മെസിയും അർജന്റീനയുമല്ല, 2026 ലോകകപ്പ് നേടുക ആ ടീമായിരിക്കും: സ്‌നൈഡർ
2026 ഫിഫ ലോകകപ്പ് നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീമേതാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നെതർലൻഡ്സ് ഇതിഹാസം വെസ്ലി സ്‌നൈഡർ. പോർച്ചുഗലിനെയാണ് അടുത്ത ലോകകപ്പിലെ ഫേവറൈറ്റുകളായി സ്‌നൈഡർ തെരഞ്ഞെടുത്തത്. ലയണൽ മെസിയെക്കാൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്കാണ് കിരീടം ഉയർത്താൻ സാധ്യതയുള്ളതെന്നും ഡച്ച് ഇതിഹാസം വ്യക്തമാക്കി. അഡ്വഞ്ചർ ഗെയിമേഴ്സിന് നൽകിയ അഭിമുഖത്തിലാണ് സ്‌നൈഡർ ഇക്കാര്യം പറഞ്ഞത്.
''പോർച്ചുഗലിന് വളരെ ശക്തമായ ഒരു ടീമാണുള്ളത്. എനിക്ക് അവർ ഫേവറൈറ്റുകളിൽ ഒന്നാണ്. അതിനാൽ ലയണൽ മെസിയെക്കാൾ അടുത്ത ലോകകപ്പ് നേടാൻ സാധ്യത കൂടുതൽ റൊണാൾഡോക്കാണെന്ന് ഞാൻ പറയും. ഖത്തറിലേത് അർജന്റീനയുടെ മികച്ച ലോകകപ്പ് വിജയമായിരുന്നു. എന്നാൽ അർജന്റീനക്ക് അൽപ്പം ഭാഗ്യവും ഉണ്ടായിരുന്നു. പോർച്ചുഗൽ ഒരു മികച്ച ടീമാണെന്ന് ഞാൻ കരുതുന്നു'' വെസ്ലി സ്‌നൈഡർ പറഞ്ഞു.
ലോകകപ്പ് യോഗ്യത മത്സരത്തിൽ അർമേനിയയെ കീഴടക്കിയാണ് പറങ്കിപ്പട ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്. അർമേനിയയെ ഒന്നിനെതിരെ ഒമ്പത് ഗോളുകൾക്ക് തകർത്താണ് റൊണാൾഡോയും സംഘവും ലോകകപ്പിലേക്ക് മുന്നേറിയത്. പോർച്ചുഗലിനായി ബ്രൂണോ ഫെർണാണ്ടസ്, ജാവോ നവാസ് എന്നിവർ ഹാട്രിക് നേടി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. റെനാറ്റോ വീഗ, ഗൊൺസാലോ റാമോസ്, ഫ്രാൻസിസ്കോ കൺസീസാവോ എന്നിവർ ഓരോ ഗോൾ വീതവും നേടി. സസ്‌പെൻഷൻ നേരിട്ടതിനാൽ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ കളത്തിൽ ഇറങ്ങിയത്. അയർലാൻഡിനെതിരെയുള്ള മത്സരത്തിലായിരുന്നു റൊണാൾഡോക്ക് ചുവപ്പ് കാർഡ് ലഭിച്ചത്.
നിലവിൽ തന്റെ നാൽപതാം വയസിലും മിന്നും പ്രകടനങ്ങൾ കൊണ്ട് ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് റൊണാൾഡോ. ഇതിനോടകം തന്നെ 953 ഗോളുകളാണ് റൊണാൾഡോ അടിച്ചുകൂട്ടിയത്. വരാനിരിക്കുന്ന മത്സരങ്ങളിൽ 47 ഗോളുകൾ കൂടി നേടാൻ സാധിച്ചാൽ ഫുട്ബോളിൽ ആയിരം ഗോളുകൾ സ്വന്തമാക്കുന്ന ആദ്യ താരമായി മാറാനും റൊണാൾഡോയ്ക്ക് സാധിക്കും.
ലോകകപ്പിൽ പോർച്ചുഗലിനായി 22 മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. 2026 ലോകകപ്പിന്റെ ഭാഗമാവാൻ റൊണാൾഡോക്ക് സാധിച്ചാൽ ആറ് ലോകകപ്പുകളിൽ കളിക്കുന്ന താരമായി മാറാനും റൊണാൾഡോക്ക് സാധിക്കും. 2006 ലോകകപ്പിൽ സെമി ഫൈനൽ വരെ മുന്നേറിയതാണ് പോർച്ചുഗലിന്റെ വേൾഡ് കപ്പിലെ ഏറ്റവും മികച്ച പ്രകടനം. തന്റെ കരിയറിൽ ഒരിക്കൽപോലും നേടാനാവാത്ത ലോകകപ്പ് സ്വന്തമാക്കാനുള്ള അവസാന അവസരം കൂടിയാണ് റൊണാൾഡോക്കുള്ളത്.
അതേസമയം ഈ വർഷത്തെ യുവേഫ നേഷൻസ് ലീഗ് വിജയിച്ചതും പോർച്ചുഗൽ ആയിരുന്നു. ഫൈനലിൽ സ്‌പെയിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 5-3 ന് വീഴ്ത്തിയാണ് പോർച്ചുഗൽ കിരീടം സ്വന്തമാക്കിയത്. വിജയം. നിശ്ചിത സമയത്തും അധിക സമയത്തും 2-2 എന്ന സ്‌കോറിൽ സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ, പെനൽറ്റി ഷൂട്ടൗട്ടിലൂടെയാണ് പോർച്ചുഗൽ വിജയികളായത്. പോർച്ചുഗലിന്റെ രണ്ടാം യുവേഫ നേഷൻസ് ലീഗ് കിരീട നേട്ടമായിരുന്നു ഇത്. 2019ലാണ് ഇതിനു മുമ്പ് പോർച്ചുഗൽ ആദ്യമായി ഈ ടൂർണമെന്റ് വിജയിച്ചത്.
Netherlands legend Wesley Sneijder has revealed which team is most likely to win the 2026 FIFA World Cup. Sneijder has picked Portugal as the favorites for the next World Cup. The Dutch legend also stated that Cristiano Ronaldo is more likely to lift the title than Lionel Messi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."