ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി
തിരുവനന്തപുരം: ധന അഡീഷനൽ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. എ. ജയതിലകിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി.
സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരം കേന്ദ്രസർക്കാരാണ് സസ്‌പെൻഷൻ നീട്ടിയത്. നിലവിലെ സസ്‌പെൻഷൻ അടുത്ത വർഷം മെയ് മാസം വരെ തുടരും. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥനെതിരായ വകുപ്പുതല അന്വേഷണം നടക്കുന്നതായി സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചതിനെ തുടർന്നാണ് സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടിയത്.
2024 നവംബർ പത്തിനാണ് എൻ. പ്രശാന്തിനെ ആദ്യം സസ്‌പെൻഡ് ചെയ്തത്. പിന്നീട് പല തവണയായി സസ്‌പെൻഷൻ കാലാവധി നീട്ടുകയായിരുന്നു. മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനായ എ. ജയതിലകിനെതിരെ സമൂഹമാധ്യമത്തിൽ നടത്തിയ രൂക്ഷമായ വിമർശനമാണ് സസ്‌പെൻഷന് കാരണം. ഉന്നതി സി.ഇ.ഒ. ആയിരിക്കെ താൻ ഫയൽ മുക്കിയെന്ന ആരോപണത്തിന് പിന്നിൽ എ. ജയതിലകാണെന്ന് പ്രശാന്ത് ആരോപിച്ചിരുന്നു. നിലവിൽ ചീഫ് സെക്രട്ടറിയാണ് എ. ജയതിലക്.
മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെ അപമാനിക്കുക വഴി പ്രശാന്ത് ഭരണയന്ത്രത്തിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചു എന്നാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ സസ്‌പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. മറ്റൊരു സംഭവത്തിൽ, മതാടിസ്ഥാനത്തിൽ ഐ.എ.എസ്. വാട്‌സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചതിന് വ്യവസായ ഡയറക്ടർ കെ. ഗോപാലകൃഷ്ണനെയും സസ്‌പെൻഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് അദ്ദേഹത്തെ തിരിച്ചെടുത്തു.
N. Prasanth's suspension, initially imposed after he allegedly defamed the Chief Secretary (Dr. A. Jayathilak) on social media, has been extended by the central government for another six months. The extension was granted based on the State Government's report that a departmental inquiry is currently underway. The suspension will now continue until May of next year, and the Chief Secretary has issued the corresponding order.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."