ഇടതുപക്ഷം കൂടി ഹിന്ദുത്വ ആശയങ്ങളിലേക്ക് നീങ്ങിയാൽ നമുക്ക് പ്രതീക്ഷക്ക് വകയുണ്ടാവില്ല: സച്ചിദാനന്ദൻ; ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ഉജ്വല പ്രസംഗം
ഷാർജ: കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പി.എം ശ്രീ നയത്തെ വിമർശിച്ച് കേരള സാഹിത്യ അക്കാദമി അധ്യക്ഷനും പ്രഗത്ഭ കവിയുമായ കെ സച്ചിദാനന്ദൻ. ഇടതുപക്ഷം കൂടി വലത്പക്ഷ-ഹിന്ദുത്വ ആശയങ്ങളിലേക്ക് നീങ്ങിയാൽ നമുക്ക് പ്രതീക്ഷക്ക് വകയുണ്ടാവില്ലെന്ന് സച്ചിദാനന്ദൻ കുറ്റപ്പെടുത്തി. അതുകൊണ്ടാണ് പണത്തിന് വേണ്ടിയുള്ള സന്ധി ചെയ്യലുകളെ ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷാർജ അന്തർദേശീയ പുസ്തക മേളയിൽ 'ചെറുത്തുനില്പിനായി കവിത' എന്ന വിഷയത്തെ ആധാരമാക്കി വായനക്കാരുമായി നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണത്തിന് വേണ്ടി എന്തും ചെയ്യാമോ എന്നത് രാഷ്ട്രീയ ചോദ്യമല്ല, ധാർമിക ചോദ്യമാണത്. അത്തരം സന്ദർഭങ്ങളിലാണ് പലപ്പോഴും സർക്കാരിനെതിരെ സംസാരിക്കേണ്ടി വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാഹിത്യ അക്കാദമി അധ്യക്ഷനായിരിക്കണമെന്ന് വലിയ ആഗ്രഹമൊന്നുമില്ല. അധ്യക്ഷ സ്ഥാനം അധിക ഭാരമായിട്ടാണ് തോന്നിയിട്ടുള്ളത്. ശരിയല്ലെന്ന് തോന്നുന്ന കാര്യത്തിൽ വിയോജിപ്പ് വിളിച്ചു പറയുക എന്നത് തന്നെ സംബന്ധിച്ച് സ്വാഭാവികമായ കാര്യമാണ്. ഇത് പോലെ ഭ്രാന്തനായ ഒരാളെ സാഹിത്യ അക്കാദമി പ്രസിഡന്റാക്കരുതായിരുന്നു എന്നാണ് അഭിപ്രായമെന്നും അദ്ദേഹം തമാശയായി പറഞ്ഞു.
പാർശ്വ വത്കരിക്കപ്പെട്ടവർ എഴുത്തിലേയ്ക്ക് വരുന്നു
മുൻപ് പാർശ്വവൽക്കരിക്കപ്പെട്ടവർ ഇപ്പോൾ എഴുത്തിലേക്ക് കടന്നുവരുന്നു എന്നതാണ് മലയാള കവിതയിൽ നിലവിൽ കാണുന്ന ആരോഗ്യകരമായ പ്രവണതകളിൽ ഒന്നെന്ന് അദ്ദേഹം നിരീക്ഷിച്ചു. അങ്ങനെയുള്ളവർ വരുമ്പോൾ പാർശ്വവൽക്കരിക്കപ്പെട്ട ഭാഷക്കുള്ളിലെ ഭാഷ കവിതക്കുള്ളിലേക്കും എത്തുന്നു. ഓരത്തേക്ക് തള്ളി നീക്കപ്പെട്ടിരുന്ന പല ഭാഷകളും സാഹിത്യത്തിന്റെ കേന്ദ്രത്തിലേക്ക് കടന്നു വരുന്നു എന്നതാണ് ഏറ്റവും ആശാവഹമായ കാര്യമെന്നും പ്രഫ. കെ.സച്ചിദാനന്ദൻ നിരീക്ഷിച്ചു.
''പലരും പറയുന്നത് പോലെ ഈ തലമുറ കൊള്ളില്ല എന്ന് ഒരിക്കലും തോന്നിയിട്ടില്ല. പ്രത്യാശ നൽകുന്ന ഒരുപാട് കവികൾ ഇവിടെ ഉണ്ട്'' -അദ്ദേഹം അഭിപ്രായപ്പെട്ടു.
നാം ജീവിക്കുന്നത് ഓർമകൾ മായ്ക്കാൻ ബോധപൂർവ ശ്രമമുള്ള കാലത്ത്
ഓർമകൾ മാഞ്ഞു പോകുക എന്നാൽ ചരിത്രം കൂടി ഇല്ലാതാവുക എന്നാണർത്ഥം. ഓർമകൾ മായ്ക്കാൻ ബോധപൂർവമായി ശ്രമിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇത് പറയേണ്ടത് ഡൽഹിയിലാണ്, അവിടെ പറഞ്ഞിട്ടുമുണ്ട്. ഒരു ജനതയുടെ ഓർമയെയാണ് ചരിത്രം എന്ന് പറയുന്നത്. ''ആപത്തിന്റെ നിമിഷത്തിൽ എത്തിപ്പിടിക്കുന്ന ഓർമയാണ് ചരിത്ര''മെന്ന വാട്ടർ ബെന്യാമിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് സച്ചിദാനന്ദൻ ഇക്കാര്യം വിശദീകരിച്ചത്. ഈയടുത്ത കാലത്ത് ഗാന്ധി, നെഹ്‌റു എന്നിവരെക്കുറിച്ചൊക്കെ സംസാരിക്കുന്നത് രക്ഷപ്പെടാൻ വേണ്ടി ഓർമകളെ എത്തിപ്പിടിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാതന്ത്ര്യം തന്നെ പരമം!
