അതിവേഗത്തിൽ പറന്നവർക്ക് പൂട്ട് വീണു: 100 കി.മീ/മണിക്കൂറിൽ ഇ-ബൈക്ക് ഓടിച്ച കൗമാരക്കാരെ ദുബൈ പൊലിസ് പിടികൂടി; 101 വാഹനങ്ങൾ പിടിച്ചെടുത്തു
ദുബൈ: ദുബൈയിലെ ചില പ്രദേശങ്ങളിൽ നിയമം ലംഘിച്ച് അശ്രദ്ധമായി ഇ-ബൈക്കുകൾ ഓടിച്ച 101 ഇലക്ട്രിക് ബൈക്കുകൾ (ഇ-ബൈക്കുകൾ) പിടിച്ചെടുത്ത് ദുബൈ പൊലിസ്. നടക്കാനും ജോഗിങ്ങിനുമുള്ള ട്രാക്കുകളിൽ, കൗമാരക്കാർ 100 കിലോമീറ്റർ/മണിക്കൂർ വേഗതയിൽ ഇ-ബൈക്കുകൾ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് കാൽനടയാത്രക്കാർക്കും ബൈക്ക് യാത്രികർക്കും ഒരുപോലെ അപകടമുണ്ടാക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഈ വാഹനങ്ങൾ അമിത വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ രൂപമാറ്റം വരുത്തിയിരുന്നതായി പൊലിസ് വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം നാദ് അൽ ഷെബയിലും ദുബൈയുടെ മറ്റ് ഭാഗങ്ങളിലുമായി 130 ട്രാഫിക് പിഴകൾ ചുമത്തിയിട്ടുണ്ട്.
നിയമം ലംഘകരെ പിടികൂടി ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. കൂടാതെ, രക്ഷിതാക്കളെ വിളിച്ചുവരുത്തി, ഈ വാഹനങ്ങൾ അശ്രദ്ധമായി ഉപയോഗിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് ബോധവൽക്കരിച്ചാതായും ദുബൈ പൊലിസിലെ ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡന്റ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി വ്യക്തമാക്കി.
കൗമാരക്കാരുടെ അശ്രദ്ധമായ പെരുമാറ്റം സംബന്ധിച്ച് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് പട്രോളിംഗ് ശക്തമാക്കിയത്.
വിനോദത്തിനോ ലഘുവായ യാത്രകൾക്കോ വേണ്ടി രൂപകൽപ്പന ചെയ്‌ത ഇ-ബൈക്കുകൾ രൂപമാറ്റം വരുത്തിയാൽ അപകടകരമായ മോട്ടോർ സൈക്കിളുകൾക്ക് തുല്യമാകും. ഇവ ഒരിക്കലും സ്പോർട്സ് ട്രാക്കുകളിൽ ഉപയോഗിക്കാൻ പാടില്ല.
അംഗീകൃത ട്രാക്കുകളിൽ മാത്രം ബൈക്ക് ഓടിക്കുക, ഹെൽമറ്റ്, റിഫ്ലെക്റ്റീവ് വെസ്റ്റ് തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ എടുക്കുക എന്നിങ്ങനെ ഇലക്ട്രിക് ബൈക്കുകൾ സുരക്ഷിതമായി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കണമെന്ന് അൽ മസ്റൂയി രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.
Dubai Police have impounded 101 electric bikes (e-bikes) for reckless driving in certain areas of the city. The bikes were seized after teenagers were spotted riding them at speeds of up to 100 km/h on pedestrian and jogging tracks, posing a risk to both pedestrians and bike riders.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."