കാസർകോഡിൽ വീടിന് നേരെ വെടിവെച്ച സംഭവം; ഓൺലൈൻ ഗെയിമിന്റെ സ്വാധീനത്താൽ വെടിവെച്ചത് 14കാരനായ മകനെന്ന് പൊലിസ്
കാസർകോഡ്: ഉപ്പളയിൽ വീടിന് നേരെ വെടിവെച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഓൺലൈൻ ഗെയിമിന്റെ സ്വാധീനം മൂലം 14കാരനായ മകനാണ് വെടിയുതിർത്തതെന്നാണ് പൊലിസ് അറിയിച്ചത്. എയർഗൺ ഉപയോഗിച്ചുകൊണ്ടാണ് കുട്ടി വെടിവെച്ചതെന്നാണ് മഞ്ചേശ്വരം പൊലിസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത്.
ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. സംഭവം നടക്കുമ്പോൾ കുട്ടി വീട്ടിൽ ഒറ്റക്കായിരുന്നു. ഉപ്പള ഹിദായത്ത് നഗറിലെ അബൂബക്കറിന് നേരെയാണ് വെടിവെപ്പ് നടന്നത്. കാറിൽ വന്ന നാല് പേർ അടങ്ങുന്ന സംഘമാണ് വീടിന് നേരെ വെടിയുതിർത്തതെന്നാണ് കുട്ടി ആദ്യം പൊലിസിനോട് പറഞ്ഞത്. വെടിവെപ്പ് നടക്കുമ്പോൾ വീട്ടിലുള്ള സിസിടിവി ഓഫ് ചെയ്ത നിലയിലായിരുന്നു ഉണ്ടായിരുന്നത്.
തുടർന്ന് സംഭവം അതി ഗൗരവത്തോടെ അന്വേഷിച്ച പൊലിസ് അടുത്തുള്ള സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും പരിശോധിച്ചു. എന്നാൽ തെളിവുകളൊന്നും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്. രക്ഷിതാക്കളുടെ സാന്നിധ്യത്തിലാണ് കുട്ടിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ സ്വയം വെടിയുതിർക്കുകയായിരുന്നുവെന്ന് കുട്ടി സമ്മതിക്കുകയായിരിക്കുന്നു.
ഓൺലൈൻ ഗെയിമിൽ പറഞ്ഞ കാര്യങ്ങൾ പ്രകാരം കുട്ടി സ്വയം വെടിയുതിർക്കുകയായിരുന്നു. കുട്ടിയിൽ നിന്നും തോക്കും തിരകളും കണ്ടെത്തി. കുട്ടിക്ക് എവിടെ നിന്നാണ് തോക്ക് ലഭിച്ചതെന്നും ഇത് ചെയ്യാൻ എന്താണ് പ്രചോദനമായതെന്നതിനെയും കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."