ഹോങ്കോങ്ങ് തീപിടിത്തം മരണം 44 ആയി; മൂന്നുപേർ അറസ്റ്റിൽ, സ്കൂളുകൾക്ക് അവധി
തായ് പോ: ഹോങ്കോങ്ങിലെ തായ് പോയിലുണ്ടായ കെട്ടിട സമുച്ചയത്തിലെ വൻ അഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം 44 ആയി. 279-ഓളം പേരെ കാണാതായ ഈ ദുരന്തവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായി. അറസ്റ്റിലായ 52-നും 68-നും ഇടയിൽ പ്രായമുള്ള ഈ മൂന്ന് പുരുഷന്മാരും തീപിടിത്തമുണ്ടായ പാർപ്പിട സമുച്ചയത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്ന കമ്പനിയുടെ ഉദ്യോഗസ്ഥരാണ്.
ഹോങ്കോങ്ങിലെ അഗ്നിബാധ അളവുകളിൽ ഏറ്റവും ഉയർന്ന തലമായ ലെവൽ 5 തീവ്രത രേഖപ്പെടുത്തിയ തീപിടിത്തമാണ് വാങ് ഫുക് കോർട് (Wang Fuk Court) എന്ന ഈ ബഹുനില ഫ്ലാറ്റ് സമുച്ചയത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് ഉണ്ടായത്. കെട്ടിടത്തിലെ അറ്റകുറ്റപ്പണികൾക്കായി ചുറ്റും സ്ഥാപിച്ചിരുന്ന മുളകൊണ്ടുള്ള നിർമ്മാണ സാമഗ്രികൾ തീ വളരെ വേഗത്തിൽ പല ഭാഗങ്ങളിലേക്കും പടരുന്നതിന് കാരണമായതായി വിലയിരുത്തുന്നു.
രക്ഷാപ്രവർത്തനത്തിനിടെ അഗ്നിരക്ഷാ സേനാംഗത്തിന് ദാരുണാന്ത്യം
കെട്ടിടത്തിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എട്ട് ബ്ലോക്കുകളിലായി ഏകദേശം 2000 ഫ്ലാറ്റുകളുള്ള വലിയ റെസിഡൻഷ്യൽ കെട്ടിടമാണ് വാങ് ഫുക് കോർട്. 2021-ലെ സെൻസസ് പ്രകാരം 4600 താമസക്കാരും 1984 വീടുകളും ഇവിടെയുണ്ടായിരുന്നു. ഹോങ്കോങ്ങിലെ ഏറ്റവും കൂടുതൽ താമസക്കാരുള്ള കെട്ടിടങ്ങളിലൊന്നാണിത്.
800-ലേറെ അഗ്നിരക്ഷാ പ്രവർത്തകരാണ് നിലവിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളത്. തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്കിടെ 37 വയസ്സുള്ള ഒരു അഗ്നിരക്ഷാ സേനാംഗം കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. രാത്രിയിൽ ഏഴ് കെട്ടിടങ്ങളിലായി പടർന്നു പിടിച്ച തീ, ഏറെ നേരത്തെ നിയന്ത്രണ ശ്രമങ്ങൾക്കൊടുവിൽ നിലവിൽ നാല് കെട്ടിടങ്ങളായി കുറയ്ക്കാൻ സാധിച്ചു.
വിവിധ ആശുപത്രികളിലായി 29 പേർ ചികിത്സയിൽ കഴിയുന്നതായി അഗ്നിരക്ഷാ സേനാ അധികൃതർ വ്യക്തമാക്കി. അഗ്നിബാധയിൽ വീട് നഷ്ടപ്പെട്ട താമസക്കാർക്കായി 1400 വീടുകൾ സജ്ജമാക്കിയതായി ഹോങ്കോങ്ങ് ഭവന മന്ത്രി അറിയിച്ചു. ഇതിൽ 280 എണ്ണം തായ് പോയിൽ തന്നെയാണുള്ളത്.
തായ് പോ ജില്ലയിലെ സ്കൂളുകൾക്ക് അവധി
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തായ് പോ ജില്ലയിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.1983-ൽ നിർമ്മിക്കപ്പെട്ട ഈ കെട്ടിടത്തിന് ചുറ്റുമുണ്ടായിരുന്ന മുളകൊണ്ടുള്ള വേലിയാണ് തീ വളരെ എളുപ്പത്തിൽ പടരാൻ കാരണമായതെന്നാണ് സംശയിക്കുന്നത്. കൂടാതെ, പോളിസ്റ്റെറീൻ ബോർഡുകൾ ജനാലകളിലൂടെയുള്ള കാഴ്ച മറച്ചതും തീ നിയന്ത്രണാതീതമാകാൻ കാരണമായെന്ന് വിലയിരുത്തുന്നു. തീ ഇനിയും പൂർണ്ണമായി അണയ്ക്കാൻ സാധിച്ചിട്ടില്ല, പലയിടത്തുനിന്നും ഇപ്പോഴും വലിയ രീതിയിൽ പുക ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."