ഇരുമ്പ് താഴ് ഉപയോഗിച്ച് അതിക്രൂരമായ ആക്രമണം: ബീഫ് സ്റ്റാളിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ മർദിച്ചു; കാപ്പ കേസ് പ്രതിയടക്കം 2 പേർ അറസ്റ്റിൽ
മാനന്തവാടി: മാനന്തവാടി എരുമത്തെരുവിലെ ബീഫ് സ്റ്റാളിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതിയടക്കം രണ്ട് പേർ അറസ്റ്റിൽ. മാനന്തവാടി പൊലിസ് വെള്ളിയാഴ്ചയാണ് പ്രതികളായ ടി. സി. നൗഷാദ് (29), എം. ഇല്ല്യാസ് (39) എന്നിവരെ പിടികൂടിയത്.
എരുമത്തെരുവ് തച്ചയിൽ വീട്ടിൽ ടി. സി. നൗഷാദ്, പിലാക്കാവ് ചോലക്കൽ വീട്ടിൽ എം. ഇല്ല്യാസ് എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മൂന്നാം തീയതി രാവിലെയായിരുന്നു സംഭവം. മുൻവൈരാഗ്യത്തെ തുടർന്നാണ് പ്രതികൾ ബീഫ് സ്റ്റാളിൽ അതിക്രമിച്ച് കയറിജീവനക്കാരനെ ഇവർ ഇരുമ്പ് താഴ് ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.പ്രതികൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
അറസ്റ്റിലായവരിൽ പ്രധാനിയായ നൗഷാദിനെതിരെ നിരവധി ഗുരുതരമായ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.വധശ്രമം, മോഷണം, കൊള്ളയടിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, അടിപിടി, ഭീഷണിപ്പെടുത്തൽ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. 2022-ൽ വയനാട് ജില്ലാ പൊലിസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ മേഖല ഡി.ഐ.ജി. ഇയാൾക്കെതിരെ കാപ്പ (കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) ചുമത്തി ആറുമാസത്തേക്ക് വയനാട് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
കാപ്പ കാലാവധി പൂർത്തിയാക്കിയ ശേഷം എരുമത്തെരുവിൽ താമസിച്ചുവരുന്നതിനിടയിലാണ് നൗഷാദ് വീണ്ടും അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. ഈ സംഭവം ചൂണ്ടിക്കാട്ടി നൗഷാദിനെതിരെ വീണ്ടും കാപ്പ ചുമത്തുന്നതിനുള്ള നടപടികൾ പൊലിസ് ഉടൻ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."