ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു 3 ലക്ഷം കവർന്നു; പ്രധാന പ്രതി റിമാൻഡിൽ, 2 പേർ കസ്റ്റഡിയിൽ
തൃശൂർ: ബൈക്ക് യാത്രക്കാരനെ ഓവർടേക്ക് ചെയ്ത് വാഹനം കുറുകെ നിർത്തി, മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മൂന്ന് ലക്ഷത്തോളം രൂപ കവർന്ന കേസിൽ മുഖ്യപ്രതികളിലൊരാളെ റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾ അന്തിക്കാട് പൊലിസ് സ്റ്റേഷൻ കസ്റ്റഡിയിൽ തുടരുകയാണ്.
വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച കാറിലെത്തിയായിരുന്നു പ്രതികൾ കവർച്ച നടത്തിയത്. നീണ്ട ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് അന്തിക്കാട് പൊലിസ് സംഘം പ്രതികളെ പിടികൂടിയത്. തൃശൂർ റൂറൽ ജില്ലാ പെലിസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി അർജുനെ പെരുമ്പാവൂരിൽ നിന്നാണ് പൊലിസ് പിടികൂടിയത് ഇയാളാണ് റിമാൻഡിലുള്ളത്. ഇടുക്കി, പൈസൺവാലി സ്വദേശി ബോബി ഫിലിപ്പിനെ (37) ആലുവയിൽ നിന്നാണ് പിടിയിലാകുന്നത്. ആലുവ മാർക്കറ്റ് റോഡ് സ്വദേശി ഗ്ലിവിൻ ജെയിംസ് (38) നെ നെടുമ്പാശേരിയിൽ നിന്നുമാണ് പൊലിസ് പിടികൂടിയത്. ഇവർ രണ്ട് പേരുമാണ് പൊലിസ് കസ്റ്റഡിയിലുള്ളത്.
ബോബി ഫിലിപ്പ് വണ്ടിപ്പെരിയാർ, ഗാന്ധിനഗർ, മുണ്ടക്കയം, തൊടുപുഴ ഉൾപ്പെടെയുള്ള വിവിധ പൊലിസ് സ്റ്റേഷൻ പരിധികളിലായി പതിമൂന്ന് തട്ടിപ്പ് കേസുകളിലും ഒരു മോഷണക്കേസിലും പ്രതിയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11.45-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാടാനപ്പിള്ളി ടിപ്പു സുൽത്താൻ റോഡിൽ താമസിക്കുന്ന അക്ഷയ് പ്രതാപ് പവാറിൻ്റെ പണമാണ് കവർന്നത്. അക്ഷയ് ഇരുചക്രവാഹനത്തിൽ പോകുമ്പോൾ മുറ്റിച്ചൂർ ക്രിസ്ത്യൻ പള്ളിക്ക് സമീപം വെച്ച്, പുറകിൽ നിന്നും വന്ന പ്രതികൾ സഞ്ചരിച്ച കാർ മുന്നിൽ കയറി കുറുകെ നിർത്തുകയായിരുന്നു.
ഉടൻ തന്നെ കാറിൽ നിന്നിറങ്ങിയ പ്രതികൾ അക്ഷയ് പ്രതാപിൻ്റെ മുഖത്തേക്ക് പെപ്പർ സ്പ്രേ അടിക്കുകയും, ഇയാളുടെ കൈവശമുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ സൂക്ഷിച്ച ഷോൽഡർ ബാഗ് കൈക്കലാക്കി കടന്നുകളയുകയുമായിരുന്നു. തുടർന്ന് അന്തിക്കാട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കവർച്ചയ്ക്ക് ഉപയോഗിച്ച കാറിൻ്റെ വിവരങ്ങൾ ശേഖരിച്ച് വ്യാപക പരിശോധന നടത്തിയെങ്കിലും വാഹനം കണ്ടെത്താനായില്ല. തുടർന്ന് നടന്ന ശാസ്ത്രീയമായ പരിശോധനയിലാണ് കാറിൽ ഉപയോഗിച്ചിരുന്നത് വ്യാജ നമ്പർ പ്ലേറ്റ് ആണെന്ന് കണ്ടെത്തിയത്. കാർ വന്ന വഴിയേ പിന്നോട്ട് നടത്തിയ വിശദമായ അന്വേഷണമാണ് ഒടുവിൽ പ്രതികളിലേക്ക് എത്തിച്ചത്.
അർജുനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡിയിലുള്ള ബോബി ഫിലിപ്പ്, ഗ്ലിവിൻ ജെയിംസ് എന്നിവരെ തെളിവെടുപ്പുകൾക്കും മറ്റ് നടപടികൾക്കും ശേഷം കോടതിയിൽ ഹാജരാക്കും.
A bike rider in Thrissur was pepper-sprayed by robbers who overtook him in a car with a fake license plate, and subsequently stole his shoulder bag containing approximately ₹3 lakh. The police apprehended three suspects following a scientific investigation; the main accused was remanded to custody, while the other two suspects remain in police custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."