ചിതറ പഞ്ചായത്തില്‍ പ്രസിഡന്റിനെതിരെ
വൈസ്പ്രസിഡന്റിന്റെ പിന്തുണയോടെ അവിശ്വാസം
കടയ്ക്കല്‍: ചിതറ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റിനെതിരെ വൈസ് പ്രസിഡന്റിന്റെ പിന്തുണയോടെ യു.ഡി.എഫ് അവിശ്വാസ നോട്ടീസ് നല്‍കി. എല്‍.ഡി.എഫ് ഭരണസമിതിയുള്ള ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റായ സുജിത കൈലാസിനെതിരെയാണ് വൈസ് പ്രസിഡന്റ് കലയപുരം സൈഫുദ്ദീന്റെ പിന്തുണയോടെ യു.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.
ആകെ 23 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ എല്‍.ഡി.എഫിന് പതിനൊന്നും യു.ഡി.എഫിന് എട്ടും ബി.ജെപി, സ്വതന്ത്രര്‍ എന്നിവര്‍ക്ക് രണ്ടുവീതം അംഗങ്ങളുമാണുള്ളത്. സ്വതന്ത്രന്മാരില്‍ ഒരാള്‍ ബി.ജെ.പിയ്‌ക്കൊപ്പം ആദ്യംതന്നെ ചേര്‍ന്നിരുന്നു. രണ്ടാമനായ കലയപുരം സെയ്ഫുദ്ദീന് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിയാണ് എല്‍.ഡി.എഫ് ഭരണം പിടിച്ചെടുത്തത്.
വൈസ് പ്രസിഡന്റ് കലയപുരം സെഫ്‌സുദീനെ കൂടാതെ യു.ഡി.എഫ് അംഗങ്ങളായ എ. അസ്‌ലം, കുളത്തറ ഷൈജു, ലീന ഓമനദേവന്‍, എസ് .സിനി, ഫസീല ബീവി, നസീറ ബീവി, റഷീദ ബീവി, വി.ആര്‍ മഞ്ജു എന്നിവരാണ് അവിശ്വാസ നോട്ടീസില്‍ ഒപ്പിട്ടിട്ടുള്ളത്.
തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിലായിരുന്ന കലയപുരം സെയ്ഫുദ്ദീന്‍ സ്വതന്ത്രനായി മത്സരിച്ചത്. തൂക്കുസഭയിലേക്ക് എത്തിയതോടെ വൈസ് പ്രസിഡന്റ് സ്ഥാനവുമായി എല്‍.എഡി.എഫ് സെയ്ഫുദ്ദീനെ സമീപിച്ചു. തുടര്‍ന്നാണ് സുജിതാ കൈലാസ് പ്രസിഡന്റും സെയ്ഫുദ്ദീന്‍ വൈസ് പ്രസിഡന്റുമായ എല്‍.ഡി.എഫ് ഭരണസമിതി അധികാരത്തിലെത്തിയത്.
ഭരണം പിടിച്ചെടുത്തെങ്കിലും കഴിഞ്ഞ ഒന്‍പതുമാസത്തിനിടെ ഗ്രാമപഞ്ചായത്തിലെ പല പദ്ധതികളും നടപ്പിലാക്കാന്‍ പുതിയ ഭരണസമിതിയ്ക്ക് കഴിഞ്ഞിരുന്നില്ല. പഞ്ചായത്ത് മീറ്റിങ്ങുകളില്‍ മിക്കപ്പോഴും സ്വതന്ത്രനായ വൈസ്പ്രസിഡന്റിന്റെ അഭിപ്രായങ്ങള്‍ ഒഴിവാക്കി പാര്‍ട്ടി തീരുമാനങ്ങളാണ് നടപ്പിലാക്കിയിരുന്നതെന്നു കലയപുരം സൈഫുദ്ദീന്‍ പറഞ്ഞു. തുടര്‍ന്നാണ് യു.ഡി.എഫിന്റെ അവിശ്വാസ നോട്ടീസിന് പിന്തുണ നല്‍കിയത്.
അവിശ്വാസം പാസാക്കിയാലും ബി.ജെ.പിയുടെ പിന്തുണയോടെ മാത്രമേ യു.ഡി.എഫിന് അധികാരത്തിലെത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ബി.ജെ.പി നേതൃത്വം ഇത് സംബന്ധിച്ച് അഭിപ്രായങ്ങളൊന്നും പറഞ്ഞിട്ടില്ല. ബി.ജെ.പിയെ മാറ്റി നിര്‍ത്തിയാല്‍ 11 അംഗങ്ങളുമായി എല്‍.ഡി.എഫിന് ഭരണം നിലനിര്‍ത്താന്‍ കഴിയും. എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."