റഷ്യൻ ഹെലികോപ്റ്റർ അപകടം; പ്രതിരോധ മേഖലാ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം
മോസ്കോ: റഷ്യയിലെ പ്രതിരോധ മേഖലയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു ഏവിയേഷൻ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ച് പേർ മരിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച ആച്ചി-സു ഗ്രാമത്തിന് സമീപമാണ് കെഎ-226 (Ka-226) ഹെലികോപ്റ്റർ തകർന്നുവീണത്.
കിസ്‌ലിയാറിൽ നിന്ന് ഇസ്ബെർബാഷിലേക്ക് പോവുകയായിരുന്നു ഹെലികോപ്റ്റർ.റഷ്യൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ആകാശത്തുവെച്ച് ഹെലികോപ്റ്ററിന് തീപിടിച്ചതിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കാൻ ജീവനക്കാർ നിർബന്ധിതരാവുകയായിരുന്നു.കാസ്‌പിയൻ കടൽത്തീരത്ത് ഹെലികോപ്റ്റർ ഇറക്കാൻ പൈലറ്റ് ശ്രമിച്ചെങ്കിലും, ഒടുവിൽ കരബുഡാഖ്‌കെൻ്റ് ജില്ലയിലെ ഒരു സ്വകാര്യ വസതിയുടെ മുറ്റത്ത് തകർന്നുവീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.അപകടത്തെ തുടർന്നുണ്ടായ തീപിടിത്തം ഏകദേശം 80 ചതുരശ്ര മീറ്റർ സ്ഥലത്തേക്ക് വ്യാപിച്ചു. പിന്നീട് അഗ്നിശമനസേനാംഗങ്ങളെത്തിയാണ് തീ അണച്ചത്.
മരിച്ച അഞ്ച് പേരിൽ കെഇഎംഇസഡ് (KEMZ) കമ്പനിയിലെ ഡെപ്യൂട്ടി ജനറൽ ഡയറക്‌ടർ, ചീഫ് എൻജിനീയർ, ചീഫ് ഡിസൈനർ, ഹെലികോപ്റ്ററിൻ്റെ ഫ്ലൈറ്റ് മെക്കാനിക്ക് എന്നിവരും ഉൾപ്പെടുന്നു.ദാരുണമായ ഈ അപകടം നടന്ന നിമിഷങ്ങൾ ഉൾപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ആദ്യം, കടൽത്തീരത്തിനടുത്തുള്ള മണൽപ്പരപ്പിൽ നിന്ന് പറന്നുയരാൻ ശ്രമിക്കുന്നതിനിടെ ഹെലികോപ്റ്റർ അപകടകരമായി ചരിയുന്നത് കാണാം.നിമിഷങ്ങൾക്കുശേഷം, തിരമാലകൾ ആഞ്ഞടിക്കുന്നതിന് മുകളിലൂടെ, സ്ഥിരത കൈവരിക്കാൻ പാടുപെട്ട് അത് വെള്ളത്തിന് മുകളിൽ താഴ്ന്നു പറക്കുന്നു.തകർന്നുവീഴുന്നതിന് തൊട്ടുമുമ്പ് ഹെലികോപ്റ്ററിൻ്റെ വാൽഭാഗം അടർന്നുപോയി.ആഴം കുറഞ്ഞ വെള്ളത്തിന് മുകളിലൂടെ ചെറുതായി ഉയർത്താൻ പൈലറ്റിന് കഴിഞ്ഞെങ്കിലും, ഉടൻതന്നെ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം താഴേക്ക് പതിച്ചു.അവസാന നിമിഷങ്ങളിൽ, ഹെലികോപ്റ്റർ ശക്തിയായി വെട്ടിത്തിരിഞ്ഞ് വെള്ളത്തിലേക്ക് കൂപ്പുകുത്തുകയും, തുടർന്ന് വെള്ളം ശക്തിയായി മുകളിലേക്ക് ചിതറിത്തെറിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."