ആറുമാസം മുൻപ് പ്രണയവിവാഹം; ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു
തൃശൂർ: വരന്തരപ്പിള്ളി മാട്ടുമലയിൽ ആറ് മാസം മുമ്പ് പ്രണയവിവാഹം ചെയ്ത ഗർഭിണിയായ യുവതിയെ ഭർതൃവീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത് പ്രദേശത്ത് ഞെട്ടലുണ്ടാക്കി. മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണിൻ്റെ ഭാര്യയായ അർച്ചന (20) ആണ് മരിച്ചത്.
ഇന്ന് ഉച്ചതിരിഞ്ഞ് നാല് മണിയോടെ വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്.വീടിനുള്ളിൽ തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിവരികയും തുടർന്ന് കാനയിൽ വീഴുകയുമായിരുന്നു എന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. വീടിനുള്ളിൽ തീ പടർന്നതിൻ്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.അർച്ചന സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തെന്നാണ് പൊലിസ് കരുതുന്നത്.
ഷാരോണിൻ്റെ അമ്മ, സഹോദരിയുടെ കുട്ടിയെ അംഗൻവാടിയിൽ നിന്ന് കൊണ്ടുവരാൻ പോയ സമയത്താണ് സംഭവം. അവർ തിരിച്ചെത്തിയപ്പോഴാണ് കാനയിൽ മൃതദേഹം കാണുന്നത്. ഭർത്താവിൻ്റെ വീട്ടിൽ സന്തോഷത്തോടെ കഴിഞ്ഞിരുന്ന അർച്ചന ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം എന്താണെന്നതിലാണ് ദുരൂഹത.
ആറു മാസം മുമ്പാണ് ഷാരോണും അർച്ചനയും തമ്മിൽ പ്രണയവിവാഹം നടന്നത്. യുവതി ഗർഭിണിയുമായിരുന്നു.ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്താൻ വരന്തരപ്പിള്ളി പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.നാളെ രാവിലെ ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയ ശേഷമേ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയുള്ളൂ.കുടുംബാംഗങ്ങളുടെ മൊബൈൽ ഫോണുകളും മറ്റ് രേഖകളും പൊലിസ് പരിശോധിക്കും. പ്രണയവിവാഹത്തിൻ്റെ പശ്ചാത്തലത്തിൽ കുടുംബപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നതും അന്വേഷണ പരിധിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."