അസമിൽ ബഹുഭാര്യത്വം നിരോധിച്ചു; ഗോത്രവിഭാഗങ്ങൾക്ക് ആകാം
ന്യൂഡൽഹി: അസമിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വിവാദമായ ബഹുഭാര്യത്വ നിരോധന നിയമം കൊണ്ടുവന്ന് ഹിമന്തബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ. നിയമപരമായ വിവാഹമോചനമില്ലാതെ രണ്ടാമതും വിവാഹം കഴിക്കുന്ന ആർക്കും ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന 'ദി അസം പ്രൊഹിബിഷൻ ഓഫ് പോളിഗമി ബിൽ 2025' എന്ന പേരിലുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ബില്ല് ഈ മാസം 25 ന് നിയമസഭയിൽ അവതരിപ്പിക്കുമെന്ന് ഹിമന്തബിശ്വ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്ത്രീകൾക്ക് നീതിയും സംരക്ഷണവും ഉറപ്പാക്കുകയാണ് നിയമം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഗോത്രവർഗക്കാർക്ക് പ്രത്യേക ഭരണഘടനാ വ്യവസ്ഥകളെ കുറിച്ചു പറയുന്ന ആറാം ഷെഡ്യൂളിന് കീഴിലുള്ള പ്രദേശങ്ങൾക്ക് ചില ഇളവുകൾ ഉണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഒന്നിലധികം വിവാഹംകഴിച്ച പുരുഷൻമാരുടെ ഭാര്യമാരെ സഹായിക്കനായി ഫണ്ട് രൂപീകരിക്കം. ഇത്തരം സ്ത്രീകൾക്ക് ഈ ഫണ്ടിൽനിന്ന് നഷ്ടപരിഹാരം നൽകും. ഒരു സ്ത്രീയും ജീവിതത്തിൽ ബുദ്ധിമുട്ടുകൾ നേരിടാതിരിക്കാൻ ആവശ്യമായ കേസുകളിൽ സർക്കാർ സാമ്പത്തിക സഹായം നൽകുംമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സാമുദായിക അസ്വസ്ഥത ഉണ്ടാക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന ആക്ടിവിസ്റ്റുകളുടെയും പ്രതിപക്ഷകക്ഷികളുടെയും വിമർശനങ്ങൾക്കിടെയാണ്, മന്ത്രിസഭയുടെ നടപടി. ബഹുഭാര്യത്വനിരോധനനിയമം മുസ്ലിംകളെ ലക്ഷ്യംവച്ചാണെന്ന ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടി. ബഹുഭാര്യത്വം സാംസ്‌കാരികമായി അംഗീകരിക്കുകയും അത് പരമ്പരാഗതമായി ആചരിക്കപ്പെടുകയും ചെയ്യുന്ന മികിർ, കാർബി, കച്ചാരി, നാഗ, മിഷിങ്, ദിമാസാ എന്നിവയുൾപ്പെടെ 23 ഗോത്രവർഗ സമൂഹങ്ങൾ അസമിലുണ്ട്. എന്നാൽ ഇവർ ബില്ലിലെ ആറാം ഷെഡ്യൂളിന് കീഴിലുള്ള പ്രദേശങ്ങൾ എന്നവ്യവസ്ഥയിൽ വരുന്നതിനാൽ നിയമം ബാധകമായേക്കില്ല. ബഹുഭാര്യത്വം, ഒരു ലിംഗപരമായ വിവേചനമായി കണ്ട് നിരോധിക്കുകയാണെങ്കിൽ നിയമം എല്ലാ സമുദായങ്ങൾക്കും ഒരുപോലെ ബാധകമാകേണ്ടതാണെന്ന് ദിബ്രുഗഡിൽ നിന്നുള്ള ആക്ടിവിസ്റ്റ് രഞ്ജിത് ഹസാരിക പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."