മത്സ്യത്തൊഴിലാളികളുടെ വലയിൽ കോടികൾ വിലമതിക്കുന്ന 'തിമിംഗല ഛർദ്ദി' കുടുങ്ങി; വൻ നിധി കോസ്റ്റൽ പൊലിസിന് കൈമാറി
കൊയിലാണ്ടി: കോടികൾ വിലമതിക്കുന്ന അത്യപൂർവ വസ്തുവായ തിമിംഗല ഛർദ്ദി (ആംബർഗ്രിസ്) കോഴിക്കോട് കൊയിലാണ്ടിയിലെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി. വൻ നിധി ലഭിച്ചതിനെ തുടർന്ന് തൊഴിലാളികൾ വിവരം കോസ്റ്റൽ പൊലിസിനെ അറിയിക്കുകയും നിയമപരമായ തുടർ നടപടികൾക്കായി കൈമാറുകയും ചെയ്തു.
കൊയിലാണ്ടി കൊല്ലം ഗുരുകുലം ബീച്ചിലെ സുരേഷ്, ബൈജു എന്നിവരുടെ ഉടമസ്ഥതയിലുള്ള 'ഗ്യാലക്‌സി' വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്കാണ് തിമിംഗല ഛർദ്ദി ലഭിച്ചത്. മീൻപിടിത്തത്തിനിടെ വലയിൽ ഭാരമേറിയ അജ്ഞാതവസ്തു കുടുങ്ങിയപ്പോൾ തന്നെ ഇവർക്ക് സംശയം തോന്നി. പിന്നീട് നടത്തിയ പരിശോധനയിലാണ് അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ആംബർഗ്രിസ് ആണിതെന്ന് തിരിച്ചറിഞ്ഞത്.
അപൂർവ വസ്തുവാണെന്ന് മനസിലാക്കിയ ഉടൻ തൊഴിലാളികൾ ഇക്കാര്യം കോസ്റ്റൽ പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. വള്ളം കൊയിലാണ്ടി ഹാർബറിൽ അടുപ്പിച്ച ശേഷം ആംബർഗ്രിസ് പേരാമ്പ്ര ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർക്ക് കൈമാറി.
വിലമതിക്കാനാവാത്ത നിധി
സുഗന്ധദ്രവ്യ നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുവാണ് തിമിംഗല ഛർദ്ദി. ഇത് സ്പേം തിമിംഗലങ്ങളുടെ (Sperm Whale) കുടലിലാണ് രൂപപ്പെടുന്നത്. വംശനാശഭീഷണി നേരിടുന്ന ജീവിവർഗ്ഗത്തിൽപ്പെടുന്ന സ്പേം തിമിംഗലങ്ങളെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിച്ചിരിക്കുന്നതിനാൽ ഇന്ത്യയിൽ ഇതിന്റെ വിൽപന പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ലഭിച്ച തിമിംഗല ഛർദ്ദി നിയമപരമായ പരിശോധനകൾക്കും തുടർനടപടികൾക്കുമായി വനംവകുപ്പിന്റെ കസ്റ്റഡിയിൽ തുടരും.
A valuable lump of ambergris (whale vomit), estimated to be worth millions, was accidentally caught in the fishing net of local fishermen off the coast of Koyilandy, Kozhikode.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."