യൂത്ത് കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു; സ്ഥാനാർഥി പട്ടികയിൽ നിന്ന് യുവ നേതാക്കളെ വെട്ടി
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ യൂത്ത് കോൺഗ്രസിന് മതിയായ പരിഗണന ലഭിക്കാതെ വന്നതിൽ യുവനേതാക്കൾ പ്രതിഷേധത്തിൽ. സർക്കാരിനെതിരേയുള്ള സമരങ്ങളിൽ നിറസാന്നിധ്യമായിരുന്ന പലരെയും അവസാന നിമിഷമാണ് സ്ഥാനാർഥി പട്ടികയിൽ നിന്ന് വെട്ടി നിരത്തിയത്. മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ഇടപെടലിൽ സ്ഥാനാർഥിത്വം നഷ്ടമായ പലരും കടുത്ത അതൃപ്തിയിലാണ്.
കോൺഗ്രസിലെ സ്ഥാനാർഥി നിർണയത്തിന്റെ തുടക്കത്തിൽ തന്നെ യൂത്ത് കോൺഗ്രസ് സമര മുഖങ്ങളിൽ സജീവമായിരുന്ന യുവ നേതാക്കളുടെ പട്ടിക കോൺഗ്രസ് നേതൃത്വത്തിന് കൈമാറിയിരുന്നു.2010ൽ ലഭിച്ച പ്രതിനിധ്യം പോലും ഇത്തവണ ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല പ്രമുഖർക്ക് ഉൾപ്പടെ സീറ്റു ലഭിച്ചില്ല.
നിരന്തരം പൊലിസ് മർദനമേറ്റുവാങ്ങിയ യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.പി പ്രവീണിനും കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി തോമസിനും തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയില്ല. അവസാന നിമിഷമാണ് ഇരുവരും ഒഴിവാക്കപ്പെട്ടത്. പ്രവീണിനെ ജില്ലാ പഞ്ചായത്തിലെ അമ്പലപ്പുഴ ഡിവിഷനിലും തോമസിനെ മാരാരിക്കുളം ഡിവിഷനിലുമാണു പരിഗണിച്ചിരുന്നത്.
സമരമുഖത്ത് സജീവമായിരുന്ന തോമസിനെ നവകേരള യാത്രയിൽ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിനു മുന്നിൽ പ്രതിഷേധിച്ചതിന്റെ പേരിൽ ഗൺമാനും അകമ്പടിസേനയും ചേർന്നു ക്രൂരമായി മർദിച്ചിരുന്നു. യൂത്ത് കോൺഗ്രസ് നടത്തിയ ഒട്ടേറെ സമരങ്ങളിൽ പ്രവീണിനും ക്രൂരമായ പൊലിസ് മർദനമേറ്റിട്ടുണ്ട്.
2024 ജനുവരി 15ന് യൂത്ത് കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ചിനിടെയുണ്ടായ പൊലിസ് മർദനത്തിൽ തലയ്ക്കു പരുക്കേറ്റ് രണ്ടാഴ്ചയോളം ആശുപത്രിയിലായിരുന്നു. പോഷകസംഘടനകളുടെ ജില്ലാ പ്രസിഡന്റുമാർ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നു കോൺഗ്രസിന്റെ ജില്ലാ കോർ കമ്മിറ്റിയിൽ മുതിർന്ന നേതാക്കൾ നിർദേശിച്ചെങ്കിലും സ്ഥാനാർഥി നിർണയം പൂർത്തിയായപ്പോൾ യൂത്ത് കോൺഗ്രസ്, കെ.എസ്.യു ജില്ലാ പ്രസിഡന്റുമാർ പട്ടികയ്ക്കു പുറത്തായി.
ചില നേതാക്കൾ ഫ്യൂഡൽ മാടമ്പിമാരെന്ന് വിമർശനം
കൊച്ചി കോർപറേഷനിലടക്കം സ്ഥാനാർഥിത്വം നിഷേധിച്ചതിൽ യൂത്ത് കോൺഗ്രസിൽ വലിയ പ്രതിഷേധമാണ് ഉണ്ടായത്.പാർട്ടിക്കായി തല്ലുകൊണ്ടതിൽ അർഥമില്ലെന്ന് മനസ്സിലായെന്നും ഒരു വിലയും യൂത്ത് കോൺഗ്രസിന് നൽകിയില്ലെന്നും സംസ്ഥാന സെക്രട്ടറി സഞ്ജയ് ജെയിംസ് തുറന്നടിച്ചിരുന്നു.
കോർപറേഷനിലേക്ക് ആദ്യലിസ്റ്റിൽ സഞ്ജയിന്റെ പേരുൾപ്പടെ അഞ്ചുപേരുടെ പട്ടിക നൽകിയെങ്കിലും പരിഗണിച്ചില്ലെന്നാണ് പരാതി. കോൺഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. പി ദുൽഖിഫിൽ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ചില നേതാക്കളെ 'ഫ്യൂഡൽ മാടമ്പിമാർ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പാർട്ടിക്ക് വേണ്ടി 'അടികൊണ്ടവർക്കും ജയിലിൽ കിടന്നവർക്കും സീറ്റില്ല' എന്ന് വി. പി. ദുൽഖിഫിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."