ഒരു മാസത്തിനിടെ ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 282 തവണ, കൊല്ലപ്പെട്ടത് 242 ഫലസ്തീനികള്‍
ഗസ്സ സിറ്റി: ഗസ്സയില്‍ നടപ്പിലാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്‌റാഈല്‍ ലംഘിച്ചത് 282 തവണ. ഒരുമാസത്തിനിടെ 242 ഫലസ്തീനികളെയാണ് ഇസ്‌റാഈല്‍ കൊന്നൊടുക്കിയത്. നൂറുകണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 622 പേര്‍ക്കാണ് പരുക്കേറ്റതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇസ്‌റാഈല്‍ 88 തവണ സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും ഗവണ്‍മെന്റ് ഓഫിസ് ഗസ്സ റിപ്പോര്‍ട്ട് ചെയ്യുന്നു. 12 തവണ 'മഞ്ഞ വരയ്ക്ക്' അപ്പുറത്തുള്ള ജനവാസ കേന്ദ്രങ്ങള്‍ ആക്രമിച്ചു. 124 തവണ ഗസ്സയില്‍ ബോംബാക്രമണം നടത്തി. 52 തവണ ജനങ്ങളുടെ സ്വത്തുക്കള്‍ തകര്‍ത്തു. കഴിഞ്ഞ ഒരു മാസത്തിനിടെ ഗസ്സയില്‍ നിന്നുള്ള 23 ഫലസ്തീനികളെ ഇസ്‌റാഈല്‍ കസ്റ്റഡിയിലെടുത്തതായും ഓഫിസ് പറയുന്നു. ഗസ്സയിലേക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തടഞ്ഞ് ഇസ്‌റാഈല്‍ മുനമ്പിലുടനീളം ആക്രമണം തുടരുകയാണ്. ഖാന്‍ യൂനുസ് ഉള്‍പ്പെടെ ഗസ്സക്ക് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അതിനിടെ, ഫലസ്തീന്‍ പൗരന്‍മാരെ വധശിക്ഷക്ക് വിധയരാക്കാന്‍ ലക്ഷ്യമിട്ടുള്ള വിവാദ നിയമനിര്‍മാണവുമായി ഇസ്‌റാഈല്‍ മുന്നോട്ട് തന്നെയാണെന്നാണ് സൂചന. നിയമ നിര്‍മാണത്തിനെതിരെ ഉയരുന്ന വ്യാപക എതിര്‍പ്പുകള്‍ വകവെക്കാതെയാണ് നീക്കം. 39 വോട്ടുകളുടെ പിന്‍ബലത്തില്‍ കരട് ബില്ലിന്റെ ആദ്യവായന ഇസ്‌റാഈല്‍ പാര്‍മെന്റ് പാസാക്കിയിരുന്നു. 120 അംഗ പാര്‍മെന്റില്‍ 16 പേര്‍ എതിര്‍ത്തിരുന്നു. മധുരം വിതരണം ചെയ്താണ് തീവ്ര വലതുപക്ഷ മന്ത്രി ഇതാമര്‍ ബെന്‍ ഗവിര്‍ വിജയം ആഘോഷിച്ചത്. പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ പിന്തുണയും ബില്ലിനുണ്ടെന്നാണ് സൂചന.
അതേസമയം, വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടം സംബന്ധിച്ച് ഇസ്‌റാഈലും അമേരിക്കയും തമ്മില്‍ നടന്ന ചര്‍ച്ച വിജയിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. സ്റ്റിവ് വിറ്റ് കോഫ്, ജറദ് കുഷ്‌നര്‍ എന്നിവരാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ച നടത്തിയത്. യുദ്ധാനന്തര ഗസ്സയിലെ സര്‍ക്കാര്‍, അന്താരാഷ്ട്ര സുരക്ഷാ സേനയുടെ വിന്യാസം, ഹമാസിന്റെ നിരായുധീകരണം എന്നിവയായിരുന്നു പ്രധാനമായും ചര്‍ച്ച ചെയ്തത്.
റഫയില്‍ യെല്ലോ ലൈനിനു പിറകിലുള്ള തുരങ്കങ്ങളില്‍ കഴിയുന്ന 150ല്‍ അധികം വരുന്ന പോരാളികളുടെ വിഷയവും ചര്‍ച്ചയായി. ഇവരെ ഗസ്സയിലെ ഹമാസ് നിയന്ത്രിത പ്രദേശത്തേക്ക് പോകാന്‍ അനുവദിക്കണമെന്ന് കുഷ്‌നര്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി ഇസ്‌റാഈലി ബ്രോഡ്കാസ്റ്റിങ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈല്‍ തീരുമാനമൊന്നും അറിയിച്ചിട്ടില്ലെന്നാണ് സൂചന.
in the past month, israel reportedly violated the ceasefire agreement 282 times, resulting in the deaths of 242 palestinians. get the latest updates on the israel-palestine conflict and humanitarian situation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."