സ്കൂളിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി; പ്രിൻസിപ്പാൾ അറസ്റ്റിൽ
റായ്പൂർ: ഛത്തീസ്ഗഢിലെ ജസ്പൂർ ജില്ലയിൽ സ്കൂൾ ഹോസ്റ്റൽ മുറിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പാൾ അറസ്റ്റിൽ. കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പിൽ നിന്നാണ് പ്രിൻസിപ്പാളിന്റെ ക്രൂരതകൾ പുറത്തുവന്നത്.
പ്രിൻസിപ്പാൾ കുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുറിപ്പിൽ പറയുന്നു. ഇയാൾ അനാവശ്യമായി കുട്ടിയെ സ്പർശിച്ചിരുന്നു എന്നും, ഇത് സഹിക്കാനാവാതെ വന്നതിനെ തുടർന്നാണ് കടുത്ത തീരുമാനമെടുത്തതെന്നും പൊലിസ് സ്ഥിരീകരിച്ചു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിന് പിന്നാലെ പ്രിൻസിപ്പാളിനെ അറസ്റ്റ് ചെയ്തതായി സീനിയർ പൊലിസ് സൂപ്രണ്ട് ഷാഹി മോഹൻ സിങ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കുട്ടി ഉപയോഗിച്ചിരുന്ന ഹോസ്റ്റൽ മുറി പൊലിസ് സീൽ ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകി. ആറാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ പഠിക്കുന്ന റൂറൽ എഡ്യുക്കേഷൻ കമ്മിറ്റി നടത്തുന്ന സ്കൂളിലെ വിദ്യാർഥിനിയാണ് മരിച്ചത്. സ്കൂൾ പരിസരത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന ഹോസ്റ്റലിലാണ് കുട്ടി താമസിച്ചിരുന്നത്. 22 ആൺകുട്ടികളും 11 പെൺകുട്ടികളുമാണ് ഹോസ്റ്റലിൽ ഉണ്ടായിരുന്നത്. അന്വേഷണത്തിന് ശേഷമേ മറ്റ് വിവരങ്ങൾ പുറത്തുവിടാൻ സാധിക്കുവെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്.
ശ്രദ്ധിക്കുക: ജീവിതത്തിലെ വിഷമസന്ധികൾക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മർദ്ദങ്ങൾ അതിജീവിക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ദിശ ഹെൽപ്പ് ലൈൻ നമ്പർ 1056.
In Jashpur district, Chhattisgarh, a ninth-grade student was found dead by hanging in her school hostel room. A suicide note recovered by the police implicated the private school principal, alleging he had subjected the girl to physical and mental harassment, including "bad touch." Following the discovery and police confirmation of the allegations, the principal has been arrested. The police have sealed the room and are continuing the investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."