'നിയമവിരുദ്ധമായ പരസ്യങ്ങള്‍ പതഞ്ജലി ആവര്‍ത്തിക്കില്ല' നിരുപാധികം ക്ഷമ ചോദിച്ച് ബാബാ രാം ദേവ്
ന്യൂഡല്‍ഹി: ഉല്‍പന്നങ്ങളുടെ പേരില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ സുപ്രിംകോടതിയില്‍ നേരിട്ട് ഹാജരായി നിരുപാധികം ക്ഷമ ചോദിച്ച് 'പതഞ്ജലി ആയുര്‍വേദ' സഹസ്ഥാപകന്‍ ബാബ രാംദേവ്. നിയമവിരുദ്ധമായ പരസ്യങ്ങള്‍ പതഞ്ജലി ആവര്‍ത്തിക്കില്ലെന്ന് ബാബാ രാംദേവ് കോടതിക്ക് ഉറപ്പ് നല്‍കി. രാംദേവിന്റെ സത്യവാങ്മൂലം കോടതി നേരത്തേ നിരസിച്ചിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് രാംദേവും കമ്പനി മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയും ചൊവ്വാഴ്ച നേരിട്ട് ഹാജരായത്.
പരസ്യങ്ങള്‍ വിലക്കിയ ഉത്തരവിനു പിന്നാലെ, കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടി നല്‍കാതിരുന്നതോടെയാണ് ഇരുവരോടും കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ജഡ്ജിമാരായ ഹിമ കോലി, എ. അമാനുല്ല എന്നിവര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. 'ഞങ്ങള്‍ നിരുപാധികം ക്ഷമാപണം നടത്തുകയാണ്. മാപ്പ് പറയാന്‍ ബാബ രാംദേവ് നേരിട്ട് കോടതിയിലെത്തിയിട്ടുണ്ട്' പതഞ്ജലിക്കുവേണ്ടി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍, കോടതി രൂക്ഷമായാണ് ഇതിനോട് പ്രതികരിച്ചത്. നിരുപാധികം ക്ഷമ ചോദിക്കുന്നതിനെ 'ലിപ് സര്‍വിസ്' എന്നു മാത്രം വിശേഷിപ്പിച്ച കോടതി, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന് പതഞ്ജലി രാജ്യത്തോട് ഒന്നടങ്കം മാപ്പ് പറയണണമെന്നും ആവശ്യപ്പെട്ടു. നിങ്ങള്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചു, ഇപ്പോള്‍ നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാറിനെയും കോടതി വിമര്‍ശിച്ചു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ കാഴ്ചക്കാരായി കണ്ണടച്ചിരുന്നത് ആശ്ചര്യപ്പെടുത്തുന്നതായി കോടതി കൂട്ടിച്ചേര്‍ത്തു. പതഞ്ജലി ആയുര്‍വേദ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ആണ് സുപ്രിംകോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."