ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി കശാപ്പുചെയ്യുന്നു; വോട്ട് മോഷണം നടത്താൻ ഒപ്പം തെരഞ്ഞെടുപ്പ് കമ്മിഷനും: രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി പരസ്യമായി കശാപ്പ് ചെയ്യുകയാണെന്നും, തെരഞ്ഞെടുപ്പ് കമ്മിഷനുമായി ചേർന്ന് രാജ്യത്ത് വോട്ട് മോഷണം നടത്തുകയാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദശലക്ഷക്കണക്കിന് ബിജെപി പ്രവർത്തകർ കള്ളവോട്ട് ചെയ്ത് കറങ്ങി നടക്കുകയാണ്. ഒരു രാജ്യം ഒരു വോട്ട് എന്ന തത്വത്തെ ലംഘിക്കുന്ന പ്രവർത്തനങ്ങളാണ് ബിജെപി നടത്തുന്നതെന്നും രാഹുൽ എക്‌സ് പോസ്റ്റിലൂടെ ആരോപിച്ചു.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് തലസ്ഥാനത്ത് നിന്ന് സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ടെന്നും, ജില്ലാ തെരഞ്ഞെടുപ്പ് കമ്മിഷന്റെ കയ്യിൽ ഈ ദൃശ്യങ്ങൾ ലഭ്യമല്ലെന്നും രാഹുൽ ആരോപിച്ചു. ഡൽഹി ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ സമർപ്പിച്ച സത്യവാങ്മൂലം സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമർശനം. ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ 'വോട്ട് കൊള്ളയ്ക്ക്' ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
'വോട്ട് കൊള്ള' ആരോപണങ്ങൾ ആവർത്തിച്ച് രാഹുൽ
ഓഗസ്റ്റ് മാസം മുതൽ ബിജെപിയെയും തെരഞ്ഞെടുപ്പ് കമ്മിഷനെയും പ്രതിക്കൂട്ടിൽ നിർത്തി രാഹുൽ ഗാന്ധി നടത്തിയ മൂന്നാമത്തെ വാർത്താസമ്മേളനമാണിത്. ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് അദ്ദേഹം വീണ്ടും ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.
2024-ൽ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചത് 'വോട്ട് കൊള്ള'യിലൂടെയാണെന്ന് രാഹുൽ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. ഹരിയാനയിൽ 25 ലക്ഷം വോട്ടുകളാണ് കവർച്ച ചെയ്യപ്പെട്ടതെന്നും 5,21,619 ഇരട്ടവോട്ടുകൾ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
ആകെ വോട്ടർമാരിൽ എട്ടിലൊന്ന് വോട്ട് വ്യാജമാണ്.
രണ്ട് കോടി വോട്ടർമാരിൽ 25 ലക്ഷം കള്ളവോട്ടുകൾ നടന്നു.
ഒരേ മണ്ഡലത്തിൽ ഒരാൾക്ക് 100 വോട്ടുകൾ വരെ ഉണ്ട്. ഒറ്റ ഫോട്ടോയും പേരും ഉപയോഗിച്ച് നൂറ് വോട്ടുകൾ വരെ.
വോട്ടർപട്ടികയിൽ ഒരേ ഫോട്ടോ, ഒരേ പേര്. 104-ാം നമ്പർ വീട്ടിൽ നൂറുകണക്കിന് വോട്ടർമാർ.
രണ്ട് ബൂത്തുകളിലായി ഒരു സ്ത്രീ 223 വോട്ട് ചെയ്തു.
12,477 വോട്ടുകൾ വ്യാജ ഫോട്ടോകളിലാണ് രേഖപ്പെടുത്തിയതെന്നും, ഈ വോട്ടുകളിൽ ബ്ലർ ചെയ്ത ഫോട്ടോകളാണ് ഉപയോഗിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'സർക്കാർ ചോരി' എന്ന പേരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യാജ വോട്ടുകളുടെ ഫയലുകളും രാഹുൽ ഗാന്ധി മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. ഉത്തർപ്രദേശിൽ വോട്ടർ ഐഡിയുള്ള സർപഞ്ച് ഹരിയാനയിലും വോട്ട് ചെയ്യുന്നതുൾപ്പെടെയുള്ള ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും ആയിരക്കണക്കിന് ആളുകൾ യുപിയിലും ഹരിയാനയിലും വോട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."