്ഥാനത്തിലാണ് ഞാൻ രാജിവെക്കുന്നത്," മലാനി പറഞ്ഞു. പ്രഖ്യാപിച്ച തുക കർഷകരുടെ നഷ്ടത്തിന് ആശ്വാസമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ കർഷകരുടെ വേദനയെ പരിഹസിക്കുകയാണെന്ന് ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ അമിത് ചാവ്ദ കുറ്റപ്പെടുത്തി. സർക്കാർ കാർഷിക കടങ്ങൾ എഴുതിത്തള്ളിയില്ലെങ്കിൽ കർഷകർക്കൊപ്പം പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു.
ഒക്ടോബർ അവസാനത്തോടെയാണ് ഗുജറാത്തിൽ അപ്രതീക്ഷിത മഴ സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളിലും വ്യാപകമായ കൃഷിനാശമുണ്ടാക്കിയത്. 16,000 ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 4.2 ദശലക്ഷം ഹെക്ടറിലധികം കൃഷിയിടങ്ങളെയാണ് മഴ ബാധിച്ചത്. നിലക്കടല, സോയാബീൻ, നെല്ല് തുടങ്ങിയ വിളകൾക്കാണ് കനത്ത നാശനഷ്ടം നേരിട്ടത്.
നവംബർ 7-നാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ കർഷകർക്കായി പതിനായിരം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചത്. കർഷകരുടെ മാനസികാവസ്ഥ കണക്കിലെടുത്താണ് ഈ പാക്കേജ് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൂടാതെ, നവംബർ 9 മുതൽ കർഷകരിൽ നിന്ന് കുറഞ്ഞ താങ്ങുവിലയ്ക്ക് (MSP) നിലക്കടല, ചോളം, സോയാബീൻ, തുവര തുടങ്ങിയവ ഉൾപ്പെടെ 15,000 കോടിയിലധികം രൂപയുടെ ഉൽപ്പന്നങ്ങൾ സർക്കാർ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
in Gujarat, the state government announced a ₹10,000 crore relief package. However, farmers, backed by the RSS-affiliated Bharatiya Kisan Sangh (BKS), strongly criticized the package as inadequate and disconnected from the ground reality, questioning the criteria used for the compensation amount. The BKS threatened to join the farmers' protest if their concerns over the unfair relief structure are not addressed. A BJP leader also resigned, calling the package a "cruel joke" on distressed farmers. The Congress party labeled the move a mockery and demanded loan waivers, threatening to stage protests.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."