'ഉത്തര്‍പ്രദേശില്‍ ഇപ്പോഴും കൊളോണിയല്‍ കാലത്തെ കീഴ്‌വഴക്കങ്ങള്‍' രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ കൊളോണിയല്‍ കാലഘട്ടത്തിലെ മനോഭാവമാണ് പുലര്‍ത്തുന്നതെന്ന് സുപ്രിംകോടതി. ജില്ലാ മജിസ്ട്രേറ്റ് (കലക്ടര്‍) ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരെ സഹകരണസംഘങ്ങളുടെയും സമാന സ്ഥാപനങ്ങളുടെയും എക്സ് ഒഫീഷ്യോ അംഗങ്ങളായി നിയമിക്കുന്ന രീതി ചൂണ്ടിക്കാട്ടിയാണ് പരമോന്നത കോടതിയുടെ രൂക്ഷ വിമര്‍ശനം.
കൊളോണിയല്‍ കാലത്തെ രീതി പിന്തുടരുന്ന ഇത്തരം നടപടി അവസാനിപ്പിക്കാന്‍ രണ്ട് മാസത്തിനകം ബന്ധപ്പെട്ട വകുപ്പുകളില്‍ മാറ്റം വരുത്താണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബഗ്ചി എന്നിവരുടെ ബെഞ്ച് യുപി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
ഉത്തര്‍പ്രദേശില്‍ നിരവധി സഹകരണ സംഘങ്ങളുടെ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പദവികള്‍ ചീഫ് സെക്രട്ടറി, ജില്ലാ മജിസ്ട്രേറ്റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ക്ക് നല്‍കുന്ന വ്യവസ്ഥകളാണ് നിലവിലുള്ളത്. ഇത്തരം വ്യവസ്ഥകള്‍ ജനാധിപത്യ തത്ത്വങ്ങളുമായി ഒട്ടും യോജിച്ചുപോകാത്തവയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ബുലന്ദ്ഷഹ്റിലെ വനിതാ സ്വയംസഹായസംഘമായ സി എം ജില്ലാ മഹിളാസമിതി നല്‍കിയ ഹരജി പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമര്‍ശനം. സമിതിയുടെ എക്സ് ഓഫീഷ്യോ പ്രസിഡന്റായി ജില്ലാ മജിസ്ട്രേറ്റിന്റെ ഭാര്യയെ നിയമിച്ചത് ചോദ്യം ചെയ്താണ് ഹരജി നല്‍കിയിരുന്നത്.
ജനാധിപത്യ രീതിയിലല്ലാതെ ജില്ലാ മജിസ്ട്രേറ്റിന്റെ ഭാര്യയെ എന്തടിസ്ഥാനത്തിലാണ് സഹകരണസംഘം എക്സ് ഓഫീഷ്യോ പ്രസിഡന്റാക്കുന്നതെന്ന് കോടതി ചോദിച്ചു. പൊതുസംവിധാനങ്ങള്‍ നയിക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണെന്നും കോടതി ആവര്‍ത്തിച്ചു.
1860ലെ രജിസ്ട്രേഷന്‍ നിയമത്തിന് പകരമായി പുതിയ ബില്‍ തയ്യാറാക്കി വരികയാണെന്ന് യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിനായി ജനുവരി അവസാനം വരെ സമയം വേണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് നിയമസഭ ബില്‍ പാസാക്കിയാല്‍ അക്കാര്യം അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
the supreme court sharply criticized the yogi adityanath government in uttar pradesh, stating that the state continues to function with a colonial mindset. the court’s remarks came during the hearing of a related matter.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."