സത്യം ജയിക്കും, നിയമപരമായി പോരാടും: പരാതിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: ലൈംഗികാരോപണവുമായി അതീജീവത മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. താൻ കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യമുണ്ട്, അതു കൊണ്ടു തന്നെ നിയമപരമായി പോരാടുമെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചത്.
"നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം താൻ ബോധ്യപ്പെടുത്തും. സത്യം ജയിക്കുമെന്നും" രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. അൽപ്പസമയം മുൻപാണ് തിരുവനന്തപുരത്ത് എത്തി അതിജീവത മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് പരാതി കൈമാറിയത്.
പരാതിയുടെ ഉള്ളടക്കം ഇങ്ങനെ:
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഭാഗത്ത് നിന്ന് തനിക്ക് ദുരനുഭവം നേരിട്ടെന്നും, ഭീഷണിപ്പെടുത്തി ഗർഭഛിദ്രത്തിന് വിധേയയാക്കി എന്നുമാണ് യുവതിയുടെ ആരോപണം. പരാതിക്കൊപ്പം ഡിജിറ്റൽ തെളിവുകളും യുവതി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
നേരത്തെ ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് ശബ്ദരേഖകളും സന്ദേശങ്ങളും അടക്കമുള്ള ആരോപണങ്ങൾ പുറത്തുവന്നപ്പോഴും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിരുന്നു. 'തനിക്കെതിരെ ഏതെങ്കിലും രീതിയിൽ പരാതിയുണ്ടോ, ഉണ്ടെങ്കിൽ പറയൂ, അതല്ലാതെ ചോദ്യങ്ങൾ ചോദിക്കരുത്' എന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ നിലപാട്. 'ഹൂ കെയേഴ്‌സ്' എന്നായിരുന്നു രാഹുലിന്റെ ആദ്യ പ്രതികരണം.
കഴിഞ്ഞ ദിവസം യു.ഡി.എഫ്. സ്ഥാനാർഥിക്കായി പ്രചാരണം നടത്തുന്നതിനിടെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക്, 'സ്ഥാനാർത്ഥികൾക്കും പാലക്കാട്ടുകാർക്കും ഇല്ലാത്ത പ്രശ്‌നം മാധ്യമങ്ങൾക്ക് വേണ്ട' എന്നായിരുന്നു രാഹുലിന്റെ മറുപടി. യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയതിന് പിന്നാലെയാണ് ഇപ്പോൾ എം.എൽ.എയുടെ ഭാഗത്ത് നിന്ന് പുതിയ പ്രതികരണം ഉണ്ടായിരിക്കുന്നത്.
Rahul Mankuttathil, MLA, posted on Facebook asserting his innocence and vowing a legal fight after a woman filed a complaint with the Chief Minister alleging coerced abortion and providing digital evidence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."