ഏത് നിമിഷവും ആക്രമിക്കപ്പെടാം; തെളിവിനായി സ്ഥാപിച്ച സിസിടിവി നീക്കണമെന്നാവശ്യപ്പെട്ട് അയൽവാസി സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: അയൽവാസിയുടെ വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമറ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ദമ്പതികൾ സമർപ്പിച്ച ഹരജി കേരള ഹൈക്കോടതി തള്ളി. സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനാപരമായി സംരക്ഷിക്കപ്പെടുമ്പോഴും, അത് മറ്റൊരാളുടെ ജീവിക്കാനും സുരക്ഷയ്ക്കുമുള്ള അവകാശവുമായി സന്തുലിതമാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ദമ്പതികൾ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളിയത്. ഏത് നിമിഷവും ആക്രമണ ഭീഷണി നേരിടുന്ന വയോധികയുടെ സംരക്ഷണത്തിനായി സ്ഥാപിച്ച സിസിടിവിയുടെ നിരീക്ഷണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ജസ്റ്റിസ് എൻ. നാഗരേഷ് വ്യക്തമാക്കി.
വീടിന്റെ ഡൈനിംഗ് ഏരിയയിലേക്കും കിടപ്പുമുറിയിലേക്കും നേരിട്ട് ഫോക്കസ് ലൈറ്റോടുകൂടി ചൂണ്ടിക്കാണിക്കുന്ന രീതിയിലാണ് അയൽക്കാർ സിസിടിവി ക്യാമറ സ്ഥാപിച്ചതെന്ന് ദമ്പതികൾ ആരോപിച്ചു. ഇത് തങ്ങളെ ഉപദ്രവിക്കാൻ വേണ്ടിയാണെന്നും, ക്യാമറ സ്ഥാപിച്ചത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ഭരണഘടനയുടെ ആർട്ടിക്കിൾ 21 (ജീവിക്കാനുള്ള അവകാശം) ലംഘിക്കുന്നതുമാണെന്നും ദമ്പതികൾ വാദിച്ചു. പൊലിസിൽ പരാതി നൽകിയിട്ടും അയൽക്കാർക്കെതിരെ നടപടിയെടുത്തില്ലെന്നും ഇവർ കോടതിയെ അറിയിച്ചു.
എന്നാൽ, ക്യാമറ സ്ഥാപിച്ചതിന് വയോധികയായ അയൽക്കാർ തികച്ചും വ്യത്യസ്തമായ കാരണമാണ് കോടതിയിൽ വിശദീകരിച്ചത്. ഹരജിക്കാരന്റെ മരിച്ചുപോയ സഹോദരന്റെ വിധവയാണ് വയോധിക. ക്രിമിനൽ ഭീഷണി, ബലാത്സംഗ ശ്രമം, മാന്യതയെ അപമാനിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് വയോധിക നേരത്തെ ഇരയായിട്ടുണ്ട്. ഈ കുറ്റകൃത്യങ്ങളിലെ ഏക പ്രതിയാണ് ഹരജിക്കാരൻ, അദ്ദേഹത്തിന്റെ തുടർച്ചയായ പീഡനം കാരണമാണ് വയോധികയായ സ്ത്രീയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മക്കൾ സിസിടിവി ക്യാമറ സ്ഥാപിച്ചത്, പ്രതിഭാഗം കോടതിയിൽ വാദിച്ചു.
വസ്തുതകളും കോടതിയിൽ സമർപ്പിച്ച രേഖകളും പരിശോധിച്ച ശേഷം, സിസിടിവി ക്യാമറകൾ ഹരജിക്കാരുടെ സ്വകാര്യ ഇടങ്ങളിലേക്ക് നുഴഞ്ഞുകയറാൻ വേണ്ടിയുള്ളതാണെന്ന് തെളിയിക്കുന്ന ഒരു തെളിവും ഹാജരാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിരന്തരമായി ഭീഷണികൾ നേരിടുന്ന ഒരു പ്രായമായ ഇരയാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നതെന്നും, ഇത് അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അനുകൂലമായി കണക്കാക്കാമെന്നും കോടതി പറഞ്ഞു. സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും, മറ്റൊരാളുടെ ജീവിക്കാനും സുരക്ഷയ്ക്കുമുള്ള അവകാശവുമായി അത് ശ്രദ്ധാപൂർവം സന്തുലിതമാക്കണം എന്നും കോടതി വാദിച്ചു. "ഒരാളുടെ സ്വകാര്യതയ്ക്കുള്ള അവകാശവും മറ്റൊരാളുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഒരു ഘടകമായ സുരക്ഷയ്ക്കുള്ള അവകാശവും പരസ്പരം സംഘർഷത്തിലാകുമ്പോൾ സൂക്ഷ്മമായി സന്തുലിതമാക്കണം," കോടതി കൂട്ടിച്ചേർത്തു.
വൃദ്ധയ്ക്കും കുട്ടികൾക്കും ജീവിക്കാനും സുരക്ഷിതമായി കഴിയാനും അവകാശമുണ്ട്. അവരുടെ സുരക്ഷയും സംരക്ഷണവും ലക്ഷ്യമാക്കിയാണ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ, ഹരജിക്കാരുടെ സ്വകാര്യ കാര്യങ്ങളിലേക്ക് ഒളിഞ്ഞുനോക്കിയതായി കേസ് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിൽ വയോധികയോട് സിസിടിവി ക്യാമറകൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കാൻ കഴിയില്ല," കോടതി കൂട്ടിച്ചേർത്തു.
neighbour's plea to remove a CCTV camera, which the petitioner claims exposes them to the risk of attack at any moment, has been decisively rejected by the High Court. The camera was installed by the respondent as evidence/security.
High Court rejects plea to remove neighbour's CCTV. Legal implications of security cameras in neighbour disputes. Can a neighbour force removal of a CCTV camera for security
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."