ചാലിയാറില്‍ രണ്ടുപേരെ കാണാതായി
നിലമ്പൂര്‍: ചാലിയാര്‍ പുഴയില്‍ കോവിലകം പാറക്കടവില്‍ ഒഴുക്കില്‍പ്പെട്ടു സുഹൃത്തുക്കളായ രണ്ടുപേരെ കാണാതായി. നിലമ്പൂര്‍ മുതുകാട് നാല് സെന്റ് കോളനിയിലെ പാടത്ത്പുലയന്‍ സുകുമാരന്‍ എന്ന കുമാരന് (45), ഇതേ കോളനിയിലെ പുള്ളാളി ശങ്കരന് (53) എന്നിവരെയാണു കാണാതായത്.
സുകുമാരന്‍ കളത്തുംകടവിലെ മണല്തൊഴിലാളിയും നീന്തല്‍ വിദഗ്ധനുമാണ്. ശങ്കരന് തെങ്ങുകയറ്റ തൊഴിലാളിയാണ്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണു സംഭവം. ഇവരുടെ കൂടെ സുഹൃത്തായ വില്ലോടന് സുരേഷ് ബാബുവുമുണ്ടായിരുന്നു. മൂന്നു പേരും പാറക്കടവില്‍ കുളിക്കുന്നതിനിടെ ശങ്കരന് പുഴക്ക് കുറുകെ നീന്തി അക്കരെക്കടക്കാന്‍ ശ്രമം നടത്തി. പുഴയുടെ പകുതിയെത്തിയപ്പോഴേക്കും തളര്‍ന്നു. രക്ഷപ്പെടുത്താനായി നീന്തല്‍ വിദഗ്ധനായ സുകുമാരന്‍ നീന്തിയെത്തി ശങ്കരനെ പിടികൂടിയെങ്കിലും ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.
കുളിക്കടവില്‍ നിന്നും ഒഴുക്കില്‍പ്പെട്ട ഇരുവരേയും പാറക്കടവു വരെ പുഴയില്‍ സുരേഷ് ബാബു കണ്ടതായി പറയുന്നു. പിന്നീട് കാണാതായതോടെ സുരേഷ്ബാബു തന്നെ പൊലിസ് സ്റ്റേഷനില്‍ വിവരം നല്‍കുകയായിരുന്നു. പൊലിസും ഫയര്‍ഫോഴ്സും എമര്‍ജന്‍സി റെസ്ക്യൂ ഫോഴ്സ്, ട്രൊമാകെയര്‍ വളണ്ടിയര്‍മാരും നാട്ടുകാരും ചേര്‍ന്ന് ചാലിയാറില്‍ തെരച്ചില്‍ നടത്തി. ഇരുവരെയും കാണാതായ പാറക്കടവില്‍ നാല്പതടിയോളം താഴ്ചയുണ്ട്. വലിയ ചുഴികളും ഇവിടെയുണ്ട്. നീന്തല്‍ വിദഗ്ധനായ സുകുമാരന്‍ പാറക്കടവില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങള്‍ മുങ്ങിയെടുത്ത ആളാണ്.
തഹസില്‍ദാര്‍ പി.പി.ജയചന്ദ്രന്, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുഭാഷ് ചന്ദ്രബോസ്, എസ്.ഐ മനോജ് പറയറ്റ തുടങ്ങിയവര്‍ തെരച്ചിലിനു നേതൃത്വം നല്കി. രാത്രി ജനറേറ്റര്‍ വെളിച്ചത്തില്‍ നിരീക്ഷത്തിന് സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും വൈകീട്ട് ഏഴ് മണിയോടെ തെരച്ചില്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. തെരച്ചില്‍ ഇന്നു തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."