ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ 2 ദേശീയ കയാക്കിംഗ് താരങ്ങൾക്ക് ദാരുണാന്ത്യം
ഭോപ്പാൽ: കനോയിംഗ് - കയാക്കിംഗ് ദേശീയ താരങ്ങളായ രണ്ട് നാവികസേനാ ഉദ്യോഗസ്ഥർ ഭോപ്പാലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ആലപ്പുഴയുടെ അഭിമാന താരങ്ങളായിരുന്ന ഐ.എ. അനന്തകൃഷ്ണൻ (അനന്തു - 19), വിഷ്ണു രഘുനാഥ് (ഉണ്ണി - 26) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ഭോപ്പാൽ നേവൽ ബേസിന് സമീപം നടന്ന ബൈക്ക് അപകടത്തിലാണ് ഇരുവരും മരണപ്പെട്ടതെന്ന് നാവികസേനയിൽ നിന്ന് കുടുംബാംഗങ്ങൾക്ക് വിവരം ലഭിച്ചു.ആലപ്പുഴ നെഹ്‌റു ട്രോഫി വാർഡ് ഇത്തിപ്പറമ്പിൽ വീട്ടിൽ അജിത്ത് രവി - രഞ്ജിനി ദമ്പതികളുടെ മകനാണ് ഐ.എ. അനന്തകൃഷ്ണൻ .വെറും മൂന്ന് മാസം മുമ്പാണ് അനന്തകൃഷ്ണൻ നേവിയിൽ പെറ്റി ഓഫീസറായി ജോലിയിൽ പ്രവേശിച്ചത്.2024-ലെ ദേശീയ ചാമ്പ്യൻഷിപ്പിൽ ജൂനിയർ പുരുഷന്മാരുടെ അയ്യായിരം മീറ്റർ സിംഗിൾ വിഭാഗം കനോയിംഗിൽ ചാമ്പ്യനായിരുന്നു അനന്തകൃഷ്ണൻ. ഈ നേട്ടം കേരളത്തിന് ചരിത്രത്തിലാദ്യമായിരുന്നു. ഈ വിജയമാണ് അദ്ദേഹത്തിന് നാവികസേനയിലേക്ക് വഴി തുറന്നത്.ആലപ്പുഴ സായിയിൽ തുഴച്ചിൽ താരമായ അർജ്ജുനാണ് സഹോദരൻ.
കൈനകരി തോട്ടുവാത്തല പഴയാറ്റിൽ രഘുനാഥ് - ജീജാമോൾ ദമ്പതികളുടെ മകനാണ് വിഷ്ണു രഘുനാഥ്.കഴിഞ്ഞ ഒമ്പത് വർഷമായി നാവികസേനയിൽ ഉദ്യോഗസ്ഥനാണ് വിഷ്ണു.ഭോപ്പാലിൽ ഒരു മാസം മുമ്പ് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിലടക്കം സ്വർണ്ണമെഡൽ നേടിയിട്ടുണ്ട്.നെഹ്റു ട്രോഫി ജലമേളയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മുൻ തുഴച്ചിൽ താരമായിരുന്നു. ലക്ഷ്മിയാണ് വിഷ്ണുവിൻ്റെ സഹോദരി.
അപകടത്തിൽ മരിച്ച ഇരുവരുടെയും മൃതദേഹങ്ങൾ നാളെ രാവിലെ 8.15-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. നാവികസേനയുടെ ഔദ്യോഗിക ആദരവ് അർപ്പിച്ച ശേഷം ഉച്ചയോടുകൂടി മൃതദേഹങ്ങൾ ആലപ്പുഴയിലെ വീടുകളിലേക്ക് എത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."