വൈദ്യുതി സ്വയംപര്യാപ്തതയ്ക്കായി മുഴുവന്‍ പദ്ധതികളും ഏറ്റെടുക്കും: മന്ത്രി കടകംപള്ളി
തൊടുപുഴ: സംസ്ഥാനത്ത് വൈദ്യുതി സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ചെറുതും വലുതുമായ മുഴുവന്‍ പദ്ധതികളും ഏറ്റെടുത്ത് നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വെള്ളത്തൂവല്‍ ചെറുകിട ജല വൈദ്യുത പദ്ധതിയുടെ സമര്‍പ്പണവും അപ്പര്‍ കല്ലാര്‍ ജലൈവദ്യുതി പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം.
സാങ്കേതിക കാരണങ്ങളാല്‍ നിര്‍മ്മാണം മുടങ്ങി കിടക്കുന്ന പദ്ധതികള്‍ മൂന്ന് മാസത്തിനകം നിര്‍മ്മാണം തുടങ്ങും. പളളിവാസല്‍,തൊട്ടിയാര്‍,മാങ്കുളം തുടങ്ങി നിരവധി പദ്ധതികളാണ് നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച് കിടക്കുന്നത്. കേരളത്തില്‍ മൊത്തം ഉപയോഗത്തിന്റെ 35 ശതമാനം വൈദ്യുതി മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്. ബാക്കി 65 ശതമാനം വൈദ്യുതിയും പുറത്തുനിന്നും വാങ്ങേണ്ടണ്ട സാഹചര്യമാണ് . വൈദ്യുതി ആവശ്യത്തിനായി എല്ലാ കാലത്തും കേരളത്തിന് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിച്ച് മൂന്നോട്ടുപോകാന്‍ കഴിയുമോ എന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണ് എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പരിസ്ഥിതിക്ക് ദോഷകരമാകാത്ത ചെറുതും വലുതുമായ പദ്ധതികള്‍ ഏറ്റെടുക്കും. സൂര്യപ്രകാശത്തില്‍ നിന്ന് 500 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. കാസര്‍കോട്ട് 1000 ഏക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന സോളാര്‍ പദ്ധതിയിലൂടെ 200 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും. രാമക്കല്‍മേട്ടില്‍ കാറ്റില്‍ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള സാധ്യത ഉണ്ടെങ്കിലും ഇപ്പോള്‍ 18 മെഗാവാട്ടാണ് ഉല്‍പ്പാദിപ്പിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."