കാറിൽ നിന്ന് നേരെ സ്കൂട്ടറിലേക്ക്; മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച പാമ്പിനെ ഒടുവിൽ പിടികൂടി
പത്തനംതിട്ട: കാറിൽ നിന്ന് ഇഴഞ്ഞിറങ്ങി സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽ കയറിയ പാമ്പ് നാട്ടുകാർക്കിടയിലും യാത്രക്കാർക്കിടയിലും പരിഭ്രാന്തി സൃഷ്ടിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വർക്ക്‌ഷോപ്പിൽ വെച്ച് പാമ്പ് പിടുത്തക്കാരൻ പാമ്പിനെ സുരക്ഷിതമായി പിടികൂടി. പത്തനംതിട്ട അത്തിക്കയത്താണ് പാമ്പിന്റെ മണിക്കൂറോളം നീണ്ട വിളയാട്ടം.
തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. അത്തിക്കയത്തെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സമീപത്തായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഒരു കാറിൽ നിന്ന് പുറത്തുവന്ന പാമ്പ്, തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന ബാങ്ക് അസി. മാനേജർ ദീപക്കിന്റെ ഇലക്ട്രിക് സ്കൂട്ടറിലേക്ക് ഇഴഞ്ഞുകയറുന്നത് ബാങ്ക് ജീവനക്കാരിലൊരാളാണ് ആദ്യം കണ്ടത്. ഉടൻ തന്നെ പാമ്പ് സ്കൂട്ടറിന്റെ ഉൾഭാഗത്തേക്ക് മറഞ്ഞു.
വാഹനം അഴിച്ചുമാറ്റാതെ പാമ്പിനെ പുറത്തെടുക്കാൻ ആദ്യം ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ സ്കൂട്ടർ ഉടമ തന്നെ വണ്ടി ഓടിച്ച് വർക്ക്‌ഷോപ്പിൽ എത്തിക്കുകയായിരുന്നു. അവിടെ വെച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമം വേണ്ടിവന്നു. ഒടുവിൽ, പ്രൊഫഷണൽ പാമ്പ് പിടുത്തക്കാരനായ മാത്തുകുട്ടി ഉതിമൂട് എത്തിയാണ് സ്കൂട്ടറിൽ ഒളിച്ചിരുന്ന പാമ്പിനെ പുറത്തെടുത്തത്. സുരക്ഷിതമായി പാമ്പിനെ പിടികൂടിയതോടെ സ്ഥലത്ത് തടിച്ചുകൂടിയ ആളുകൾക്കും, സ്കൂട്ടർ ഉടമയ്ക്കും ആശ്വാസമായി.
A snake that slithered out of a car in Pathanamthitta, Kerala, caused panic after it crawled straight into a nearby electric scooter. After an effort lasting several hours, a professional snake handler finally managed to capture the reptile from inside the vehicle at a local workshop.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."