തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; കണക്കിനായി 'കള്ളക്കളി' തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട എന്യൂമറേഷൻ ഫോം വിതരണത്തില്‍ 'കള്ളക്കള്ളി' തുടരുന്നു. ഫോം വിതരണം ചെയ്ത ശേഷം മാത്രം ആപ്പില്‍ അപ്‌ഡേഷന്‍ നല്‍കാവൂ എന്ന് സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കയതിനു ശേഷവും ബി.എല്‍.ഒമാരുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ പഴയ നിര്‍ദേശം പുതിയ രൂപത്തിലെത്തി.
മരിച്ചവരുടെയും സ്ഥലംമാറി പോയവരുടെയും ഉള്‍പ്പടെയുള്ള എന്യൂമറേഷൻ ഫോം വിതരണം ചെയ്തതായി തന്നെ ആപ്പില്‍ കാണിക്കാനാണ് പുതിയ നിര്‍ദേശം. മരിച്ചവരുടെ ഫോം ഒന്നുകില്‍ ബന്ധുക്കള്‍ക്ക് ആര്‍ക്കെങ്കിലും കൈമാറുകയോ അല്ലെങ്കില്‍ ബി.എല്‍.ഒമാര്‍ കൈവശം വയ്ക്കുകയോ ചെയ്യാം. 2025ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും ഫോം വിതരണം ചെയ്തുവെന്ന് വരുത്തിതീര്‍ക്കാനാണ് ഇത്തരത്തില്‍ ചെയ്യേണ്ടതെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഒപ്പം ഫോം തിരികെ വാങ്ങുന്ന ഘട്ടത്തില്‍ ഇവ തിരികെ ലഭ്യമായില്ലെന്ന് രേഖപ്പെടുത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. ഇതില്‍ ഒളിഞ്ഞിരിക്കുന്ന അപകടം, ഈ പഴുത് ഉപയോഗിച്ച് ബി.എല്‍.ഒമാര്‍ വിതരണം ചെയ്യാത്ത ഫോമുകള്‍ പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തിരികെ ലഭിച്ചില്ലെന്ന് വരുത്തിതീര്‍ക്കാനാവും. ഇതോടെ ഫോം തിരികെ നല്‍കാത്തവരായ വോട്ടര്‍മാരെല്ലാം അടുത്തമാസം ഒമ്പതിന് പ്രസിദ്ധീകരിക്കുന്ന കരട് പട്ടികയില്‍നിന്ന് പുറത്താവുകയും ചെയ്യും. കൂടാതെ ആപ്പില്‍ പുതിയ ഒരു ഓപ്ഷന്‍ കൂടി ലഭ്യമാക്കിയിട്ടുണ്ട്. ആരെങ്കിലും എന്യൂമറേഷൻ ഫോം വാങ്ങാന്‍ വിസമ്മതിച്ചാല്‍ അവയും വിതരണം ചെയ്തുവെന്ന് കാണിക്കാനുള്ള ഓപ്ഷനാണ് പുതുതായി വന്നത്. ഇവയെല്ലാം സംസ്ഥാനത്ത് എന്യൂമറേഷൻ ഫോം വിതരണം നൂറുശതമാനത്തില്‍ എത്തിയെന്ന് അവകാശപ്പെടാനുള്ള തന്ത്രങ്ങളാണ്. നേരത്തെ വിതരണം ചെയ്യാത്ത ഫോമുകള്‍ വിതരണം ചെയ്തതായി ആപ്പില്‍ രേഖപ്പെടുത്താന്‍ ബി.എല്‍.ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയത് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."