മോദിയെയും,സ്റ്റാലിനെയും,മമതയെയും അധികാരത്തിലെത്തിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ; സ്വന്തം കാര്യത്തിൽ വൻ പരാജയമായി പ്രശാന്ത് കിഷോർ
പട്‌ന: നിര്‍ണായക ശക്തിയാകുമെന്ന് കരുതിയ പ്രശസ്ത തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി(ജെ.എസ്.പി) നിലംതൊട്ടില്ല. പാര്‍ട്ടി രൂപീകരിച്ച ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് പരീക്ഷണം പൂര്‍ണമായും പാളി. ശക്തിയുണ്ടെന്ന് കരുതുന്ന മണ്ഡലങ്ങളില്‍ മാത്രം മത്സരിക്കുകയെന്ന പരമ്പരാഗത രീതി മാറ്റി ബിഹാറിലെ 243 സീറ്റിലും പാര്‍ട്ടി മത്സരിച്ചെങ്കിലും എവിടെയും വിജയിച്ചില്ല. പലയിടത്തും 'നോട്ട'ക്കും പിന്നിലായി.
അഭിഭാഷകരും ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും മുന്‍ ഐ.പി.എസുകാരും ഉള്‍പ്പെടെ വമ്പന്‍ സ്ഥാനാര്‍ഥിനിരയെ നിര്‍ത്തിയ പ്രശാന്ത്, 150 സീറ്റിനു മുകളില്‍ കിട്ടുമെന്നും അതില്‍ കുറഞ്ഞുള്ളതെല്ലാം പരാജയമായി കണക്കാക്കുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു. 2014ല്‍ നരേന്ദ്രമോദിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച പ്രശാന്ത് കിഷോറിന്റെ പല പ്രഖ്യാപനങ്ങളും മുമ്പും ശരിയായതിനാല്‍ ബിഹാറില്‍ അദ്ദേഹം അദ്ഭുതം കാണിക്കുമെന്ന് പലരും കരുതി. എന്‍.ഡി.എയ്ക്കും മഹാഗഡ്ബന്ധനും എതിരേ ബദലായി വിശേഷിപ്പിക്കപ്പെട്ട ജെ.എസ്.പി ഇന്നലെ വോട്ടെണ്ണലിനിടെ രണ്ട് സീറ്റുകളില്‍ ലീഡ് ചെയ്‌തെങ്കിലും അന്തിമഫലം പുറത്തുവന്നതോടെ സമ്പാദ്യം പൂജ്യത്തിലൊതുങ്ങി.
മോദി പ്രധാനമന്ത്രിയായതോടെയാണ് പ്രശാന്ത് അറിയപ്പെട്ട് തുടങ്ങിയത്. പിന്നീട് അദ്ദേഹം നിതീഷിനൊപ്പം ചേര്‍ന്നു. 2015ല്‍ ബിഹാറില്‍ എന്‍.ഡി.എയെ പരാജയപ്പെടുത്തിയത് പ്രശാന്തിന്റെ തന്ത്രമായിരുന്നു. പിന്നീട് അഖിലേഷ് യാദവിനും ബംഗാളില്‍ മമതയ്ക്കും ആന്ധ്രയില്‍ ജഗന്‍മോഹന്‍ റെഡ്ഡിക്കും തമിഴ്‌നാട്ടില്‍ സ്റ്റാലിനും വേണ്ടി പ്രശാന്ത് പ്രവര്‍ത്തിച്ചു. ഇതിനിടെ ബിഹാറില്‍ തിരിച്ചെത്തി ജെ.ഡി.യുവില്‍ ചേര്‍ന്ന് പാര്‍ട്ടി വൈസ് പ്രസിഡന്റായി. തുടര്‍ന്നാണ് ജെ.ഡി.യു വിട്ട് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചത്.
തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് പ്രശാന്ത് പാര്‍ട്ടി രൂപീകരിച്ചത്. പാര്‍ട്ടിക്ക് ഒരുവയസ് തികയുമ്പോൾ പോരാട്ടത്തിന് ഇറങ്ങിയെങ്കിലും പരിചയസമ്പന്നനും തന്ത്രജ്ഞനുമായ പ്രശാന്ത് നേതൃത്വം നല്‍കുന്നതിനാല്‍ പലരും പാര്‍ട്ടിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."