ജീവനക്കാരുടെ പിരിച്ചുവിടൽ നിഷേധിച്ച് പേടിഎം; കമ്പനിയുടെ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് പ്രസ്താവന
ബെംഗളൂരു: പേടിഎമ്മിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിടുമെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ നിഷേധിച്ച് പേടിഎം രംഗത്തെത്തി. അത്തരം അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മാത്രമല്ല തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പേടിഎം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. അടുത്തിടെ പേടിഎമ്മിന് ഉണ്ടായ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് ജീവനക്കാരെ പിരിച്ചുവിടുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചത്.
കമ്പനിയുടെ പിരിച്ചുവിടൽ വാർത്തകൾ കുറച്ച് കാലമായി പ്രചരിക്കുന്നുണ്ട്, തങ്ങൾ നിലവിൽ സമഗ്രമായ പ്രകടന വിലയിരുത്തലുകൾ ഉൾപ്പെടുന്ന ഒരു സാധാരണ വാർഷിക മൂല്യനിർണ്ണയ പ്രക്രിയയ്ക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണെന്ന് സ്ഥാപനം അറിയിച്ചു. ഈ പ്രക്രിയ റോൾ ക്രമീകരണങ്ങളിലേക്ക് നയിച്ചേക്കാമെന്നും, ഇത് പ്രകടന വിലയിരുത്തലിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും, കമ്പനിക്ക് ഉണ്ടായ തിരിച്ചടികൾ മൂലമുള്ളത് അല്ലെന്നും കമ്പനി വ്യക്തമാക്കി.
'കമ്പനിക്കുള്ളിലെ പിരിച്ചുവിടലുകളുടെ ഏതെങ്കിലും ക്ലെയിമുകൾ ഞങ്ങൾ നിഷേധിക്കുന്നു. വളർച്ച, നവീകരണം, തടസ്സങ്ങളില്ലാത്ത സേവനങ്ങൾ നൽകൽ എന്നിവയിൽ ഞങ്ങളുടെ ശ്രദ്ധ തുടരുന്നു. കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക ആശയവിനിമയങ്ങളെ ആശ്രയിക്കാൻ ഞങ്ങൾ പങ്കാളികളോട് അഭ്യർത്ഥിക്കുന്നു.' പ്രസ്താവനയിൽ പേടിഎം പറഞ്ഞു,
ചട്ട ലംഘനങ്ങൾ ചൂണ്ടിക്കാട്ടി മാർച്ച് 15 മുതൽ പേടിഎം വാലറ്റിലേക്കും ബാങ്കിലേക്കുമുള്ള നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് റിസർവ് ബാങ്ക് വിലക്കിയിരുന്നു. എന്നാൽ യുപിഐ സേവനങ്ങൾ തുടരാൻ വിലക്കിന് തൊട്ടുമുൻപ് അനുമതി ലഭിച്ചിരുന്നു. തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ആകാനുള്ള പേടിഎം അപേക്ഷ എൻപിസിഐ അംഗീകരിക്കുകയായിരുന്നു. പ്രതിസന്ധികൾക്കിടെ പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ പേടിഎം പേമെന്റ്‌സ് ബാങ്ക് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, ബോര്‍ഡ് മെമ്പര്‍ സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."