ഭർത്താവിനെ കൊന്ന് ബാഗിലാക്കി; മകളെ വിളിച്ചറിയിച്ച ശേഷം യുവതി നാടുവിട്ടു
റായ്പുർ: ഛത്തീസ്ഗഢിൽ ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മകളെ ഫോണിൽ വിളിച്ച് കുറ്റസമ്മതം നടത്തി. ജഷ്പുർ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. മൻഗ്രിത (35) എന്ന യുവതിയാണ് ഭർത്താവ് സന്തോഷ് ഭാഗതിനെ (45) കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ യുവതിക്കായി പൊലിസ് തിരച്ചിൽ ഊർജിതമാക്കി.
നവംബർ എട്ടിനാണ് കൊലപാതകം നടന്നത്. ഇരുവരും തമ്മിലുണ്ടായ രൂക്ഷമായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കിയ നിലയിലാണ് പൊലിസ് കണ്ടെത്തിയത്.
കൃത്യം നടത്തിയ ശേഷം യുവതി വിവാഹിതയായി ഭർതൃവീട്ടിൽ താമസിക്കുന്ന മകളെ ഫോണിൽ വിളിച്ചു. "അച്ഛനെ ഞാൻ കൊന്നു, മൃതദേഹം ബാഗിലാക്കി. എന്നെ ഇനി അന്വേഷിക്കേണ്ട," എന്ന് പറഞ്ഞ് മൻഗ്രിത ഫോൺ കട്ട് ചെയ്യുകയായിരുന്നു. ഉടൻതന്നെ മകൾ അമ്മയെ തിരികെ വിളിച്ചെങ്കിലും ഫോൺ ഓഫായിരുന്നു.
സംശയം തോന്നിയ മകൾ വിവരം ബന്ധുക്കളെ അറിയിച്ചു. തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് പുതപ്പിൽ പൊതിഞ്ഞ നിലയിൽ ബാഗിനകത്ത് സന്തോഷ് ഭാഗതിന്റെ മൃതദേഹം കണ്ടെത്തിയത്. സന്തോഷിന്റെ വായിൽനിന്നും മൂക്കിൽനിന്നും രക്തം വാർന്നിരുന്നു. പൊലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. കൂടുതൽ പരിശോധനകൾക്കായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
അതേസമയം കൊലപാതകത്തിന് പിന്നാലെ വീട് വിട്ടിറങ്ങിയ മൻഗ്രിതയ്‌ക്കെതിരെ പൊലിസ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. മുംബൈയിൽ ജോലി ചെയ്തിരുന്ന മൻഗ്രിത ഏതാനും മാസങ്ങൾക്ക് മുൻപാണ് ജഷ്പൂരിലെത്തിയത്. വന്നതുമുതൽ ഇവർ ഭർത്താവുമായി സ്ഥിരമായി വഴക്കിലായിരുന്നുവെന്ന് പ്രദേശവാസികൾ പൊലിസിനെ അറിയിച്ചു. യുവതിയെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണെന്ന് ജഷ്പുർ പൊലിസ് അറിയിച്ചു.
A woman in Jashpur, Chhattisgarh, allegedly murdered her 45-year-old husband, Santosh Bhagat, following an argument on November 8. After the crime, the accused, Mangrita, called her daughter to confess, stating she had killed him and put the body in a bag, instructing her daughter not to search for her. The daughter alerted relatives who found the body wrapped in a blanket inside a bag. Police have registered a murder case and are actively searching for Mangrita, who fled the scene after the confession.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."