വേണുവിന്റെ മരണം: മെഡിക്കല്‍ കോളജിന് വീഴ്ചയില്ലെന്ന് ഡി.എം.ഇ റിപ്പോര്‍ട്ട്
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതര ഹൃദ്രോഗത്തിന് ചികിത്സ തേടിയെത്തിയ കൊല്ലം സ്വദേശി വേണു ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വേണുവിന് സാധ്യമായ എല്ലാ ചികിത്സയും നല്‍കിയെന്നും ശ്വാസകോശത്തിലെ നീര്‍ക്കെട്ടാണ് കാര്യങ്ങള്‍ ഗുരുതരമാക്കിതെന്നുമാണ് ഡി.എം.ഇയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേ സമയം, മെഡിക്കല്‍ കോളജ് അധികൃതരുടെ വാദങ്ങള്‍ തെറ്റാണെന്ന് കാണിക്കുന്നതാണ് പരിശോധനാ റിപ്പോര്‍ട്ട്. അധികൃതര്‍ക്ക് വന്‍ വീഴ്ച സംഭവിച്ചതായി തെളിിക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മരണപ്പെട്ട വേണുവിന് ആന്‍ജിയോഗ്രാം ചെയ്യാന്‍ വൈകിയത് ക്രിയാറ്റിന്‍ അപകടനിലയില്‍ ആയിരുന്നതിനാലാണെന്ന മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ വാദം തെറ്റാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്രിയാറ്റിന്‍ അപകടകരമായ നിലയിലല്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ശേഷം ഈ മാസം രണ്ടിന് നടത്തിയ രക്തപരിശോധനാ ഫലത്തില്‍ ക്രിയാറ്റിന്‍ നില 1.55mg/dL ആയിരുന്നുവെന്ന് വ്യക്തമാക്കുന്നു.
സാധാരണ 0.7þ1.4 mg/dL വരെയാകാമെന്ന് ഇതേ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുമുണ്ട്. ക്രിയാറ്റിന്‍ നില സാധാരണയില്‍ നിന്നും അല്‍പം മുകളിലാണെങ്കിലും അപകടാവസ്ഥയില്‍ എത്തിയിട്ടില്ല. അതേസമയം വിഷയത്തില്‍ അന്വേഷണം നടത്തുന്ന ആരോഗ്യവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയരക്ടര്‍ ഡോ.ടി.കെ പ്രേമലതയുടെ നേതൃത്വത്തിലുള്ള സംഘം നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇന്നലെയോടെ ഡോക്ടര്‍മാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
അതേസമയം, ചികിത്സാ സംവിധാനത്തിനെതിരേ ആഞ്ഞടിച്ച് യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കല്‍ രംഗത്തെത്തി. നേരത്തെ യൂറോളജി വിഭാഗത്തിലെ അപര്യാപ്തതകള്‍ അദ്ദേഹം വെളിപ്പെടുത്തിയത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ തുറന്നു പറച്ചില്‍. കൊല്ലം സ്വദേശി വേണുവിന്റെ കാര്യത്തില്‍ യാതൊരുപിഴവുമുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ആശുപത്രിയിലെ തന്നെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കല്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി രംഗത്തെത്തിയിരിക്കുന്നത്.
കൊട്ടിഘോഷിക്കപ്പെട്ട കേരള ആരോഗ്യമോഡല്‍ കാലമിത്രയേറെ പുരോഗമിച്ചിട്ടും പ്രാകൃതമാണെന്നും നാടുനീളെ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ തുടങ്ങുന്നതിലല്ല ഉള്ള ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കാത്തതാണ് ആരോഗ്യമോഡലിനെ വെന്റിലേറ്ററില്‍ കിടത്തുന്നതെന്നുമാണ് അദ്ദേഹം തുറന്നു സമ്മതിക്കുന്നത്.
മുന്‍പ് ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ചില വിഷമതകള്‍ നേരിടേണ്ടിവന്നയാളാണ് ഡോ.ഹാരിസ് ചിറയ്ക്കല്‍. അന്ന് സമൂഹം ഒപ്പം നിന്നുവെന്നും ഡോ.ഹാരിസ് പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബില്‍ മെഡിക്കല്‍ സര്‍വിസ് സെന്റര്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ. ഹാരിസിന്റെ വാക്കുകള്‍
'കൊല്ലത്ത് മെഡിക്കല്‍ കോളജും ജില്ലാ ആശുപത്രിയും കരുനാഗപ്പള്ളിയില്‍ ആശുപത്രിയുമുണ്ട്. ഇതെല്ലാം താണ്ടിയാണ് വേണുഇവിടേയ്ക്കു വന്നത്. നാടൊട്ടുക്ക് മെഡിക്കല്‍ കോളജ് ആശുപത്രി തുടങ്ങുന്നതില്‍ കാര്യമില്ല. ആധുനിക സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളാണ് വേണ്ടത്. വേണുവിനെ തറയിലാണ് കിടത്തിയത്. ഒന്ന്, രണ്ട്, 28 വാര്‍ഡുകളില്‍ സംസ്‌കാരമുള്ള ആര്‍ക്കും പോകാന്‍ പറ്റില്ല. ശ്വാസം മുട്ടിയും കാന്‍സര്‍ ബാധിച്ചും രോഗാവസ്ഥയില്‍ ഉള്ള ആളെ എങ്ങനെയാണ് തറയില്‍ കിടത്തി ചികിത്സിക്കാന്‍ പറ്റുക? 1986ല്‍ ഞാന്‍ എം.ബി.ബി.എസ് പഠിച്ചത് ഇതേ മെഡിക്കല്‍ കോളജിലാണ്. അന്ന് ഇത്രയും രോഗികള്‍ തറയില്‍ കിടക്കുന്നുണ്ടായിരുന്നില്ല. കാലം ഇത്രയും പുരോഗമിച്ചിട്ടും പ്രാകൃതമായ നിലവാരമാണുള്ളത്...'' അദ്ദേഹം തുറന്നടിച്ചു.
വേണുവിന്റെ മറ്റൊരു ഓഡിയോ സന്ദേശവും പുറത്ത്
"മണിക്കൂറുകൾക്കുള്ളിൽ ആൻജിയോഗ്രാം ചെയ്യുന്നതിന് വേണ്ടിയാണ് കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് അയച്ചത്. ഇവിടെവന്ന് കിടന്നിട്ട് ഇന്ന് അഞ്ചാമത്തെ ദിവസമാ. എന്തോന്നാണ് ചേട്ടാ ഇത്. ഒരു ആൻജിയോഗ്രാം എടുക്കുന്നതിനും എക്കോ എടുക്കുന്നതിനും വേണ്ടിയാണോ ഈ അഞ്ചുദിവസം..? ഈ ദിവസത്തിനുള്ളിൽ എന്തെങ്കിലും പറ്റിയാൽ ഇവർക്ക് എന്തുചെയ്യാൻ പറ്റും..? എൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന നഷ്ടം ഇവർക്ക് നികത്താനാകുമോ..?എന്തൊരു മര്യാദയില്ലാത്ത ഇടപെടീലാ..സാധാരണക്കാരൻ്റെ ആശ്രയമായിത്തീരേണ്ട ആതുരാലയമാണോ ഇത്. അത്രയും സങ്കടം വന്നിട്ടാണ് ഇത് പറയുന്നത്.."
the directorate of medical education (dme) has reported that there was no lapse on the part of the medical college in the death of venu. the investigation found that the hospital staff followed proper procedures and provided necessary treatment. the report dismisses allegations of negligence against the medical college authorities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."