കളിമണ്ണില്‍ തീര്‍ത്ത മക്കയും മദീനയുമായി സുകുമാരന്‍
കരുവാരകുണ്ട്: ഇത്തവണത്തെ പെരുന്നാളിനും സമ്മാനമൊരുക്കുന്ന തിരക്കിലാണു സുകുമാരന്‍. മക്കയുടേയും മദീനയുടേയും മാതൃകയാണ് ഇത്തവണത്തെ സമ്മാനം. കിഴക്കേത്തലയിലെ നാഗത്താന്‍കുന്നില്‍ താമസിക്കുന്ന ആലക്കാടന്‍ സുകുമാരന്‍ എല്ലാ ആഘോഷങ്ങള്‍ക്കും സമ്മാനമൊരുക്കല്‍ പതിവാണ്.
മതങ്ങളുടെ അതിര്‍ വരമ്പുകളില്ലാതെ അതു പ്രാവര്‍ത്തികമാക്കുകയും ചെയ്യും. ഓണത്തിന് മാവേലിയും ക്രിസ്മസിനു പുല്‍ക്കൂടും പെരുന്നാളിനു പള്ളിയുമാണു സമ്മാനങ്ങള്‍. സുകുമാരന്റെ സമ്മാനങ്ങള്‍ കാണാന്‍ എല്ലാ വിഭാഗം ആള്‍ക്കാരും നാഗത്താന്‍കുന്നിലെത്താറുണ്ട്.
കൂലിപ്പണിക്കാരനായ സുകുമാരന്‍ സ്വന്തമായി പഠിച്ചെടുത്തതാണ് ഈ കരവിരുത്. ബലി പെരുന്നാള്‍ സമ്മാനമായി മക്കയിലെ കഅബയും മദീനയിലെ റൗളയുമാണ് ഒരുക്കിയത്. പ്ലാസ്റ്റിക് കൊണ്ടോ അല്ലെങ്കില്‍ ഫൈബര്‍കൊണ്ടോ അല്ല നിര്‍മാണം. തനി കളിമണ്ണുകൊണ്ട്.
സ്വന്തം വാസസ്ഥലത്തുനിന്നു മണ്ണ് പൊടിയാക്കി കളിമണ്ണും ചേര്‍ത്താണു നിര്‍മാണം. പള്ളിയുടെ പടം നോക്കി രൂപകല്‍പന ചെയ്തു തനതു നിറവും ചാര്‍ത്തും. അതിശയിക്കുന്ന രീതിയിലുള്ള പള്ളിയുടെ മാതൃക മാത്രമല്ല. അതില്‍ അറബി ലിബിയില്‍ ''അല്ലാഹു, മുഹമ്മദ്, അസ്സലാമുഅലൈക്കും'' എന്നീ വാചകങ്ങളും എഴുതിച്ചേര്‍ത്തിട്ടുണ്ട്.
ഫൈന്‍ ആര്‍ട്‌സുകളില്‍ പഠനം നടത്താത്ത സുകുമാരന്‍ ഇപ്പോള്‍ കരുവാരകുണ്ട് ഗവ.ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാലു വര്‍ഷമായി തനിക്കറിയാവുന്ന കല അഭ്യസിപ്പിക്കുന്നുണ്ട്. ശാസ്ത്രമേളകളില്‍ വിജയം നേടുന്നതും സുകുമാരന്റെ സൃഷ്ടികളാണ്. ബീനയാണു ഭാര്യ. മകന്‍ സുബിന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."