ആരാധനാലയങ്ങൾ ആക്രമിക്കാൻ ഗൂഢാലോചന നടത്തി; സഊദിയിൽ രണ്ട് പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കി
റിയാദ്: സഊദി അറേബ്യയിൽ ആരാധനാലയങ്ങൾ ആക്രമിക്കാൻ പദ്ധതിയിടുകയും മറ്റ് തീവ്രവാദ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്ത രണ്ട് സഊദി പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും നിരപരാധികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമം കർശനമായി നടപ്പാക്കുന്നതിനുള്ള സഊദിയുടെ പ്രതിബദ്ധതയാണ് നടപടിയിലൂടെ പ്രതിഫലിക്കുന്നത്.
സഊദി പൗരന്മാരായ ഫഹദ് ബിൻ അലി ബിൻ അബ്ദുൽ അസീസ് അൽ-വുഷൈൽ, അബ്ദുൾറഹ്മാൻ ബിൻ ഇബ്രാഹിം ബിൻ മുഹമ്മദ് അൽ-മൻസൂർ എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്.
ആരാധനാലയങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിടൽ, സുരക്ഷാ കേന്ദ്രങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യം വയ്ക്കൽ, ആയുധങ്ങളും സ്ഫോടകവസ്തുക്കളും നിർമ്മിക്കുകയും കൈവശം വെക്കുകയും ചെയ്യൽ, തീവ്രവാദികൾക്ക് അഭയം നൽകൽ, രാജ്യത്തിന്റെ സുരക്ഷയ്ക്ക് ദോഷം വരുത്താൻ ലക്ഷ്യമിട്ട് വിദേശ ഭീകര സംഘടനയിൽ ചേരൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇരുവരെയും വധശിക്ഷയ്ക്ക് വിധേയരാക്കിയത്.
എങ്കിലും ആക്രമണങ്ങൾ എപ്പോഴാണ് നടപ്പാക്കാൻ പദ്ധതിയിട്ടിരുന്നതെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല. രണ്ട് പ്രതികൾക്കെതിരെയും കുറ്റം ചുമത്തുകയും കോടതിയുടെ വിധി പ്രകാരം കുറ്റങ്ങൾ സ്ഥിരീകരിച്ച് വധശിക്ഷ വിധിക്കുകയും ചെയ്യുകയായിരുന്നു. വിധിക്ക് പിന്നാലെ പ്രതികൾ അപ്പീൽ നൽകിയിരുന്നുവെങ്കിലും കോടതി അത് തള്ളിക്കളയുകയും വധശിക്ഷ ശരിവെക്കുകയും ചെയ്തിരുന്നു. തുടർന്ന്, ശിക്ഷ നടപ്പാക്കുന്നതിനായി രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
നിരപരാധികളെ ആക്രമിക്കുകയും അവരുടെ സുരക്ഷയ്ക്കുള്ള അവകാശം ലംഘിക്കുകയും ചെയ്യുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സുരക്ഷ നിലനിർത്താനുള്ള പ്രതിബദ്ധതയിൽനിന്ന് പിന്നോട്ടില്ലെന്നും സഊദി അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി.
saudi arabia has sentenced two citizens to death for conspiring to attack religious places. the verdict underscores the kingdom’s strict measures against terrorism and threats to public safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."