സാക്ഷരതാ മിഷന്റെ സംസ്ഥാനത്തെ ഏക ദേശീയ ഗവേഷണ പരിശീലന കേന്ദ്രം ചെറിയമുണ്ടത്ത് തുടങ്ങുന്നു
തിരൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ചെറിയമുണ്ടം പഞ്ചായത്തില്‍ തുടങ്ങുന്ന ദേശീയ ഗവേഷണ പരിശീലന കേന്ദ്രത്തിന്റെ (എന്‍.ഐ.ആര്‍.ടി) ഉദ്ഘാടനം നാളെ ഉച്ചക്ക് രണ്ടിനു ചെറിയമുണ്ടം ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി ഡോ: കെ.ടി ജലീല്‍ നിര്‍വഹിക്കും.
സാക്ഷരതാ മിഷന് കീഴില്‍ മൂന്നാറില്‍ പ്രവര്‍ത്തിച്ചിരുന്ന ഏക ദേശീയ ഗവേഷണ പരിശീലന കേന്ദ്രം ചെറിയമുണ്ടത്തേക്കു മാറ്റി സ്ഥാപിച്ചാണ് ഉദ്ഘാടനം നടത്തുന്നത്. സാക്ഷരതാ മിഷന് കീഴിലുള്ള പ്രേരക്മാര്‍ക്കും ജീവനക്കാര്‍ക്കും ഗുണഭോക്താക്കള്‍ക്കും പരിശീലനം നല്‍കാനും ഗവേഷകര്‍ക്കും ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കും ഗുണകരമാകുന്ന വിധത്തില്‍ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നടത്താനും ലക്ഷ്യമിട്ടാണ് കേന്ദ്രം സ്ഥാപിക്കുന്നതെന്നു പഞ്ചായത്ത് അധികൃതരും സാക്ഷരതാ മിഷന്‍ നേതൃത്വവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നൂറു പേര്‍ക്ക് ഒരേ സമയം താമസിച്ചു പരിശീലനം നേടാന്‍ കഴിയുന്ന വിധത്തിലാണ് കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥാപനങ്ങള്‍ക്കു പുറമേ സര്‍ക്കാറിന്റെ മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഏജന്‍സി പ്രതിനിധികള്‍ക്കും പരിശീലനം നല്‍കുന്ന നിലയിലേക്കു സ്ഥാപനത്തെ ഭാവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനാണു ലക്ഷ്യം.
ഇതിന്റെ ഭാഗമായി ഒരേ സമയം 100 പേര്‍ക്കു താമസിക്കാവുന്ന സ്ഥിരം കെട്ടിടം പണിയാനും ആധുനിക സൗകര്യങ്ങളോടു കൂടിയ മ്യൂസിയവും ലൈബ്രറിയും സ്ഥാപിക്കാനും പദ്ധതിയുണ്ട്. കെട്ടിട നിര്‍മാണത്തിനായി ചെറിയമുണ്ടം ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തെ ഒരേക്കര്‍ ഭൂമി ജില്ലാ പഞ്ചായത്ത് സാക്ഷരതാ മിഷന് കൈമാറിയിട്ടുണ്ട്. നിലവില്‍ സ്‌കൂളിന്റെ പഴയ കെട്ടിടം ഏഴരലക്ഷം രൂപ ചെലവില്‍ നവീകരിച്ചാണ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങുന്നത്. മൂന്നാറില്‍ നിന്നു കൊണ്ടുവന്ന ഡോര്‍മേറ്ററി ഫര്‍ണിച്ചറുകളും അനുബന്ധ വസ്തുക്കളും സൂക്ഷിക്കാന്‍ മൂന്നു ലക്ഷം രൂപ ചെലവില്‍ ഷെഡും ഒരുക്കിയിട്ടുണ്ട്. നവീകരിച്ച കെട്ടിടത്തില്‍ എയര്‍കണ്ടീഷന്‍ സംവിധാനം സജ്ജീകരിച്ചാല്‍ മാത്രമേ ഡോര്‍മേറ്ററി സംവിധാനമൊരുക്കാന്‍ കഴിയൂ എന്നതിനാല്‍ വി. അബ്ദുറഹ്മാന്‍ എം.എല്‍.എയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടിയെടുക്കാമെന്ന് അദ്ദേഹം അറിയിച്ചതായും സാക്ഷരതാ മിഷന്‍ പ്രതിനിധികള്‍ പറഞ്ഞു. എഡ്യൂസാറ്റ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഒരുക്കി സ്ഥാപനത്തെ ഘട്ടം ഘട്ടമായി ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനും സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കു മാതൃകയായ കേരളത്തിന്റെ നേട്ടങ്ങള്‍ യുനെസ്‌കോയുടെ ശ്രദ്ധയില്‍കൊണ്ടുവരാനും ഇതുവഴി ശ്രമിക്കുമെന്ന് എന്‍.ഐ.ആര്‍.ടി കോഡിനേറ്റര്‍ പി. പ്രശാന്ത് കുമാര്‍ വ്യക്തമാക്കി. പരിശീലന കേന്ദ്രത്തിന് അനുവദിച്ച പ്ലസ് വണ്‍ തുല്യതാ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കും.
രാവിലെ പത്തിനുള്ള സെമിനാര്‍ സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ: പി.എസ് ശ്രീകല ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിളംബര ഘോഷയാത്രയും സംഘടിപ്പിക്കുമെന്ന് ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് സി. അബ്ദുല്‍സലാം, ജില്ലാ പഞ്ചായത്തംഗം വി.പി സുലൈഖ, എന്‍.ഐ.ആര്‍.ടി കോഡിനേറ്റര്‍ പി. പ്രശാന്ത് കുമാര്‍, സ്വാഗത സംഘം ചെയര്‍മാന്‍ സി.കെ ഉസ്മാന്‍ഹാജി, പബ്ലിസിറ്റി കണ്‍വീനര്‍ മുജീബ് താനാളൂര്‍, അസിസ്റ്റന്റ് ജില്ലാ കോഡിനേറ്റര്‍ കെ.പി വഹീദ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."