എല്ലാ ജോലിയും ഒരാള്‍ തന്നെ ചെയ്യേണ്ട അവസ്ഥ; ജോലിഭാരം താങ്ങാനാവുന്നില്ല; സങ്കട ഹരജി നല്‍കി ബിഎല്‍ഒമാര്‍
മലപ്പുറം: എസ്.ഐ.ആര്‍ ജോലിഭാരം മൂലം സമ്മര്‍ദ്ദത്തിലായ ബിഎല്‍ഒമാര്‍ തഹസില്‍ദാര്‍ക്ക് സങ്കട ഹരജി നല്‍കി. മലപ്പുറം കൊണ്ടോട്ടി താലൂക്കിലെ ബിഎല്‍ഒമാരാണ് സങ്കട ഹരജി നല്‍കിയത്. ജോലി ഭാരം കൂടുതലാണെന്നും, എല്ലാ ജോലികളും ഒറ്റയ്ക്ക് ചെയ്യേണ്ടി വരുന്നത് മാനസിക സമ്മര്‍ദത്തിന് കാരണമാകുന്നുണ്ടെന്നും ബിഎല്‍ഒമാര്‍ ഹരജിയില്‍ പറയുന്നു.
ആദ്യം എന്യൂമറേഷന്‍ ഫോമിന്റെ വിതരണവും, സമാഹരണവും മാത്രമാണ് തങ്ങളുടെ ജോലിയെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ നിലവില്‍ വോട്ടര്‍മാരുടെ മുഴുവന്‍ ഡാറ്റയും ഡിജിറ്റലൈസ് ചെയ്യേണ്ട ബാധ്യത കൂടി ബിഎല്‍ഒമാര്‍ക്കുണ്ട്. ആരുടേയെങ്കിലും വോട്ട് നഷ്ടപ്പെട്ടാല്‍ എല്ലാവരും തങ്ങള്‍ക്കെതിരെ നീങ്ങുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ജോലി ചെയ്യാന്‍ പ്രയാസമുണ്ടെന്നും ബിഎല്‍ഒമാര്‍ സങ്കട ഹരജിയില്‍ പറയുന്നു.
അതേസമയം വ്യാപകമായ പരാതികള്‍ക്കിടയിലും എസ്.ഐ.ആര്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കേരളത്തിലും, തമിഴ്‌നാട്ടിലും, മറ്റ് സംസ്ഥാനങ്ങളിലുമടക്കം നിരവധി ബിഎല്‍ഒമാര്‍ കഴിഞ്ഞ ആഴ്ച്ചകളില്‍ ജോലി സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്തിരുന്നു. ഇന്ന് കോട്ടയത്ത് പൂഞ്ഞാല്‍ മണ്ഡലത്തിലെ ബിഎല്‍ഒ ആത്മഹത്യ ഭീഷണി മുഴക്കിയത് വാര്‍ത്തയായിരുന്നു.
ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു പൂഞ്ഞാര്‍ ബിഎല്‍ഒ ആന്റണി ആത്മഹത്യ സന്ദേശം അയച്ചത്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും, തെരഞ്ഞെടുപ്പ് കമ്മീഷനും, റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് തങ്ങളെ എല്ലാ നിലയിലും ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. മാനസികമായും, ശാരീരികമായും പീഡിപ്പിച്ചാണ് എസ്.ഐ.ആര്‍ ജോലികള്‍ എടുപ്പിക്കുന്നതെന്നും, അടിമപ്പണി ദയവുചെയ്ത് നിര്‍ത്തണമെന്നും ആന്റണി പറയുന്നുണ്ട്.
തന്നെ ഈ ജോലികളില്‍ നിന്ന് മാറ്റണമെന്നും, അല്ലെങ്കില്‍ വില്ലേജ് ഓഫീസിന്റെയോ, കളക്ടറേറ്റിന്റെയോ മുന്നില്‍ വന്ന് വിഷം കഴിച്ച് ജീവനൊടുക്കുമെന്നും ആന്റണി വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്.
BLOs in Kondotti, Malappuram, submitted a grievance to the Tahsildar, citing stress from heavy workload.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."