ഗസ്സ വിഷയത്തിൽ പുടിനുമായി ചര്‍ച്ച നടത്തി നെതന്യാഹു
ജറൂസലേം : ഗസ്സയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും റഷ്യന്‍ പ്രസിഡന്റ് വളാദ്മിര്‍ പുടിനും ഫോണില്‍ സാസംരിച്ചു. ഗസ്സയിലെ വെടിനിര്‍ത്തല്‍, ഇറാന്റെ ആണവ പദ്ധതി, സിറിയയിലെ രാഷ്ട്രീയ അസ്ഥിരത തുടങ്ങിയവയും പശ്ചിമേഷ്യയിലെ മറ്റ് വിഷയങ്ങളും ചര്‍ച്ചയില്‍ ഇടം നേടി. ചര്‍ച്ചയുടെ കൂടുതൽ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഗസ്സയില്‍ യു.എസിന്റെ നേതൃത്വത്തിലുള്ള വെടിനിര്‍ത്തല്‍ പദ്ധതിയോട് റഷ്യക്ക് വിയോജിപ്പുണ്ട്. എന്നാല്‍ വെടിനിര്‍ത്തലിനെ യു.എന്നില്‍ റഷ്യ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
ഗസ്സയില്‍ വെടിനിര്‍ത്തലിനു ശേഷം യു.എസിന്റെ നേതൃത്വത്തിലുള്ള പുനര്‍നിര്‍മാണ പദ്ധതിയോട് ഇസ്‌റാഈലിനും പരസ്യമായി പ്രകടിപ്പിക്കുന്നില്ലെങ്കിലും വിയോജിപ്പുണ്ട്. ഇസ്‌റാഈല്‍ സൈന്യത്തിന് പ്രാധാന്യം നല്‍കുമെന്നാണ് യു.എസ് പറയുന്നത്. അന്താരാഷ്ട്ര സമാധാന സേന വരുമ്പോഴും ഇസ്‌റാഈല്‍ സൈന്യത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുക എന്നും യു.എസ് പറയുന്നു. ഗസ്സയിലെ വിദേശ സൈനിക സാന്നിധ്യം ഇസ്‌റാഈല്‍ ആഗ്രഹിക്കുന്നില്ല. ഗസ്സയില്‍ യു.എസ് നിലയുറപ്പിക്കുന്നത് ഇസ്‌റാഈലിന്റെ അപ്രമാദിത്യത്തിന് വിലങ്ങുതടിയാകുകയും ചെയ്യും. ഈ സാഹചര്യത്തില്‍ യു.എസിന്റെ എതിര്‍പക്ഷത്തുള്ള റഷ്യയോട് നെതന്യാഹു ഫോണില്‍ ചര്‍ച്ച നടത്തിയതില്‍ രാഷ്ട്ട്രീയ പ്രാധാന്യമുണ്ട്.
20,000 വിദേശ സൈനികരെ ഗസ്സയില്‍ എത്തിക്കാനാണ് യു.
എസ് നീക്കം.
ദുരിതമൊഴിയാതെ: ഗസ്സയിൽ കനത്ത മഴ; ടെന്റുകളില്‍ വെള്ളം കയറി
രണ്ടു ദിവസമായി ഗസ്സയില്‍ പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്ന് ഗസ്സയിലെ ടെന്റുകളില്‍ വെള്ളം കയറി. കടുത്ത തണുപ്പും അനുഭവപ്പെടുന്നുണ്ട്. ഇതോടെ ടെന്റുകളിലും പുറത്തും കഴിയുന്നവര്‍ ദുരിതത്തിലാണ്. പകര്‍ച്ച വ്യാധി ഭീഷണിയും ഇവിടെ നിലനില്‍ക്കുന്നുണ്ട്.
ഈ ശൈത്യകാല സീസണിലെ ആദ്യത്തെ കനത്ത മഴയാണ് ഗസ്സയില്‍ പെയ്തത്. മവാസി ടെന്റ് കാംപിലാണ് പ്രളയം ദുരിതം വിതച്ചത്.
ടാര്‍പോളിന്‍ കൊണ്ട് നിര്‍മിച്ച ടെന്റുകള്‍ കാറ്റില്‍ നിലം പതിച്ചു. തണുപ്പകറ്റാന്‍ തീ കൂട്ടി കഴിയുകയാണ്. വേനലിലെ കടുത്ത ചൂടിന് ശേഷമാണ് ഗസ്സയില്‍ കനത്ത മഴ എത്തിയത്. താല്‍ക്കാലിക ടെന്റുകള്‍ വെയിലേറ്റ് നശിച്ചിരുന്നു. പ്ലാസ്റ്റിക് ഷീറ്റുകള്‍ വലിച്ചു കെട്ടിയുണ്ടാക്കിയ ടെന്റാണ് ഇവിടെയുള്ളത്. മഴവെള്ളം ഒഴുകി പോകാന്‍ ഡ്രൈനേജ് സംവിധാനങ്ങൾ ഇല്ലാത്തതാണ് ടെന്റുകളില്‍ വെള്ളം കയറാന്‍ കാരണം.
മവാസിയില്‍ മാത്രം 4.25 ലക്ഷം ഫലസ്തീനികള്‍ ടെന്റുകളില്‍ കഴിയുന്നുണ്ടെന്നാണ് യു.എന്‍ കണക്ക്. കരിഞ്ചന്തയില്‍ ഒരു ടെന്റിന് ഏകദേശം 63,250 രൂപ വില വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."