ഡല്‍ഹി സ്‌ഫോടനം; കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി, ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും
ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തില്‍ കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവം ഏറെ വേദനാജനകമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും കൂട്ടിച്ചേര്‍ത്തു. ഭൂട്ടാന്‍ സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'ഇന്ന്, ദുഖഭരിതമായ ഹൃദയത്തോടെയാണ് ഞാനിവിടെ വരുന്നത്. ഇന്നലെ വൈകുന്നേരം ഡല്‍ഹിയില്‍ നടന്ന ഭയാനകമായ സംഭവം എല്ലാവരെയും വളരെയധികം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ദുരിതബാധിത കുടുംബങ്ങളുടെ വേദന ഞാന്‍ മനസ്സിലാക്കുന്നു. മുഴുവന്‍ രാഷ്ട്രവും ഇന്ന് അവരോടൊപ്പം നില്‍ക്കുന്നു. കഴിഞ്ഞ രാത്രി സംഭവം അന്വേഷിക്കുന്ന എല്ലാ ഏജന്‍സികളുമായും ഞാന്‍ ബന്ധപ്പെട്ടിരുന്നു. ഞങ്ങളുടെ അന്വേഷണ ഏജന്‍സികള്‍ ഈ ഗൂഢാലോചനയുടെ അടിത്തട്ടിലേക്ക് എത്തും. ഇതിന് പിന്നിലെ ഗൂഢാലോചനക്കാരെ വെറുതെ വിടില്ല. ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും,'- പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം തുടരുകയാണ്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ തപന്‍ ദേക, ഡല്‍ഹി പൊലിസ് കമ്മീഷണര്‍ സതീഷ് ഗോള്‍ച്ച, എന്‍.ഐ.എ ഡി.ജി സദാനന്ദ് വസന്ത് ദത്തേ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നു. ജമ്മു കശ്മീര്‍ ഡി.ജി.പി നളിന്‍ പ്രഭാതും യോഗത്തില്‍ വെര്‍ച്വലായി പങ്കെടുക്കുന്നുണ്ട്.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലിസ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം (യുഎപിഎ), സ്‌ഫോടകവസ്തു നിയമം, ഭാരതീയ ന്യായ സംഹിത എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയതിരിക്കുന്നത്. കാര്‍ കടന്നുവന്ന വഴികളിലേതുള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട് മേഖലയിലെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലിസ് പരിശോധിച്ചു വരികയാണ്.
സ്‌ഫോടനത്തില്‍ നിരവധി പേര്‍ പരുക്കുകളോടെ ലോക്‌നായക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരു ഡസനോളം പേരുടെ നില സാരമാണ്. ഇന്നലെ വൈകീട്ട് ഏഴുമണിയോടെ ചെങ്കോട്ടയിലെ മെട്രോ സ്റ്റേഷന്‍ ഗേറ്റ് നമ്പര്‍ ഒന്നിന് മുന്നിലാണ് സംഭവമുണ്ടായത്. വൈകുന്നേരസമയങ്ങളില്‍ വന്‍ ജനക്കൂടം തടിച്ചുകൂടിനില്‍ക്കുന്ന പ്രദേശമാണിത്. വിദേശികളടക്കമുള്ള വിനോദസഞ്ചാരികള്‍ പതിവായി വരുന്ന ഇവിടേക്ക് പഴയ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരവും ഡല്‍ഹി ജുമാ മസ്ജിദില്‍നിന്ന് ഒന്നരകിലോമീറ്റര്‍ അകലവും മാത്രമെയുള്ളൂ. ഡല്‍ഹിയിലെ വായുമലിനീകരണവും തണുപ്പ് തുടങ്ങിയതിനാലും സംഭവസമയം ഇവിടെ പതിവ് പോലെ തിരക്കില്ലാതിരുന്നത് ആളപായം കുറയാന്‍ കാരണമായി.
സാവകാശം വന്ന കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ശേഷമാണ് പൊട്ടിത്തെറിച്ചതെന്ന് ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു. കാറില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നുവെന്നും ഇവരും മരിച്ചതായും ഡല്‍ഹി പൊലിസ് കമ്മീഷണര്‍ സതീഷ് ഗോല്‍ച്ച പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവജാഗ്രത പുറപ്പെടുവിച്ചു. പ്രദേശത്തെ കടകളെല്ലാം അടപ്പിച്ചു. റോഡുകളും അടച്ചു.
2008ല്‍ രണ്ടു ഡസനിലേറെ പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹിയിലെ വിവിധ മാര്‍ക്കറ്റുകളിലുണ്ടായ സ്‌ഫോടന പരമ്പരയ്ക്ക് ശേഷം രാജ്യതലസ്ഥാനത്തുണ്ടാകുന്ന ഏറ്റവും ആള്‍നാശമുണ്ടായ സ്‌ഫോടനമാണിത്.
prime minister assured that those responsible for the delhi blast will not be spared and will be brought before the law. he condemned the attack near red fort, expressing condolences to the victims’ families and urging unity against terrorism.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."