എല്ലാവരിലും ഒരു അരാജക വാദിയുണ്ട്. അതിന് നിഷേധാത്മക അർത്ഥം നൽകേണ്ടതില്ല. ഇതിന്റെ ആത്യന്തികമായ അർത്ഥം യഥാർത്ഥമായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്വപ്നത്തിന്റെ സൗന്ദര്യമാണ്. ബാഹ്യമായി നോക്കിയാൽ കാണാനാവില്ലെങ്കിലും, ആത്യന്തികമായി ഒരു അരാജകത്വം തന്നിലുണ്ടെന്നും സച്ചിദാനന്ദൻ പറഞ്ഞു. ഒരു കാലത്തും കൃത്യമായി ഒരു രാഷ്ട്രീയ കക്ഷിയെ പിന്തുടരാൻ സാധിക്കാതിരിക്കുന്നതിന്റെ കാരണം ഇത്തരം അരാജകത്വമായിരിക്കാമെന്നും കവി നിരീക്ഷിച്ചു.
മൗനത്തിന്റെ കൂടി കലയാണ് കവിത
സർഗാത്മകത എന്നത് ലോകത്തെ ചികിത്സിക്കാനുള്ള മരുന്നാണോ, അതോ മരുന്നില്ലാത്ത ഒരു രോഗമാണോ എന്ന കാര്യത്തിൽ 60 വർഷം എഴുതിയ ശേഷവും തനിക്ക് സന്ദേഹമുണ്ടെന്ന് സച്ചിദാനന്ദൻ പറഞ്ഞു. എന്തുകൊണ്ടാണ് പലരും സർഗാത്മക പ്രവർത്തനം നടത്തുന്നത് എന്ന ചോദ്യത്തിന്, ഉത്തരം നൽകുക സാധ്യമല്ല. അസാധാരണത്വം നിറഞ്ഞ എന്തോ ഒന്ന്, ഭ്രാന്തിനോളം വരുന്ന എന്തോ ഒന്നായിരിക്കാം ബോധ ജീവിതത്തിൽ നിന്ന് അബോധത്തിന്റെയും ഉന്മാദത്തിന്റെയും ലോകത്തേക്ക് നയിക്കുകയും, അവിടെ മുങ്ങിത്തപ്പി പുതിയ സൃഷ്ടികളുമായി വരാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതെന്ന് സച്ചിദാനന്ദൻ വ്യക്തമാക്കി.
കവിത ഉണ്ടാക്കുന്നത് വാക്കുകൾ കൊണ്ട് മാത്രമല്ല, മൗനങ്ങൾ കൊണ്ടു കൂടിയാണ്. സംഗീതം മൗനം കൊണ്ടും ശബ്ദം കൊണ്ടുമുള്ള കലയായിരിക്കുന്നത് പോലെ, വാക്ക് കൊണ്ടും മൗനം കൊണ്ടുമുള്ള കലയാണ് കവിത. തനിക്ക് പറയാനുള്ളത് ആവിഷ്കരിക്കാനുള്ള ഭാഷ അന്വേഷിക്കുകയാണ് കലാകാരനും ചെയ്യുന്നത്. ചിലർ നിലവിലുള്ള ഭാഷയെ തന്നെ മാറ്റിക്കൊണ്ട് സ്വയം ആവിഷ്‌കരിക്കാനുള്ള മാധ്യമമായി ഭാഷയെ പുതിയ രൂപങ്ങളിൽ ഉപയോഗിക്കുന്നു. അവരെയാണ് കവികൾ എന്ന് വിളിക്കുന്നതെന്ന് സച്ചിദാനന്ദൻ വിശദീകരിച്ചു. തന്റെ ഗോത്രം, പര്യായങ്ങൾ, മുറിവുകളുടെ വീട്, അസ്ഥിരം, പുതുവർഷം, ഭ്രാന്തന്മാർ എന്നീ കവിതകൾ അദ്ദേഹം ചൊല്ലി.
വിദ്യാർത്ഥിയായ ശിവാനി സച്ചിദാനന്ദന്റെ കവിത ചൊല്ലി. ആസ്വാദകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകുകയും പുസ്തകങ്ങൾ ഒപ്പു ചാർത്തി നൽകുകയും ചെയ്തു. കവി അനൂപ് ചന്ദ്രൻ മോഡറേറ്ററായിരുന്നു.
Summary: Kerala Sahitya Akademi President and renowned poet K. Sachidanandan has criticized the the Left-wing government in Kerala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."