ഛത്തിസ്ഗഡില്‍ ക്രിസ്തുമതം സ്വീകരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അനുവദിക്കാതെ ഹിന്ദുത്വവാദികള്‍
റായ്പൂര്‍: ബിജെപി ഭരിക്കുന്ന ഛത്തിസ്ഗഡില്‍ ക്രിസ്തുമതം സ്വീകരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അനുവദിക്കാതെ ഹിന്ദുത്വവാദികള്‍. ജെവാര്‍ട്ടാല ഗ്രാമത്തി രമന്‍ സാഹു, കൊദേക്രൂസ് ഗാമത്തിലെ മനീഷ് യാദവ് എന്നിവരുടെ മൃതദേഹങ്ങള്‍ ആണ് ഹിന്ദുത്വസംഘടനാ പ്രവര്‍ത്തകരും ഒരുവിഭാഗം ഗ്രാമീണരും സംസ്‌കരിക്കുന്നത് തടഞ്ഞത്. പൊലിസ് ഇടപെട്ടെങ്കിലും ദുരിതത്തിലായ കുടുംബത്തിന് ന്യായമായ ആശ്വാസം നല്‍കുന്നതില്‍ പരാജയപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
ഗ്രാമവാസികളുടെ എതിര്‍പ്പ് മൂലം ഇതുവരെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മനീഷ് യാദവിന്റെ കുടുംബം അറിയിച്ചു. മനീഷ് ചൊവ്വാഴ്ചയാണ് മരിച്ചത്. മൃതദേഹം വീടിനോട് ചേര്‍ന്നുള്ള സ്വകാര്യസ്ഥലത്ത് സംസ്‌കരിക്കാനായി കൊണ്ടുവന്നപ്പോള്‍ പരമ്പരാഗത വിശ്വാസം ഉപേക്ഷിച്ചവരെ ഗ്രാമത്തില്‍ അടക്കം ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് ഒരുവിഭാഗം എതിര്‍ത്തത്. പൊലിസ് എത്തിയെങ്കിലും അവരും പിന്‍വാങ്ങി. തുടര്‍ന്ന് മേഖലയിലെ ക്രിസ്ത്യന്‍ സംഘടനകള്‍ പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതോടെ മൃതദേഹം കൊദേക്രൂസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രദേശം ശാന്തമായെന്ന് കരുതി ക്രിസ്ത്യന്‍ സംഘടനകള്‍ മനീഷിന്റെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുവന്നെങ്കിലും ഹിന്ദുത്വസംഘടനകള്‍ ആംബുലന്‍സ് തടഞ്ഞ് ഭീഷണിപ്പെടുത്തിയതോടെ വീണ്ടും മോര്‍ച്ചറിയിലേക്ക് തന്നെ മാറ്റുകയായിരുന്നു. സ്വകാര്യ ഭൂമിയില്‍ സംസ്‌കരിക്കാന്‍ മാത്രമാണ് ഞങ്ങള്‍ ആഗ്രഹിച്ചതെന്നും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഞങ്ങള്‍ അദ്ദേഹത്തെ മറ്റെവിടെയും സംസ്‌കരിക്കില്ലെന്നും പാസ്റ്റര്‍ മോഹന്‍ ഗ്വാള്‍ പറഞ്ഞു.
രമന്‍ സാഹുവും കുടുംബവും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടത്. റായ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് അസുഖം ബാധിച്ച് മരിച്ച അദ്ദേഹത്തെ സംസ്ഥാന തലസ്ഥാനത്ത് നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള ജെവാര്‍ട്ടാല ഗ്രാമത്തിലേക്ക് കൊണ്ടുവന്നെങ്കിലും പ്രദേശവാസികള്‍ അനുവദിച്ചില്ല.
ദൃക്‌സാക്ഷികള്‍ പറയുന്നതനുസരിച്ച്, ഗ്രാമവാസികള്‍ മൃതദേഹം ഗ്രാമത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ശക്തമായി തടയുകയും ഗ്രാമത്തിന്റെ പരമ്പരാഗത ആചാരങ്ങള്‍ക്കനുസരിച്ച് മാത്രമേ അന്ത്യകര്‍മങ്ങള്‍ അനുവദിക്കൂ എന്ന വ്യവസ്ഥ ഏര്‍പ്പെടുത്തുകയും ചെയ്തു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് സേനയെ വിന്യസിച്ചിരുന്നു.
കുടുംബത്തിന് ഒടുവില്‍ ഞായറാഴ്ച ജെവാര്‍ട്ടാല ഗ്രാമത്തില്‍ നിന്ന് അകലെയുള്ള എല്ലാവരെയും അടക്കം ചെയ്യുന്ന സങ്കര ശ്മശാനത്തില്‍ സംസ്‌കരിക്കേണ്ടിവന്നുവെന്ന് ബലോദ് ജില്ലാ പോലീസ് മേധാവി യോഗേഷ് പട്ടേല്‍ ടിഎന്‍ഐഇയോട് പറഞ്ഞു.
രണ്ട് സംഭവങ്ങളിലും ശ്മശാന സ്ഥലം അനുവദിക്കരുതെന്ന് ഗ്രാമവാസികള്‍ ഉന്നയിച്ച ഒരേയൊരു വാദം മരിച്ചയാള്‍ ക്രിസ്തുമതം തങ്ങളുടെ വിശ്വാസമായി സ്വീകരിച്ചുവെന്നാണെന്നും പോലീസ് പറഞ്ഞു.
ക്രിസ്ത്യാനികള്‍ക്ക് അവരുടെ ജന്മനാട്ടില്‍ അന്തസ്സോടെ സംസ്‌കരിക്കാനുള്ള ഭരണഘടനാപരമായ അവകാശം നഗ്‌നമായി നിഷേധിക്കപ്പെടുകയാണെന്ന് ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നാലാല്‍ പ്രതികരിച്ചു. ചിലരുടെ നിര്‍ദേശപ്രകാരം പ്രേരിപ്പിക്കപ്പെടുന്ന ജനക്കൂട്ടത്തിന് മുന്നില്‍ അധികാരികള്‍ നിസ്സഹായരായി കാണപ്പെട്ടു. നിയമപ്രകാരം, ഈ പ്രദേശം ഇതിനകം തന്നെ ശവസംസ്‌കാരത്തിനായി നീക്കിവച്ചിട്ടുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 വിവേചനം, ശത്രുത, അക്രമം എന്നിവ തടയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ക്രൈസ്തവവിഭാഗങ്ങളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍ കൂടിവരികയാണ്.
Residents of Chhattisgarh’s Jewartala village denied a burial spot to a Christian convert from the same village. This comes days after a converted Christian was denied a burial spot at Kodekurse in Kanker district.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."